LIFELife Style

”എനിക്ക് 50,000 രൂപ വരെ വരുമാനമുണ്ട്, അച്ഛന്‍ എന്‍ജിനീയറായിരുന്നു, അമ്മ അന്നത്തെ പോസ്റ്റ് ഗ്രാജുവേറ്റാണ്”

സിനിമ റിവ്യൂകളിലൂടെയും, ചില വിവാദങ്ങളിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ് ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി. ഒരു സമയത്ത് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന പേരാണിത്. എന്നാല്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് തനിക്ക് ഇത്തരത്തില്‍ ഒരു കോമാളിയുടെ ഇമേജ് ഉണ്ടാക്കിത്തന്നതെന്നും, താന്‍ വിദ്യാസമ്പന്നമായ ഒരു കുടുംബത്തില്‍ നിന്നുമാണ് വരുന്നതെന്നും സന്തോഷ് വര്‍ക്കി പറയുന്നു. മൈഫിന്‍ ടിവിയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

ഭൂരിഭാഗം ആളുകളുടെ ഇടയിലും തനിക്കൊരു കോമാളി ഇമേജ് ആണുള്ളതെന്ന് സന്തോഷ് വര്‍ക്കി പറഞ്ഞു. ചില മാധ്യമങ്ങള്‍ അവരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി എന്നെ അങ്ങനെ ചിത്രീകരിച്ചതാണ്. എന്റെ ബാക്ക്ഗ്രൗണ്ട് എന്താണെന്ന് പോലും പലര്‍ക്കും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Signature-ad

”ഞാന്‍ ഒരു എന്‍ജിനീയറാണ്. എന്‍ജിനീയറിങ് പഠനത്തിന് ശേഷം ഞാന്‍ ഫിലോസഫിയിലേക്ക് തിരിഞ്ഞു. അതിനോടായിരിന്നു എനിക്ക് കൂടുതല്‍ താല്പര്യം. ചെറുപ്പത്തില്‍ എനിക്ക് കണക്ക് നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്നു. രണ്ടു മണിക്കൂര്‍ പരീക്ഷയൊക്കെ ഞാന്‍ അര മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കാറുണ്ട്. വീട്ടുകാരുടെ സമ്മര്‍ദ്ദം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഐഐടിയിലേക്ക് പോവേണ്ട ഒരാളായിരുന്നു.

എനിക്ക് നെറ്റ്, ജെ.ആര്‍.എഫ്, ഗേറ്റ് എന്നിവയെല്ലാം ലഭിച്ചിരുന്നു. ജെ.ആര്‍.എഫ് ഉള്ളത് കൊണ്ട് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നുണ്ട്. അസ്സിസ്റ്റന്റ് പ്രൊഫസര്‍ ആകാനുള്ള യോഗ്യതയാണ് നെറ്റ്. ഗേറ്റ് എക്‌സാം പാസ് ആയി എനിക്ക് ഐഐടി ബോംബയില്‍ അഡ്മിഷന്‍ ലഭിച്ചതാണ്. പക്ഷെ അച്ഛന്‍ ചില ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മരണപ്പെട്ടതോടെ, അമ്മയെ നോക്കാനായി ഞാന്‍ എറണാകുളത്ത് തന്നെ നില്‍ക്കാന്‍ തീരുമാനിച്ചു.

അതിനിടയ്ക്കാണ് ഞാന്‍ വൈറലാകുന്നത്. അതൊരിക്കലും പ്ലാന്‍ ചെയ്ത ഒരു കാര്യമല്ല. എന്റെ കുടുംബത്തെ കുറിച്ച് പറയുകയാണെങ്കില്‍, വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുന്ന കുടുംബമാണ്. അച്ഛന്‍ ഒരു എന്‍ജിനീയറായിരുന്നു. അമ്മ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്റെ സഹോദരിമാരില്‍ ഒരാള്‍ അമേരിക്കയില്‍ ഡോക്ടറും, മറ്റൊരാള്‍ ബാംഗ്ലൂര്‍ മൈക്രോസോഫ്റ്റിലും ജോലി ചെയുന്നു.

ഞാന്‍ പത്ത് ബുക്കുകള്‍ എഴുതിയിട്ടുണ്ട്. അതില്‍ രണ്ടെണ്ണം ആമസോണില്‍ പബ്ലിഷും ചെയ്തിട്ടുണ്ട്. അമ്മയ്ക്ക് വേണ്ടിയാണ് ഞാന്‍ ഇവിടെ തന്നെ നിന്നത്. എന്നെ മനസ്സിലാക്കിയവര്‍ കുറവാണ്. ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങള്‍ അവരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി എന്നില്‍ പലതും കെട്ടിച്ചമച്ചു. ഫിലോസഫിയെ കുറിച്ചെല്ലാം സംസാരിക്കുന്ന, എന്റെ ഒരുപിടി നല്ല അഭിമുഖങ്ങളുണ്ട്. അതൊന്നും പലരും കണ്ടിട്ടില്ല.

സാമ്പത്തികമായി ഞാന്‍ സ്റ്റേബിള്‍ ആണ്. സ്‌കോളര്‍ഷിപ്പ് തന്നെ 50,000 രൂപയ്ക്ക് അടുത്ത് ലഭിക്കുന്നുണ്ട്. അതിന് പുറമെ, സമൂഹ മാധ്യമങ്ങളില്‍ നിന്നും വരുമാനം കിട്ടുന്നുണ്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോള്‍, അവരുടെ നിലനില്പിനായി എനിക്ക് വേറെ രീതിയിലുള്ള ഇമേജ് ഉണ്ടാക്കിയെടുത്തതാണ്. എനിക്ക് ഒരുപാട് സിനിമ ഓഫറുകള്‍ വരുന്നുണ്ട്. ഞാന്‍ പോകാത്തതിനുള്ള പ്രധാന കാരണം, എനിക്കൊരു ഗ്ലാമര്‍ സെലിബ്രിറ്റി ആവാന്‍ താല്പര്യമില്ല. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഒക്കെ പോലെ ആവാനാണ് ആഗ്രഹം.

എനിക്ക് ഫേസ്ബുക്, യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം പേജുകളുണ്ട്. ഇവിടെയെല്ലാം കനത്ത സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. ഞാന്‍ എത്ര നല്ല കാര്യങ്ങള്‍ എഴുതിയാലും എനിക്ക് മോശം കമന്റുകളാണ് വരുന്നത്. ഇത് മനഃപൂര്‍വം പൈസ കൊടുത്ത് ചെയ്യിപ്പിക്കുന്നതാണെന്നാണ് എനിക്ക് തോന്നുന്നത്. ” – സന്തോഷ് വര്‍ക്കി പറഞ്ഞു.

മോഹന്‍ലാല്‍ നായകനായ ‘ആറാട്ട്’ എന്ന ചിത്രത്തിന് റിവ്യൂ പറഞ്ഞുകൊണ്ടാണ് സന്തോഷ് വര്‍ക്കി വൈറലാകുന്നത്. പിന്നീട് വല വിവാദങ്ങളിലും അദ്ദേഹത്തിന്റെ പേരുള്‍പ്പെട്ടു. ഇതിനു പുറമെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ഇദ്ദേഹത്തിനെതിരെ പീഡന പരാതിയും ഉയര്‍ന്നിരുന്നു.

Back to top button
error: