തിരുവനന്തപുരം: വിമാനത്താവളത്തിലെ രാജ്യാന്തര ടെര്‍മിനലില്‍ വച്ചു തെരുവുനായയുടെ കടിയേറ്റ് യാത്രക്കാരന്റെ യാത്ര മുടങ്ങി. ചൊവ്വാഴ്ച വൈകിട്ട് 6.10നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയിലേക്ക് പോകാനെത്തിയ പത്തനംതിട്ട മാരാമണ്‍ സ്വദേശി എബി ജേക്കബിനാണ് (56) ലഗേജ് ട്രോളി എടുക്കുന്നതിനിടയില്‍ കാല്‍മുട്ടിനു താഴെയായി നായയുടെ കടിയേറ്റത്. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് പ്രാഥമിക ചികിത്സ നല്കി.
രാജ്യാന്തര ടെര്‍മിനലിന്റെ വെയിറ്റിങ് ഏരിയയിലെ തെരുവുനായ ശല്യം സംബന്ധിച്ചു പരാതി ഏറെനാളായി ഉണ്ടെങ്കിലും നായകളെ നീക്കം ചെയ്യാന്‍ നടപടിയുണ്ടായിട്ടില്ല. നിയമപരമായ തടസ്സങ്ങളുള്ളതിനാല്‍ നഗരസഭ തെരുവുനായ്ക്കളെ വന്ധീകരിച്ചാലും അതേ സ്ഥലങ്ങളില്‍ തന്നെ തുറന്നു വിടുകയാണു ചെയ്യുന്നതെന്ന് ആക്ഷേപമുണ്ട്. കടിയേറ്റ യാത്രക്കാരനു ചികിത്സ ലഭ്യമാക്കിയെന്നും അടുത്ത ദിവസത്തെ യാത്രയ്ക്കു സൗകര്യം ചെയ്തിട്ടുണ്ടെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.