അതിര്‍ത്തി കടന്നൊരു ‘ഓണ്‍ലൈന്‍’ നിക്കാഹ്; ബിജെപി നേതാവിന്റെ മകന് വധുവായി ലാഹോര്‍ സ്വദേശിനി
രാജ്യം, ഭാഷ, സംസ്‌ക്കാരം, മതം എന്നീ അതിര്‍വരമ്പുകളെല്ലാം ഭേദിച്ചുകൊണ്ട് പ്രണയവും വിവാഹവും യാഥാര്‍ഥ്യമാകുന്ന കാലമാണിത്. ഇത്തരത്തില്‍ ഒന്നായവരുടെ കഥകള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഒരു ഇന്ത്യ-പാക് ഓണ്‍ലൈന്‍ വിവാഹമാണ് വാര്‍ത്തകളില്‍ നിറയുന്നത്.
ഉത്തര്‍പ്രദേശിലെ ബി.ജെ.പി. നേതാവിന്റെ മകന്‍ പാക് യുവതിയെ ഓണ്‍ലൈന്‍ വഴിയാണ് നിക്കാഹ് ചെയ്തത്. ബി.ജെ.പി പ്രാദേശിക നേതാവായ സഹ്‌സീന്‍ ഷാഹിദിന്റെ മകനായ മുഹമ്മദ് അബ്ബാസ് ഹൈദറും ലാഹോര്‍ സ്വദേശിനിയായ അന്‍ദ്‌ലീപ് സഹ്‌റയുമാണ് പ്രതികൂല ഘടകങ്ങള്‍ മറികടന്ന് ഒന്നായത്.
ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യങ്ങള്‍ കാരണം വരന് പാകിസ്താനിലേക്ക് വിസ ലഭിക്കാഞ്ഞതാണ് വിവാഹ ചടങ്ങുകള്‍ക്ക് തിരിച്ചടിയായത്. വധുവിന്റെ മാതാവ് റാണ യാസ്മിന്‍ സെയ്ദി അസുഖം ബാധിച്ച് പാകിസ്താനില്‍ ആശുപത്രിയിയില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടതും പ്രതിസന്ധിയായി.
ഇതോടെയാണ് നിക്കാഹ് ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച രാത്രി നടന്ന നിക്കാഹില്‍ ഇരുകുടുംബങ്ങളും ഓണ്‍ലൈനായി പങ്കെടുത്തു. തന്റെ വധുവിന് ഇന്ത്യയിലേക്കുള്ള വിസ എളുപ്പത്തില്‍ ലഭിക്കുമെന്ന് വരന്‍ പിന്നീട് പ്രത്യാശ പ്രകടിപ്പിച്ചു. ബി.ജെ.പി. എംഎല്‍എ ബ്രിജേഷ് സിങ് പിഷു ഉള്‍പ്പടെ നിരവധിപേര്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയും കുടുംബത്തെ അഭിനന്ദിക്കുകയും ചെയ്തു.