KeralaNEWS

നവീന്‍ ബാബുവിന്റെ ആത്മഹത്യ: പ്രശാന്തന്റെ ‘പെട്രോള്‍ പമ്പ് എന്‍.ഒ.സി’ പരാതിയില്‍ അടിമുടി ദുരൂഹത

കണ്ണൂര്‍: ജീവനൊടുക്കിയ എ.ഡി.എം നവീന്‍ ബാബു പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന സംരംഭകന്‍ ടി.വി.പ്രശാന്തന്റെ പരാതിയില്‍ അടിമുടി ദൂരൂഹത. ഇങ്ങനെയൊരു പരാതി കിട്ടിയിട്ടില്ലെന്ന് കണ്ണൂരിലെ വിജിലന്‍സ് വ്യക്തമാക്കുന്നു. റവന്യൂ മന്ത്രിക്ക് ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലും ഇങ്ങനെയൊരു പരാതി ലഭിച്ചില്ലെന്ന് വ്യക്തമാക്കുന്നുണ്ട്.

സര്‍ക്കാരിലും പാര്‍ട്ടിയിലും പിടിപാടുണ്ടായിട്ടും കൈക്കൂലിക്കാര്യം വിജിലന്‍സിനെ അറിയിക്കാത്തതും ദുരൂഹമാണ്. സംഭവം വിവാദമായിട്ടും പാര്‍ട്ടി പ്രതിരോധത്തിലായിട്ടും പരാതി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസും മൗനത്തിലാണ്. എ.ഡി.എം നവീന്‍ ബാബു ജീവനൊടുക്കിയതിന് തൊട്ടു പിന്നാലെയാണ് മുഖ്യമന്ത്രിക്ക് കൊടുത്തെന്ന് പറയുന്ന പരാതി പുറത്തുവന്നത്.

Signature-ad

പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും പലയിടത്തുനിന്നായി സംഘടിപ്പിച്ച 98,500 രൂപ കൊടുത്തുവെന്നും പണം തന്നില്ലെങ്കില്‍ പമ്പിന് അനുമതി ലഭിക്കാത്ത തരത്തില്‍ ആക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശ്രീകണ്ഠാപുരം ചെങ്ങളായിയിലെ പമ്പുടമ ടി.വി. പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞ പത്തിന് നല്‍കിയെന്നു പറയുന്ന പരാതിയില്‍ ആരോപിക്കുന്നു.

പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ വച്ചാണ് പണം നല്‍കിയത്. ഇക്കാര്യം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയോട് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ നിര്‍ദ്ദേശിച്ചു. പൈസ ചോദിക്കുന്നതിന്റെ തെളിവില്ല. അത് നേരിട്ട് ചോദിച്ചതാണ്. ക്വാര്‍ട്ടേഴ്‌സില്‍ വരണം എന്നത് മാത്രമാണ് ശബ്ദരേഖയില്‍ ഉള്ളതെന്നു പരാതിക്കാരന്‍ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

സത്യം പറയുന്ന

തെളിവുകള്‍

1. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു പരാതി അയയ്ക്കുന്നവര്‍ സി.എം.ഒ പോര്‍ട്ടലിലേക്കാണ് വിവരങ്ങള്‍ നല്‍കാറുള്ളത്. അയച്ച ഉടന്‍ പരാതി ലഭിച്ചതായി കാണിച്ച് ഡോക്കറ്റ് നമ്പര്‍ ഉള്‍പ്പെടെയുള്ള മറുപടി ഇ-മെയിലില്‍ ലഭിക്കും. അത് എവിടെ എന്ന ചോദ്യത്തിന് പ്രശാന്തന്‍ മറുപടി നല്‍കുന്നില്ല.

2. പരാതി ഉന്നയിച്ച പ്രശാന്തനും എന്‍.ഒ.സിക്ക് അപേക്ഷിച്ച മറ്റൊരു സംരംഭകനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തു വന്നിട്ടുണ്ട്. ഈ സംഭാഷണത്തില്‍ എ.ഡി.എം കൈക്കൂലിക്കാരന്‍ അല്ലെന്നാണ് പ്രശാന്തന്‍ പറയുന്നത്. എന്‍.ഒ.സി ലഭിക്കാത്തത് പൊലീസ് റിപ്പോര്‍ട്ട് എതിരായതിനാലെന്നും ഫോണ്‍ സംഭാഷണത്തിലുണ്ട്.

3. പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത് ഒക്ടോബര്‍ ആറിന് കൈക്കൂലി നല്‍കി എന്നാണ്. എന്നാല്‍ ഒക്ടോബര്‍ ഏഴാം തീയതി നടത്തുന്ന ഫോണ്‍ സംഭാഷണത്തിലാണ് എ.ഡി.എം കൈക്കൂലിക്കാരന്‍ അല്ലെന്ന് പറയുന്നത്.താന്‍ ആദ്യം അങ്ങനെയാണ് കരുതിയത്. എന്നാല്‍ തനിക്ക് എന്‍.ഒ.സി ലഭിക്കാതിരിക്കാനുള്ള കാരണം പൊലീസാണെന്നും വ്യക്തമായി പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: