KeralaNEWS

കൊടകര കുഴല്‍പ്പണക്കേസില്‍ ഇനിയും പറയാനുണ്ടെന്ന് തിരൂര്‍ സതീഷ്; വീടിന് പോലീസ് കാവല്‍

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും വിവാദമായതോടെ പുനരന്വേഷണത്തിന് പോലീസ്. ഇരിങ്ങാലക്കുട കോടതിയില്‍ രണ്ടുഘട്ടങ്ങളിലായി കുറ്റപത്രം നല്‍കിയ പ്രത്യേക അന്വേഷണസംഘമാണ് പുനരന്വേഷണം ആരംഭിച്ചത്. ബി.ജെ.പി. ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷ്, പ്രത്യേക അന്വേഷണസംഘ തലവനായിരുന്ന ഡിവൈ.എസ്.പി. വി.കെ. രാജു എന്നിവരില്‍നിന്ന് മൊഴിയെടുത്തു. ഭീഷണിയെത്തുടര്‍ന്ന് പോലീസ് സതീഷിന്റെ വീടിന് കാവല്‍ ഏര്‍പ്പെടുത്തി.

വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തനിക്ക് ഭീഷണിയുണ്ടെന്ന് സതീഷന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പോലീസ് വീടിന് കാവല്‍ ഏര്‍പ്പെടുത്തിയത്. മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ പുതിയ അന്വേഷണ സംഘത്തോട് ആവര്‍ത്തിക്കുമെന്നും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താനുണ്ടെന്നും സതീഷ് പറഞ്ഞു. ബി.ജെ.പി. നേതാക്കളുടെ സമ്മര്‍ദം കാരണം വ്യാജമൊഴിയാണ് മുന്‍പ് നല്‍കിയിരുന്നതെന്നും ആറു ചാക്കുകളിലാക്കി മൂന്നരക്കോടിരൂപ ഓഫീസില്‍ എത്തിച്ചെന്നുമാണ് പുതിയ മൊഴി.

Signature-ad

ഇന്നലെ വൈകിട്ടാണ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ സതീഷിനെ നേരില്‍കണ്ട് വിവരങ്ങള്‍ തേടിയത്. ചാക്കുകളില്‍ പാര്‍ട്ടിയുടെ കൊടിതോരണങ്ങളാണെന്നാണ് സതീഷ് മുമ്പ് മൊഴി നല്‍കിയത്. ഈ മൊഴി കോടതിയില്‍ തിരുത്തി സത്യം പറയാന്‍ ഇരിക്കുകയായിരുന്നു എന്നും വെള്ളിയാഴ്ച വൈകീട്ട് സതീഷ് അന്വേഷണസംഘത്തിന് മുന്നില്‍ വെളിപ്പെടുത്തി. ഇതുള്‍പ്പെടുത്തി പുതിയ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് തിങ്കളാഴ്ച കോടതിയുടെ അനുമതി തേടും.

കൊടകരയില്‍ പിടികൂടിയ മൂന്നരക്കോടിയുടെ കുഴല്‍പ്പണം ബി.ജെ.പി. ഓഫീസില്‍ എത്തിച്ചാണ് കടത്തിയതെന്ന് തിരൂര്‍ സതീഷ് കഴിഞ്ഞദിവസമാണ് വെളിപ്പെടുത്തിയത്. വെളിപ്പെടുത്തല്‍ ബി.ജെ.പി. നേതൃത്വം നിഷേധിച്ചിട്ടുണ്ടെങ്കിലും അത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. 2021-ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് വാഹനം തട്ടിക്കൊണ്ടുപോയി മൂന്നരക്കോടിയുടെ കുഴല്‍പ്പണം കൊടകരയില്‍ കവര്‍ച്ചചെയ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: