KeralaNEWS

എന്‍.പ്രശാന്ത് നിയമനടപടിക്ക്; തല്‍ക്കാലം അതിനില്ലെന്ന് ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: സസ്‌പെന്‍ഡ് ചെയ്തതിനെതിരെ കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായിരുന്ന എന്‍.പ്രശാന്ത് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കും. സര്‍ക്കാരിനെയോ സര്‍ക്കാരിന്റെ നയങ്ങളെയോ താന്‍ വിമര്‍ശിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍, വ്യവസായ ഡയറക്ടറായിരുന്ന ഗോപാലകൃഷ്ണന്‍ തല്‍ക്കാലം നിയമ നടപടിക്കില്ല.

സസ്‌പെന്‍ഷനിലാണെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്കു വരുമാനം മുടങ്ങില്ല. ഉപജീവന ബത്തയായി നിശ്ചിതതുക എല്ലാ മാസവും ലഭിക്കും. കഴിഞ്ഞ ദിവസം സസ്‌പെന്‍ഷനിലായ ഗോപാലകൃഷ്ണനും പ്രശാന്തിനും ഉപജീവനബത്ത അനുവദിച്ചു കൊണ്ടാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.

Signature-ad

2 ഐഎഎസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തപ്പോള്‍ നേരത്തേ സസ്‌പെന്‍ഷനിലായിരുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ തിരിച്ചെടുത്തു. കോവിഡ് കാലത്ത് ലോക്ഡൗണ്‍ ക്വാറന്റീന്‍ ലംഘനത്തിന് സസ്‌പെന്‍ഷനിലായ അനുപം മിശ്രയെ പിന്നീടു തിരിച്ചെടുത്തെങ്കിലും അദ്ദേഹം അനധികൃത അവധിയില്‍ തുടര്‍ന്നതിനാല്‍ കഴിഞ്ഞ സെപ്റ്റംബര്‍ 13ന് വീണ്ടും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മിശ്ര നല്‍കിയ അപേക്ഷയും സസ്‌പെന്‍ഷന്‍ പുനഃപരിശോധനാ കമ്മിറ്റിയുടെ ശുപാര്‍ശയും കണക്കിലെടുത്താണു തിരിച്ചെടുത്തത്. എവിടെ നിയമിക്കണമെന്നു തീരുമാനിച്ചിട്ടില്ല. കൊല്ലം സബ് കലക്ടറായിരിക്കെയാണ് 2020 മാര്‍ച്ചില്‍ ഉത്തര്‍പ്രദേശുകാരനായ അനുപം മിശ്ര മധുവിധു ആഘോഷിക്കാന്‍ സിംഗപ്പൂര്‍, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളിലേക്കു പോയത്. വിദേശത്തുനിന്നു വന്നതിനാല്‍ ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. എന്നാല്‍, ക്വാറന്റീന്‍ ലംഘിച്ച് ഔദ്യോഗിക വസതിയില്‍നിന്നു സ്വദേശമായ കാന്‍പുരിലേക്കു പോയി. തുടര്‍ന്ന് മിശ്രയ്ക്കെതിരെ കേസെടുക്കുകയും സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: