CrimeNEWS

കൊടുത്തതോ, എടുത്തതോ? പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉരുളിമോഷണത്തില്‍ അടിമുടി ദുരൂഹത

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ പുരാവസ്തുശേഖരത്തില്‍പ്പെട്ട നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ അടിമുടി ദുരൂഹത. ഉരുളി മോഷ്ടിച്ചതല്ലെന്നും ജീവനക്കാര്‍ തന്നതാണെന്നും കേസില്‍ പിടിയിലായ ഗണേശ് ത്സാ മൊഴിനല്‍കിയതാണ് ദുരൂഹതയ്ക്ക് പിന്നില്‍.

പൂജാപാത്രം പുറത്തേക്ക് കൊണ്ടുപോയപ്പോള്‍ ആരും തടഞ്ഞില്ലെന്നും ആരെങ്കിലും വിളിക്കുകയോ മടക്കിച്ചോദിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഉരുളി തിരിച്ചുനല്‍കുമായിരുന്നു എന്നും അയാള്‍ ഹരിയാന പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മോഷണമുതല്‍ ഗണേശ് പൊലീസിന് കൈമാറിയിട്ടുണ്ട്. മോഷണവിവരം പൊലീസിനെ അറിയിക്കാന്‍ വൈകി എന്നും ആക്ഷേപം ഉയരുന്നുണ്ട്. മൂന്നുസ്ത്രീകള്‍ അടക്കം നാലുപേരാണ് മോഷണവുമായി ബന്ധപ്പെട്ട് ഹരിയാന പൊലീസിന്റെ പിടിയിലായത്.

Signature-ad

നിവേദ്യപാത്രങ്ങള്‍ ഉള്‍പ്പെടെ എണ്ണി തിട്ടപ്പെടുത്തുന്നതിനിടെയാണ് കുറവ് കണ്ടെത്തിയത്. തുടര്‍ന്ന് സി.സി ടിവി പരിശോധിച്ചപ്പോഴാണ് ഉരുളി മോഷ്ടിച്ചതായി കണ്ടെത്തിയത്. ക്ഷേത്രദര്‍ശനത്തിന് എത്തിയതായിരുന്നു സംഘം.ചുറ്റിനടന്ന് തൊഴുന്നതിനിടെ ഒപ്പമുണ്ടായിരുന്ന പുരുഷന്‍ തിടപ്പള്ളിക്ക് സമീപം വച്ചിരുന്ന ഉരുളിയെടുത്ത് മുണ്ടില്‍ ഒളിപ്പിച്ചശേഷം പുറത്തേക്ക് പോയി. അന്വേഷണത്തില്‍ ഇവര്‍ ഉഡുപ്പിയിലെത്തിയതായും അവിടെ നിന്ന് വിമാനത്തില്‍ ഹരിയാനയിലേക്ക് പോയതായും കണ്ടെത്തി. ഇവരുടെ വിവരം ഹരിയാന പൊലീസിന് കൈമാറിയതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

സാമ്പത്തിക ലാഭത്തിന് വേണ്ടിയല്ലെന്നും പദ്മനാഭന്റെ പാത്രം പൂജാമുറിയില്‍ സൂക്ഷിക്കാനാണ് എടുത്തതെന്നുമാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി. ക്ഷേത്രവും പരിസരവും അതീവസുരക്ഷാ മേഖലയാണ്. മോഷണം പൊലീസിനും തലവേദനയായി. സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാദ്ധ്യതയുണ്ടെന്നാണ് വിവരം.

പ്രതികളെ ഇന്ന് ഉച്ചയോടെ കേരളത്തില്‍ എത്തിക്കും. വിമാനമാര്‍ഗമാവും ഇവരെ എത്തിക്കുക. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഫോര്‍ട്ട് സിഐ ഹരിയാനയില്‍ എത്തിയിട്ടുണ്ട്.

 

Back to top button
error: