അഞ്ചു വർഷംകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് സംസ്ഥാനത്ത് 1,703 കോടി രൂപ വിതരണം ചെയ്യാൻ സർക്കാരിനു കഴിഞ്ഞെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. കഴിഞ്ഞ സർക്കാർ അഞ്ചു വർഷത്തിനിടെ 553 കോടി രൂപ വിതരണം ചെയ്ത സ്ഥാനത്താണ് ഈ നേട്ടമെന്നും ജനങ്ങൾക്ക് സമാശ്വാസം നൽകുക എന്നതിനാണ് ഈ സർക്കാർ പ്രഥമ പരിഗണന നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ആറ്റിങ്ങലിൽ സാന്ത്വന സ്പർശം പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുനനു മന്ത്രി.
ജനങ്ങൾക്കു കഴിയുന്നത്രയും ആശ്വാസം നൽകുക എന്ന സർക്കാരിന്റെ സമീപനത്തിന്റെ തുടർച്ചയാണ് സാന്ത്വനസ്പർശം അദാലത്ത്. ഇതു തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പരിപാടിയാണെന്ന തെറ്റിദ്ധാരണ വേണ്ട. കോവിഡ് കാലത്ത് എങ്ങനെയൊക്കെ ജനങ്ങൾക്ക് ആശ്വാസമാകാം അവിടെയെല്ലാം സർക്കാർ ഇടപെടൽ നടത്തിയിട്ടുണ്ട്.
കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ – വരുമാന നഷ്ടം രാജ്യത്തെയും ലോകത്തെയും വലിയ തോതിൽ ബാധിച്ചു. പക്ഷേ, മറ്റെങ്ങും ഉണ്ടായിട്ടില്ലാത്ത ഒന്നു കേരളത്തിൽ സംഭവിച്ചു. പ്രതിസന്ധി കാലത്ത് ഒരാളും പട്ടിണികിടക്കുന്നില്ല എന്നു സർക്കാർ ഉറപ്പുവരുത്തി. മാസംതോറുമുള്ള ക്ഷേമ പെൻഷൻ, ഭക്ഷ്യ കിറ്റ്, റേഷൻ തുടങ്ങിയവയെല്ലാം സർക്കാർ നൽകി. ഇതിനൊപ്പം കേരളത്തിന്റെ ഭാവി വികസനം ലക്ഷ്യംവച്ചുള്ള പ്രവർത്തനങ്ങളിലും സൂക്ഷ്മ ശ്രദ്ധയാണു സർക്കാർ നൽകിയത്. കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ലാത്ത മാറ്റമാണു നാട്ടിലുണ്ടായത്. മികച്ച റോഡുകൾ, സ്‌കൂളുകൾ, അത്യാധുനിക ആശുപത്രികൾ തുടങ്ങിയവ ഇന്നു കേരളത്തിലുണ്ട്. ഈ വികസന മാറ്റം അവസാനിക്കുന്നില്ല. സാധാരണക്കാരുടെ കുട്ടികൾ നല്ല ശമ്പളമുള്ള ഉദ്യോഗം ലഭിക്കുന്നതിനുള്ള അതിനൂതന പരിപാടികൾ സർക്കാർ നടപ്പാക്കാനൊരുങ്ങുകയാണെന്നും ബജറ്റിൽ അതിന്റെ പ്രഖ്യാപനം വന്നുകഴിഞ്ഞെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
ദുരിതങ്ങളിൽ അതിവേഗ ആശ്വാസമെന്നതാണു സർക്കാർ നയം : മന്ത്രി മേഴ്‌സിക്കുട്ടി അമ്മ
ജനങ്ങളുടെ ദുരിതങ്ങളിൽ അതിവേഗത്തിലും ജാഗ്രതയോടെയും ഇടപെടൽ നടത്തുകയെന്ന സർക്കാർ നയത്തിന്റെ തുടർച്ചയായാണ് സംസ്ഥാനത്ത് സാന്ത്വന സ്പർശം അദാലത്ത് സംഘടിപ്പിക്കുന്നതെന്നു ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ. ആറ്റിങ്ങലിൽ സാന്ത്വന സ്പർശം അദാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ആൾക്കൂട്ടത്തിനിടയിൽ മാത്രം ദുരിതാശ്വാസം നൽകുന്ന നയമല്ലായിരുന്നു ഈ സർക്കാർ തുടക്കംമുതൽ സ്വീകരിച്ചത്. ഓൺലൈനായി അപേക്ഷ സ്വീകരിച്ചാണ് മുഖ്യമന്ത്രിയുട ദുരിതാശ്വാസ നിധിയിൽനിന്ന് കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് 1,703 കോടി രൂപ നൽകിയത്. ഇനിയും ആർക്കെങ്കിലും ആശ്വാസം എത്തുന്നില്ലെങ്കിൽ അർഹതയുള്ളവർക്ക് അതു കാലതാമസമില്ലാതെ ലഭിക്കണമെന്ന സർക്കാരിന്റെ നയത്തിന്റെ അടിസ്ഥാനത്തിലാണ് സാന്ത്വന സ്പർശം അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്. ജനങ്ങൾക്കു നൽകേണ്ട എല്ലാ ആശ്വാസ സഹയങ്ങളും സമയബന്ധിതമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇതുവഴി കഴിയുമെന്നും മന്ത്രി പറഞ്ഞു.