തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികള്‍ വോട്ട് ചോര്‍ച്ച ഭയക്കുമ്പോള്‍ ബി.ജെ.പിയില്‍ പടലപ്പിണക്കങ്ങള്‍ രൂക്ഷമാവുന്നു. പോരാട്ടം മുറുകുന്ന പാലക്കാട്ടെ സ്ഥാനാര്‍ത്ഥികളെ ചൊല്ലി മുഖ്യധാരാ പാര്‍ട്ടികളില്‍ കലാപവും ഉടലെടുത്തിട്ടുണ്ട്.
കോണ്‍ഗ്രസില്‍ സീറ്റ് നിഷേധിക്കപ്പെട്ട പി. സരിന്‍ ഉയര്‍ത്തിയ കലാപക്കൊടി മുതലെടുത്ത എല്‍.ഡി.എഫ് അദ്ദേഹത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കിയാണ് മണ്ഡലം തിരികെ പിടിക്കാന്‍ നീക്കം നടത്തുന്നത്. സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും തൊട്ടുമുമ്പുള്ള ദിവസം വരെ വിമര്‍ശിച്ചിരുന്ന സരിന്‍ ഇടതുപക്ഷത്ത് ചേക്കേറിയത് സീറ്റ് ലക്ഷ്യമിട്ടാണെന്ന യു.ഡി.എഫ് വാദത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സി.പി.എമ്മിനായിട്ടില്ല. ഇതിന് പുറമേ, നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പാര്‍ട്ടിക്കുള്ളിലെ ഭിന്നസ്വരങ്ങളും സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരായ ആരോപണങ്ങളും വോട്ട് ചോര്‍ച്ചയ്ക്ക് കാരണമാകുമോയെന്ന ആശങ്കയുണ്ട്.
യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനായ രാഹുല്‍ മാങ്കൂട്ടത്തിലിനെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് മുന്‍ എം.എല്‍.എ ഷാഫി പറമ്പിലിന്റെ പിടിവാശിയാണെന്ന വാദമാണ് കോണ്‍ഗ്രസില്‍ ഉയരുന്നത്. മണ്ഡലത്തിന് പുറത്ത് നിന്നുള്ളയാളെ മത്സരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെന്താണെന്ന ചോദ്യമുയര്‍ത്തി ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് ഭാരവാഹികളും രംഗത്തുണ്ട്. ഇതിന് പുറമേ, അന്‍വറിന്റെ രാഷ്ട്രീയ കൂട്ടായ്മയായ ഡി.എം.കെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതും യു.ഡി.എഫിന് ക്ഷീണം ചെയ്തേക്കും.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുള്ള കോലാഹലങ്ങള്‍ ബി.ജെ.പിയിലും അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. ജയ സാദ്ധ്യത മുന്‍നിര്‍ത്തി പാലക്കാട് മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം നടന്നില്ല. ഇതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളോട് മുഖം തിരിച്ചിട്ടുണ്ട്. ചേലക്കരയിലും വയനാട് ലോക്‌സഭാ സീറ്റിലും സ്ഥാനാര്‍ത്ഥികള്‍ ശക്തരല്ലെന്ന വികാരവും പാര്‍ട്ടിയിലുണ്ടെന്ന സൂചനകളും പുറത്ത് വരുന്നു.