CrimeNEWS

ശ്രുതിയുടെ മരണത്തില്‍ അന്വേഷണം; അമ്മായിയമ്മ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കന്യാകുമാരി: കോയമ്പത്തൂരില്‍ താമസിക്കുന്ന കൊല്ലം പിറവന്തൂര്‍ സ്വദേശിയായ അധ്യാപിക ശ്രുതി (24) ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ശ്രുതിയുടെ ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ഇവരെ കന്യാകുമാരി ആശാരിപള്ളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഭര്‍തൃമാതാവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ ജീവനൊടുക്കുവെന്ന് ശ്രുതി കോയമ്പത്തൂരിലുള്ള മാതാപിതാക്കളെ അറിയിച്ചിരുന്നു.

ശുചീന്ദ്രത്ത് വൈദ്യുതി വകുപ്പില്‍ ജോലി ചെയ്യുന്ന കാര്‍ത്തിക്ക് ആറുമാസം മുന്‍പാണ് ശ്രുതിയെ വിവാഹം കഴിച്ചത്. മകളുടെ മരണവിവരം അറിഞ്ഞ് ശുചീന്ദ്രത്ത് എത്തിയ ശ്രുതിയുടെ പിതാവ് ബാബു ശുചീന്ദ്രം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശുചീന്ദ്രം പൊലീസും ആര്‍ഡിഒ കാളീശ്വരിയും വീട്ടിലെത്തി കാര്‍ത്തിക്കിന്റെയും അമ്മയുടെയും മൊഴി എടുത്തു. ഇതിനു പിന്നാലെയാണ് ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്.

Signature-ad

കാര്‍ത്തിക്കിന്റെ മാതാവ് വല്ലാതെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് ശ്രുതിയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നത്. കാര്‍ത്തിക്കിന്റെ പിതാവ് നേരത്തേ മരിച്ചു പോയിരുന്നു. ഭര്‍ത്താവിനൊപ്പം ആഹാരം കഴിക്കാനോ വീടിനു പുറത്തു പോകാനോ അനുവദിക്കുന്നില്ലെന്നും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ശ്രുതിയുടെ ശബ്ദസന്ദേശത്തില്‍ പറഞ്ഞിരുന്നു.

ശ്രുതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി കോയമ്പത്തൂരിലേക്കു കൊണ്ടുപോയി. കോയമ്പത്തൂര്‍ പെരിയനായ്ക്കന്‍പാളയത്ത് തമിഴ്നാട് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനാണ് ശ്രുതിയുടെ പിതാവ് ബാബു.

 

Back to top button
error: