KeralaNEWS

ചായ വാങ്ങിക്കൊടുക്കാന്‍ വെച്ചയാളാണോ കോടികള്‍ക്ക് കാവലിരുന്നത്; കൊടകര വിവാദത്തില്‍ പരിഹാസവുമായി വി.മുരളീധരന്‍

തൃശ്ശൂര്‍: തിരഞ്ഞെടുപ്പ് കാലമെന്നത് എ.കെ.ജി സെന്ററില്‍നിന്ന് തിരക്കഥാകൃത്തുക്കള്‍ രംഗത്തിറങ്ങുന്ന സമയമാണെന്ന് മുന്‍കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി.മുരളധീരന്‍. കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിക്കെതിരെ ഉയരുന്ന ആരോപണം സംബന്ധിച്ചായിരുന്നു മുരളീധരന്റെ പരിഹാസം.

പി.പി.ദിവ്യയെ എന്തുകൊണ്ടാണ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാത്തത് എന്ന ചോദ്യത്തിന് ഗോവിന്ദന്‍ മാസ്റ്റര്‍ക്കും മുഖ്യമന്ത്രിക്കും മറുപടിയില്ല. പി.പി. ദിവ്യയെ 15 ദിവസം ആരാണ് ഒളിപ്പിച്ചുവെച്ചതെന്ന് മുരളീധരന്‍ ചോദിച്ചു. പത്തുവര്‍ഷം കഠിന തടവ് കിട്ടുന്ന കുറ്റം ചെയ്തിട്ടുള്ള ഒരു പ്രതിയെ ഒളിപ്പിച്ചയാള്‍ക്കെതിരെ കേസില്ല. ഈ ചോദ്യങ്ങളെല്ലാം ജനങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനുള്ള ഉത്തരങ്ങള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് പറയാന്‍ പറ്റാതെ വരുമ്പോള്‍ ചേലക്കരയിലടക്കം പരാജയപ്പെടുമോ എന്ന വിഭ്രാന്തിയിലാണവരെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

100 കോടി നല്‍കി രണ്ട് എം.എല്‍.എമാരെ വിലയ്ക്കുവാങ്ങാന്‍ വേണ്ടി എന്‍.സി.പി രംഗത്തെത്തി എന്നൊരു തിരക്കഥ രണ്ടുദിവസം മുന്‍പ് വന്നു. അജിത് പവാറിന്റെ പാര്‍ട്ടിക്ക് കേരളത്തില്‍ ആരെങ്കിലുമുണ്ടോ എന്നറിയില്ല. കേരളത്തില്‍ എന്‍.ഡി.എയ്ക്ക് ഒരു എം.എല്‍.എ പോലുമില്ല. ഇനി അഥവാ ഈ രണ്ടുപേര്‍ കൂറുമാറിയെന്നിരിക്കട്ടേ പിണറായി സര്‍ക്കാര്‍ താഴെ വീഴില്ല. എന്നിട്ടും 100 കോടി ചെലവാക്കാന്‍ അജിത് പവാര്‍ മുതിരുന്നു എന്നുവിശ്വസിക്കാന്‍ മാത്രം വിഡ്ഢികളാണ് കേരളത്തിലെ ജനങ്ങളെന്ന് ധരിക്കുന്ന ചില തിരക്കഥാകൃത്തുക്കള്‍ ഈ രണ്ട് തിരക്കഥകളും ചീറ്റിപ്പോയപ്പോള്‍ പുതിയ തിരക്കഥയാണ് ഞാന്‍ കോടികള്‍ക്ക് കാവല്‍ നിന്നു എന്ന് പുതിയൊരാളെക്കൊണ്ട് പറയിപ്പിക്കുന്നത്.

ബി.ജെ.പിയുടെ ഓഫീസ് സെക്രട്ടറി എന്നുപറഞ്ഞാല്‍ ചായ വാങ്ങിക്കൊടുക്കാന്‍ വെയ്ക്കുന്നയാളാണ്. അയാളാണോ കോടികള്‍ക്ക് കാവല്‍ നില്‍ക്കുന്നത്. ഈ തിരക്കഥ കേരളത്തിലെ ജനങ്ങളെ വിശ്വസിപ്പിക്കാന്‍ പര്യാപ്തമല്ല. മൂന്നുകൊല്ലം ഉറക്കമായിരുന്നോ കേരളാ പോലീസ് കേരളാ പോലീസ് കൊടുത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇ.ഡി അന്വേഷണം നടത്താത്തത് മൂന്നുകൊല്ലം കഴിഞ്ഞ് ഉറക്കമുണര്‍ന്നപ്പോഴാണോ അറിഞ്ഞത്

2021-ന് ശേഷം മൂന്നുകൊല്ലക്കാലം കേരളാ പോലീസ് ഉറക്കമായിരുന്നോ എന്നാണ് താന്‍ ചോദിക്കുന്നത്. ബി.ജെ.പിയുടെ ഓഫീസ് സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ മുന്‍ ഡ്രൈവറായിരുന്നോ എന്ന് അറിയില്ല. കൊടകര കുഴല്‍പ്പണക്കേസ് അന്വേഷിക്കണം. അതന്വേഷിക്കുന്നതില്‍നിന്ന് കേരളാ പോലീസിനെ ഒരിക്കലും ബി.ജെ.പി തടഞ്ഞിട്ടില്ല. ബി.ജെ.പിയുടെ ഒരുനേതാവും നെഞ്ചുവേദന അനുഭവിച്ചിട്ടില്ല. ഇ.ഡി. വിളിക്കുമ്പോള്‍ നെഞ്ചുവേദന അനുഭവിക്കുന്നവരെ എല്ലാവര്‍ക്കുമറിയാം. സത്യം തീര്‍ച്ചയായും പുറത്തുവരണം.

കൊടകര കുഴല്‍പ്പണക്കേസില്‍ ഇനിയും പറയാനുണ്ടെന്ന് തിരൂര്‍ സതീഷ്; വീടിന് പോലീസ് കാവല്‍

പാലക്കാട് സി.പി.എം മൂന്നാം സ്ഥാനത്തുവരും. ചേലക്കരയില്‍ നേരത്തേ എം.എല്‍.എ ആയിരുന്നയാള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമല്ലെന്ന് അവിടത്തെ സ്ഥാനാര്‍ത്ഥി മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നാണ് കേട്ടത്. കെ.രാധാകൃഷ്ണനെ അധികം കാണാനില്ലെന്നാണ് അവിടെയുള്ളവര്‍ തന്നോട് പറഞ്ഞത്. പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാരാണെന്നതിനെക്കുറിച്ചുള്ള തര്‍ക്കം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബി.ജെ.പി രണ്ടിടങ്ങളിലും മുന്നേറ്റം നടത്തുന്നു എന്നുവരുമ്പോള്‍ പുതിയ തിരക്കഥയുമായിട്ടിറങ്ങിവരുന്ന എ.കെ.ജി സെന്ററില്‍ കേന്ദ്രീകരിച്ചിരിക്കുന്ന തിരക്കഥാകൃത്തുക്കള്‍ ആരാണെന്ന് തിരുവനന്തപുരത്തുള്ള സിനിമാ സംവിധായകര്‍ അന്വേഷിക്കണമെന്നും വി.മുരളീധരന്‍ പരിഹസിച്ചു.

 

Back to top button
error: