LIFEReligion

ആയില്യം മഹോത്സവത്തിന് ഒരുങ്ങി മണ്ണാറശാല; ആയില്യം എഴുന്നള്ളത്ത്, ദര്‍ശനം…

ആലപ്പുഴ: മണ്ണാറശാല ശ്രീ നാഗരാജാ ക്ഷേത്രത്തിലെ ആയില്യ മഹോത്സവത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസമായി നടക്കുന്ന ഉത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങ് നടക്കുന്നത് ആയില്യം നാളിലാണ്. തുലാം മാസത്തിലെ ആയില്യം നാളായ ശനിയാഴ്ച പുലര്‍ച്ചെ നാലിന് നട തുറക്കും. ആറിന് കുടുംബ കാരണവര്‍ ആയില്യം നാളിലെ പൂജകള്‍ ആരംഭിക്കും. അനന്ത – വാസുകീ ചൈതന്യങ്ങള്‍ ഏകീഭാവത്തില്‍ കുടികൊള്ളുന്ന ഇന്ത്യയിലെ തന്നെ അതിപുരാതനമായ നാഗരാജാ ക്ഷേത്രമാണിത്.

ഭഗവാന്‍ വാസുകീ ഭാവത്തിലുള്ള തിരുവാഭരണമാണ് ആയില്യം നാളില്‍ ചാര്‍ത്തുന്നത്. രാവിലെ 9 മുതല്‍ ഇല്ലത്ത് നിലവറയ്ക്ക് സമീപം വലിയമ്മ ഭക്തര്‍ക്ക് ദര്‍ശനം നല്‍കും. 10ന് കുടുംബ കാരണവരുടെ നേതൃത്വത്തില്‍ നിലവറയോട് ചേര്‍ന്നുള്ള തളത്തില്‍ ശംഖ്, കുരവ എന്നിവയുടെ അകമ്പടിയോടെ ആയില്യം പൂജയ്ക്കായുള്ള നാഗപത്മക്കളം വരയ്ക്കും. കളം പൂര്‍ത്തിയാകുമ്പോള്‍ വലിയമ്മ സാവിത്രി അന്തര്‍ജനം ക്ഷേത്രത്തിലെത്തും. ഇളയമ്മ, കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന കാരണവന്മാര്‍ എന്നിവര്‍ വലിയമ്മയെ അനുഗമിക്കും. വലിയമ്മ ശ്രീകോവിലില്‍ പ്രവേശിച്ച് ശ്രീകോവിലില്‍ നിന്നും കുത്തുവിളക്കിലേക്ക് ദീപം പകരുന്നതോടെ ആയില്യം എഴുന്നള്ളത്തിന് മുന്നോടിയായി ശംഖ്, തിമിലപ്പാണി, വായ്ക്കുരവ എന്നിവ മുഴങ്ങും.

Signature-ad

12ന് വലിയമ്മ നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും ഇളയമ്മ സര്‍പ്പ യക്ഷിയമ്മയുടെയും കാരണവന്മാര്‍ നാഗചാമുണ്ഡിയമ്മ, നാഗയക്ഷിയമ്മ എന്നിവരുടെ വിഗ്രഹങ്ങളുമായി ക്ഷേത്രത്തിന് വലം വച്ച് ഇല്ലത്തക്ക് എത്തും. പ്രസിദ്ധമായ ആയില്യം എഴുന്നള്ളത്തിന് രാജചിഹ്നങ്ങളായ ഛത്ര-ചാമര- ധ്വജങ്ങള്‍, പഞ്ചവാദ്യം, നാഗസ്വരം, തകില്‍, ചെണ്ട, തിമില തുടങ്ങിയ വാദ്യങ്ങള്‍ അകമ്പടി സേവിക്കും. എഴുന്നള്ളത്ത് ഇല്ലത്ത് എത്തിയതിന് ശേഷം വലിയമ്മയുടെ കാര്‍മികത്വത്തിലുള്ള ആയില്യം പൂജ നടക്കും. തുടര്‍ന്ന് നൂറും പാലും, ഗുരുതി, തട്ടിന്മേല്‍ നൂറും പാലും എന്നിവ നടക്കും. പൂയം, ആയില്യം നാളുകളില്‍ രാവിലെ പത്തുമുതല്‍ ക്ഷേത്രത്തോട് ചേര്‍ന്നുള്ള സ്‌കൂള്‍ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പ്രസാദമൂട്ടും നടക്കും.

ആയില്യത്തിനു മുന്നോടിയായി ബുധനാഴ്ച മണ്ണാറശാല നാഗരാജക്ഷേത്രത്തില്‍ രുദ്രഏകാദശിനീ കലശാഭിഷേകം നടന്നു. 11 വേദപണ്ഡിതര്‍ 11 തവണ വേദമന്ത്രങ്ങള്‍ ജപിച്ചാണ് 11 കലശങ്ങള്‍ അഭിഷേകം ചെയ്തത്. അത്യപൂര്‍വമായ ചടങ്ങാണിത്.

 

Back to top button
error: