KeralaNEWS

കോഴ ആയുധമാക്കാന്‍ ശശീന്ദ്രന്‍ വിഭാഗം; തോമസ് കെ. തോമസിനെതിരെ പരാതി നല്‍കും, എന്‍.സി.പി വീണ്ടും കലങ്ങും

തിരുവനന്തപുരം: കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസിനെതിരെ കേന്ദ്ര നേതൃത്വത്തെ സമീപിക്കാന്‍ ഒരുങ്ങി എ.കെ ശശീന്ദ്രന്‍ വിഭാഗം. ഇടത് എംഎല്‍എമാരെ ബിജെപി പാളയത്തില്‍ എത്തിക്കാന്‍ തോമസ് കെ. തോമസ് നീക്കം നടത്തി എന്ന പരാതി ആയിരിക്കും ശശീന്ദ്രന്‍ വിഭാഗം ഉന്നയിക്കുക. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന് രേഖാമൂലം പരാതി നല്‍കാനാണ് ശശീന്ദ്രന്‍ വിഭാഗത്തിന്റെ ആലോചന.

ഇതില്‍ ശരത് പവാറിന്റെ നിലപാട് നിര്‍ണായകമാകും. പരാതിയെ അവഗണിച്ച് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം വീണ്ടും എന്‍സിപി ദേശീയ നേതൃത്വം മുന്നോട്ടുവച്ചാല്‍ മുഖ്യമന്ത്രി അതിനെ അവഗണിക്കുമോ എന്നതും എന്‍സിപി നേതൃത്വത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തോമസ് കെ.തോമസ് മന്ത്രി ആകാന്‍ സാധ്യതയില്ല എന്നാണ് സിപിഎം കേന്ദ്രങ്ങള്‍ പറയുന്നത്.

Signature-ad

തോമസ് കെ. തോമസ് എല്‍ഡിഎഫിന്റെ രണ്ട് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നായിരുന്നു മുഖ്യമന്ത്രി ഉന്നയിച്ച ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും 50 കോടി രൂപ വീതമാണ് വാഗ്ദാനം ചെയ്തതെന്നും ആരോപണത്തിലുണ്ടായിരുന്നു. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് തോമസ് കെ. തോമസ് പ്രതികരിച്ചിരുന്നു. മന്ത്രിയാകും എന്ന് കണ്ടതോടെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നു വന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആരോപണങ്ങള്‍ക്കു പിന്നില്‍ ആന്റണി രാജുവാണെന്നും തോമസ് ആരോപിച്ചിരുന്നു.

അതേസമയം, ആരോപണം കോവൂര്‍ കുഞ്ഞുമോന്‍ നിഷേധിച്ചു. എന്നാല്‍ തോമസ് കെ. തോമസ് അപക്വമായ പ്രസ്താവന നടത്തുകയാണെന്നും അതെല്ലാം പരസ്പര വിരുദ്ധമായ കാര്യങ്ങളാണെന്നുമായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം.

Back to top button
error: