KeralaNEWS

പിടിവിട്ട് വാക്ക്, പാതിവഴിയില്‍ പടിയിറക്കം; ദിവ്യയുടെ പൊളിറ്റിക്കല്‍ ഗ്രാഫിന് താല്‍ക്കാലിക ബ്രേക്ക്

കണ്ണൂര്‍: ‘കൈവിട്ട ആയുധവും വാവിട്ട വാക്കും തിരിച്ചെടുക്കാനാവില്ല’… കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ ചെന്നുപെട്ട അവസ്ഥ കാണുമ്പോള്‍ എല്ലാവരും ഈ ചൊല്ലോര്‍ക്കും. അറംപറ്റിയ വാക്കുകള്‍ പോലെയായി, ദിവ്യയുടെ അവസാനത്തെ പൊതുപ്രസംഗം. എഡിഎം കെ.നവീന്‍ ബാബുവിനെ അപഹസിച്ച്, യാത്രയയപ്പ് യോഗത്തില്‍ ദിവ്യ കത്തിക്കയറിയ പ്രസംഗത്തിലെ ഒരു വരി ഇങ്ങനെയാണ്: ഒരു നിമിഷം മതി നമുക്ക് എന്തും സംഭവിക്കാന്‍, ആ നിമിഷത്തെക്കുറിച്ച് ഓര്‍ത്തുകൊണ്ട് നമ്മളെല്ലാവരും ജോലി ചെയ്യണം എന്നു മാത്രമാണ് ഞാനിപ്പോള്‍ നിങ്ങളോട് പറയുന്നത്’. അത് രണ്ടു പെണ്‍മക്കളുള്ള ഒരു കുടുംബത്തിന്റെ പ്രതീക്ഷ തകര്‍ത്തതിനൊപ്പം, പി.പി.ദിവ്യ എന്ന നേതാവിന്റെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിനും താല്‍ക്കാലിക വിരാമമിട്ടു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കുന്നെന്ന് ഇന്നലെ രാത്രി 10.10ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ പ്രസ്താവന ഇറങ്ങുന്നതുവരെ എല്ലാവരും ചോദിച്ചിരുന്നു: ദിവ്യയെ മാറ്റുമോ? രാജിവയ്ക്കുമോ?… രാവിലെ നടന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റും ദിവ്യയുടെ കാര്യത്തിലൊരു തീരുമാനമെടുത്തിരുന്നില്ല. എന്നാല്‍, എഡിഎമ്മിന്റെ മരണത്തില്‍ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയതോടെ പാര്‍ട്ടിയും കൈവിട്ടു. 36ാം വയസ്സിലാണ് ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ഒന്‍പതാമത്തെ പ്രസിഡന്റാകുന്നത്. കല്യാശ്ശേരി ഡിവിഷനില്‍നിന്ന് 22,576 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. അതിനു മുന്‍പുള്ള ഭരണസമിതിയില്‍ വൈസ് പ്രസിഡന്റായിരുന്നു.

Signature-ad

സത്യവാചകം ചൊല്ലി പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ‘കേരളത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന ജില്ലാ പഞ്ചായത്താക്കി കണ്ണൂരിനെ മാറ്റും’ എന്നാണ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയെങ്കിലും ഒടുവില്‍ വിവാദച്ചുഴിയില്‍പെട്ട് രാജിവയ്‌ക്കേണ്ടിവന്നു ദിവ്യയ്ക്ക്. സിപിഎം ജില്ലാ കമ്മിറ്റിയംഗമായ ദിവ്യ, എസ്എഫ്‌ഐയിലൂടെയാണ് രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്നത്. കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ വൈസ് ചെയര്‍പഴ്‌സനായതോടെയാണു ശ്രദ്ധിക്കപ്പെട്ടത്. ഡിവൈഎഫ്‌ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ എന്നിവയുടെ ഭാരവാഹിത്വത്തിലേക്ക് ഉയര്‍ന്നതും വളരെ വേഗത്തിലാണ്. ഭാവിയില്‍ എംഎല്‍എയും മന്ത്രിയും വരെ ആയേക്കാമെന്ന് പലരും വിലയിരുത്തിയ നേതാവിന് വാക്കില്‍ പിഴച്ച് പാതിവഴിയില്‍ പടിയിറങ്ങേണ്ടി വരുന്നു.

Back to top button
error: