മോസ്‌കോ: യുക്രൈനുമായുള്ള യുദ്ധം അനന്തമായി നീളുന്നതിനിടെ ആണവമിസൈലുകള്‍ പരീക്ഷിച്ച് റഷ്യ. ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ പരീക്ഷിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു ആണവമിസൈലുകളുടെ പരീക്ഷണം. നിരവധി തവണ പരീക്ഷണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആണവായുധ നിയന്ത്രണ നിയമങ്ങളുമായി ബന്ധപ്പെട്ടവയില്‍ മാറ്റം വരുത്തേണ്ടതുണ്ട് എന്ന് പുതിന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ റഷ്യ ആണവായുധ പരീക്ഷണം നടത്തി എന്ന കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. യുക്രൈനുമായുള്ള യുദ്ധത്തിനിടെ ആണവായുധം പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട സൂചനകള്‍ പുതിന്‍ നേരത്തെ തന്നെ നല്‍കിയിരുന്നതായി എ.എഫ്.പി. അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
‘ഏറ്റവും പ്രതിസന്ധിനിറഞ്ഞഘട്ടം’ എന്നാണ് മോസ്‌കോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആണവായുധ പരീക്ഷണവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. യുദ്ധത്തില്‍ നാറ്റോ സഖ്യം ദീര്‍ഘദൂര ക്രൂസ് മിസൈലുകള്‍ ഉപയോഗിക്കാന്‍ യുക്രൈനൊപ്പം ഒരുങ്ങുന്നുവെന്ന വിവരങ്ങള്‍ക്ക് പിന്നാലെയാണ് റഷ്യ ആണവായുധവുമായി രംഗത്തെത്തിയിരിക്കുന്നതെന്നാണ് വിവരം.
ആണവായുധം ഉപയോഗിക്കുക എന്നത് അസാധാരണമായ ഒന്നാണ്, എന്നിരുന്നാലും അവ തയ്യാറാക്കി വെക്കേണ്ടതുണ്ടെന്ന് പുതിന്‍ പറഞ്ഞു. തങ്ങള്‍ പുതിയൊരു ആയുധ മത്സരത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ പുതിന്‍, എന്തിനും തയ്യാറായി നില്‍ക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.