MovieNEWS

മുടക്കുമുതല്‍ 45 കോടി, നേടിയത് 66,000 രൂപ! ആദ്യദിനം വിറ്റുപോയത് 293 ടിക്കറ്റ്; ഇങ്ങനെയുമൊരു ‘ദുരന്തചിത്രം’

മുംബൈ: അജയ് ബാലിന്റെ സംവിധാനത്തില്‍ 2023ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ത്രില്ലര്‍ ചിത്രമാണ് ‘ദി ലേഡി കില്ലര്‍’. അര്‍ജുന്‍ കപൂറും ഭൂമി പെട്നേക്കറുമാണു ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്നത്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ബോക്സ് ഓഫീസ് ദുരന്തങ്ങളിലൊന്നായിരുന്നു ഈ അജയ് ബാല്‍ ചിത്രം. 45 കോടി രൂപ മുടക്കുമുതലുള്ള ‘ദി ലേഡി കില്ലര്‍’ തിയറ്ററില്‍നിന്ന് നേടിയത് വെറും 60,000 രൂപയാണെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആ പരാജയത്തിന്റെ ആഴം വ്യക്തമാകും.

99.99 ശതമാനം നഷ്ടമാണ് സിനിമയ്ക്കുണ്ടായതെന്നാണു വിലയിരുത്തല്‍. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളുടെ മുന്‍നിരയില്‍ തന്നെ വരും ‘ദി ലേഡി കില്ലര്‍’. 2023 നവംബര്‍ മൂന്നിനാണു ചിത്രം തിയറ്ററില്‍ റിലീസ് ചെയ്തത്. തിയറ്ററില്‍ മാത്രമല്ല, അതിനു മുന്‍പും ഒരുപാട് ദുരന്തങ്ങള്‍ പിന്നിട്ടാണു ചിത്രം പ്രേക്ഷകരിലെത്തിയത്. 2022ല്‍ ആരംഭിച്ച ഷൂട്ടിങ് പലതവണ മുടങ്ങി. പല സീനുകളും മാറ്റി ഷൂട്ട് ചെയ്യേണ്ടിയും വന്നു. എല്ലാം പൂര്‍ത്തിയാക്കി തിയറ്ററിലെത്തുമ്പോഴേക്കും ചെലവ് 45 കോടി കടന്നിരുന്നു.

Signature-ad

എന്നാല്‍, റിലീസിന്റെ ആദ്യദിനം തന്നെ ‘ദി ലേഡി കില്ലറി’ന്റെ ദുര്‍വിധിയും നിശ്ചയിക്കപ്പെട്ടിരുന്നു. റിലീസ് ദിനത്തില്‍ ഇന്ത്യയിലൊന്നാകെയുള്ള തിയറ്ററുകളിലായി ആകെ വിറ്റുപോയത് വെറും 293 ടിക്കറ്റ്! ഇതില്‍നിന്നു ലഭിച്ചത് 38,000 രൂപയും. വെറും 50 സ്‌ക്രീനുകളിലായിരുന്നു പ്രദര്‍ശനം ആരംഭിച്ചത്.

‘ലേഡി കില്ലറി’ന്റെ പരാജയത്തിനു പ്രേക്ഷകരില്‍ പഴിചാരി രക്ഷപ്പെടാനും പറ്റില്ല. ഒരു തട്ടിക്കൂട്ട് ചിത്രമായിരുന്നു തിയറ്ററിലെത്തിയത്. ക്ലൈമാക്സ് പോലും പൂര്‍ണമായി ഷൂട്ട് ചെയ്തിരുന്നില്ലത്രെ! ഇക്കാര്യം സംവിധായകന്‍ അജയ് ബാല്‍ തന്നെ ഒരു അഭിമുഖത്തില്‍ സമ്മതിച്ചതാണ്. ഇക്കാര്യം അദ്ദേഹം പിന്നീട് നിഷേധിച്ചെങ്കിലും സത്യം അങ്ങനെ തന്നെ കിടക്കുന്നു.

നേരത്തെ നെറ്റ്ഫ്ളിക്സുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കരാറിലെത്തുകയും ഡിസംബറില്‍ ഒടിടി റിലീസിനു ധാരണയാകുകയും ചെയ്തിരുന്നുവെന്നാണു ബോളിവുഡ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുകൊണ്ടായിരുന്നുവത്രെ ചിത്രീകരണം പോലും കൃത്യമായി പൂര്‍ത്തീകരിക്കാതെ തിടുക്കപ്പെട്ട് നവംബറില്‍ തന്നെ തിയറ്ററില്‍ റിലീസ് ചെയ്തത്. പേരിനൊരു തിയറ്റര്‍ റിലീസ് നടത്തി ഒടിടി പിടിക്കാമെന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ ധാരണ.

ഒരു പ്രമോഷനുമില്ലാതെയായിരുന്നു ചിത്രം തിയറ്ററില്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ സ്വഭാവം നേരത്തെ അറിഞ്ഞുതന്നെയാകണം പ്രധാന റോള്‍ നിര്‍വഹിച്ച അര്‍ജുന്‍ കപൂറും ഭൂമിയും ഒരിടത്തും ചിത്രത്തെ കുറിച്ച് ഒരക്ഷരം മിണ്ടിയിരുന്നില്ല. എന്നാല്‍, ഒടിടി സ്വപ്നം കണ്ട് തിയറ്ററില്‍ തട്ടിക്കൂട്ടിയത് ശരിക്കും തിരിച്ചടിയായി. നിര്‍മാതാക്കള്‍ക്കു കൂടുതല്‍ തിയറ്റര്‍ റിലീസിനു പിന്നാലെ നെറ്റ്ഫ്ളിക്സ് കരാറില്‍നിന്നു പിന്മാറുകയും ചെയ്തു. അവിടെയും തീര്‍ന്നില്ല. സിനിമയ്ക്കു ലഭിച്ച മോശം അഭിപ്രായം കൊണ്ടാകാം, പലവാതിലുകള്‍ മുട്ടിനോക്കിയെങ്കിലും ഒരൊറ്റ ഒടിടി പ്ലാറ്റ്ഫോമും ‘ദി ലേഡി കില്ലര്‍’ ഏറ്റെടുക്കാന്‍ തയാറായതുമില്ല. ഒടുവില്‍, യൂട്യൂബില്‍ ‘ടി സീരീസ്’ അക്കൗണ്ടില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിന് റിലീസ് ചെയ്തിരിക്കുകയാണു ചിത്രം. എന്നാല്‍, യൂട്യൂബില്‍ രണ്ടു മാസം കൊണ്ട് 25 ലക്ഷം പേര്‍ ചിത്രം കണ്ടുകഴിഞ്ഞിട്ടുണ്ട്.

രാജേന്ദര്‍ ജോഷി എന്ന നൈനിത്താളിലെ ഒരു ഫാര്‍മസി ഉടമയുടെ ജീവിതം പ്രമേയമായാണ് ‘ദി ലേഡി കില്ലര്‍’ തയാറാക്കിയത്. ജോഷിയുടെ ജീവിതക്കുരുക്കുകളും പരസ്ത്രീ ബന്ധങ്ങളും ഒടുവില്‍ ഒരു ദുരൂഹവനിതയുമായുണ്ടായ ബന്ധവുമെല്ലാമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അര്‍ജുന്‍ കപൂര്‍ ആണ് രാജേന്ദര്‍ ജോഷിയായി എത്തുന്നത്. ഭൂമി പെട്നേക്കര്‍ ദുരൂഹവനിതയുടെ റോളിലുമെത്തുന്നു. ടി സീരീസ് ബാനറില്‍ ഭൂഷന്‍ കുമാര്‍, ശൈലേഷ് ആര്‍ സിങ് തുടങ്ങിയവരാണു നിര്‍മാതാക്കള്‍.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: