KeralaNEWS

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം; മേയര്‍ക്കും സച്ചിന്‍ ദേവിനും ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ കെഎസ്ആര്‍ടിസ് ബസ് ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കമുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എക്കും ക്ലീന്‍ ചിറ്റ്. പൊലീസ് റിപ്പോര്‍ട്ടിലാണ് ഇരുവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സച്ചിന്‍ ദേവ് ബസിനുള്ളില്‍ അതിക്രമിച്ച് കയറിയിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. ബസിലുണ്ടായിരുന്ന കണ്ടക്ടറുടെ നിര്‍ദേശം അനുസരിച്ച് ഡോര്‍ യദു തന്നെ തുറന്നുകൊടുക്കുകയായിരുന്നുവെന്നും പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞുവെന്നായിരുന്നു ഡ്രൈവര്‍ യദുവിന്റെ പരാതി. എംഎല്‍എ ബസില്‍ അതിക്രമിച്ചുകയറിയതിന് തെളിവ് കണ്ടെത്താനായില്ലെന്നും അതിനാല്‍ ഈ പരാതി നിലനില്‍ക്കില്ലെന്നും പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ 30ന് വിധി പറയും. സംഭവം നടക്കുമ്പോള്‍ മേയറോ ഭര്‍ത്താവോ മോശം വാക്കുകള്‍ ഉപയോഗിച്ചതായി സാക്ഷികളില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Signature-ad

അനുവദിച്ച റൂട്ടിലൂടെയല്ല യദു ഓടിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ബേക്കറി ജംഗ്ഷന്‍ വഴി തമ്പാനൂരിലേക്ക് പോകേണ്ടിയിരുന്ന ബസ് പിഎംജി-പാളയം-വിജെടി റൂട്ടിലാണ് സഞ്ചരിച്ചിരുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യദുവിന്റെ പേരില്‍ നേമം, പേരുര്‍ക്കട, തമ്പാനൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ നേരത്തെ കേസുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. താന്‍ സമര്‍പ്പിച്ച പരാതിയില്‍ കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം വേണമെന്നായിരുന്നു യദുവിന്റെ ആവശ്യം.

Back to top button
error: