തൃശൂര്‍: കുന്നംകുളത്ത് മൊബൈല്‍ കടയിലെ ജീവനക്കാര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പോര്‍ക്കുളം സ്വദേശികളായ ബ്രില്ലോ, സിജോ, കല്ലഴി സ്വദേശി ഷാരൂഖ് എന്നവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. പതിനഞ്ചോളം പേരടങ്ങുന്ന ഗുണ്ടാ സംഘം കടയിലെത്തി ജീവനക്കാരെ മര്‍ദിക്കുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മൊബൈല്‍ കടയിലെ ജീവനക്കാരനായ യുവാവും ഗുണ്ടകളിലൊരാളും തമ്മില്‍ കുറച്ചുനാളുകള്‍ക്ക് മുമ്പ് ബാറില്‍ വച്ച് തര്‍ക്കമുണ്ടായിരുന്നു. അന്ന് ഗുണ്ട യുവാവിന് നേരെ കത്തിവീശുകയും ചെയ്തിരുന്നു. ഇതോടെ ബാര്‍ ജീവനക്കാര്‍ ഇടപെട്ട് അയാളെ പൊലീസില്‍ ഏല്‍പ്പിച്ചു.
ഇതേ വ്യക്തി ഇന്നലെ രാവിലെ മൊബൈല്‍ ഫോണ്‍ വാങ്ങാനായി അമ്മയ്ക്കൊപ്പം കടയിലെത്തിയിരുന്നു. ഈ സമയം തന്നെ ഓര്‍മയുണ്ടോ എന്ന് ചോദിച്ച ജീവനക്കാരന് ബാറിലെ സംഭവങ്ങള്‍ ഓര്‍മിപ്പിച്ചു. ഇതോടെ ഇയാള്‍ അമ്മയ്ക്കൊപ്പം മടങ്ങിപ്പോയി. തുടര്‍ന്ന് രാത്രി പതിനഞ്ചംഗ സംഘത്തിനൊപ്പമെത്തുകയായിരുന്നു. അമ്മയുടെ മുന്നില്‍വച്ച് നാണം കെടുത്തി എന്ന് പറഞ്ഞുകൊണ്ടാണ് യുവാവിനെയും സഹപ്രവര്‍ത്തകരെയും ആക്രമിച്ചത്.