മലപ്പുറം: പലകള്ളന്മാരെയും നാം കണ്ടിട്ടുണ്ട്. പിടിക്കപ്പെടുമെന്നായപ്പോള്‍ സിനിമാ താരങ്ങളെ വെല്ലുന്ന അഭിനയ പാടവം പുറത്തെടുത്ത് രക്ഷപ്പെട്ട കള്ളനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. മോഷണത്തിനായി വീട്ടില്‍ കയറിയ കള്ളന്‍, നാട്ടുകാര്‍ എത്തിയപ്പോള്‍ ഗൃഹനാഥനെ സഹായിക്കുന്നുവെന്നമട്ടില്‍ അഭിനയിച്ച് കടന്നു കളയുകയായിരുന്നു.
പന്തല്ലൂര്‍ കൊളപ്പള്ളിയിലെ പാടശാല ഭാഗത്ത് സ്വാമി മുത്തു (86), ഭാര്യ ലക്ഷ്മി എന്നിവര്‍ താമസിക്കുന്ന വീട്ടിലാണ് രാത്രി കള്ളന്‍ കയറിയത്. മുന്‍ വശത്തെ വാതില്‍ പൊളിച്ച് അകത്ത് കയറി മോഷണം നടത്തുന്നത് കണ്ട് സ്വാമി മുത്തു ബഹളം വച്ചതോടെയാണ് സമീപത്തുള്ള നാട്ടുകാര്‍ വീട്ടിലെത്തിയത്. അതോടെ കള്ളന്റെ മട്ടുമാറി. നിലത്തു വീണ് കിടക്കുന്ന വയോധികനെ രക്ഷപ്പെടുത്തുന്നതായി അഭിനയിച്ച് ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.
ബഹളം വച്ച വയോധികനെ കള്ളന്‍ തന്നെയാണ് കട്ടിലില്‍നിന്നു വലിച്ച് നിലത്തിട്ടത്. നാട്ടുകാരെത്തിയതോടെ നിലത്തുവീണ വയോധികനെ മടിയിലെടുത്ത് ശുശ്രൂഷിക്കുന്നതായി അഭിനയിച്ചു. കഴുത്തിനും ദേഹത്തും പരിക്കേറ്റ സ്വാമി മുത്തു പന്തല്ലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ഒട്ടേറെ മോഷണ കേസുകളില്‍ പ്രതിയായ ചന്ദ്രന്‍ (55) ആണ് വീട്ടില്‍ കയറിയതെന്ന് പൊലീസ് കണ്ടെത്തി. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.