LIFETRENDING

വന്ന വഴി മറക്കുന്ന ആദർശശാലികൾ-ഇ.കെ.ഗോവിന്ദ വർമ്മ രാജ

ഗ്രഹണ സമയത്ത് പൂഴിനാഗത്തിന് (മണ്ണിര ) കൂടി വിഷമുണ്ട് എന്ന പഴഞ്ചൊല്ല് ഓർമ്മ വരുന്നു. തിരഞ്ഞെടുപ്പു കാലം അടുക്കുമ്പോൾ അവസരവാദികളായ ആദർശശാലികൾക്ക് മാധ്യമങ്ങൾ അമിത പ്രാധാന്യം കൊടുക്കും. അപ്പോൾ കാറ്റ് നോക്കി തൂറ്റാൻ മിടുക്കൻമാരായിരിക്കും ഈ ആദർശ പരിവേഷക്കാർ. ഹാസ്യ സമ്രാട്ട് സഞ്ജയൻ പറഞ്ഞത് പോലെ മറുകും യോഗ്യതയായി വരാറുണ്ട്. ഒരു വിരൽ ചൂണ്ടുമ്പോൾ മൂന്ന് വിരൽ തന്നിലേക്കും ഒന്ന് ചുറ്റുവട്ടത്തേക്കും തിരിഞ്ഞിരിക്കുമെന്ന നാട്ടുനീതിക്ക് സമാധാനം പറഞ്ഞു കൊണ്ട് മാത്രമെ എനിക്ക് ആദർശവാൻമാരിലേക്ക് ചൂണ്ടാൻ കഴിയൂ. അതുകൊണ്ട് മാത്രം ഒരു ആത്മകഥനം.

എന്റെ പ്രീഡിഗ്രിക്കാലം അടിയന്തരാവസ്ഥക്കാലമായിരുന്നു. സയൻസ് വിദ്യാർത്ഥിയാകയാൽ ലോക്കപ്പും കോടതിയും ജയിലുമായി കഴിഞ്ഞതു കാരണം കോഴ്സ് വെള്ളത്തിലായി. അങ്ങനെ അഷ്ടിക്ക് വകയില്ലാതെ നടന്നു. കോൺഗ്രസ് ഭരണകാലത്ത് മാടായി ബേങ്ക് അഡ്മിനിസ്ട്രേറ്റർ ഭരണത്തിലായിരുന്നു. അന്ന് അവിടെ മൂന്ന് താത്ക്കാലിക റേഷൻ ഷാപ്പ് മാനേജർമാരുടെ ഒഴിവ് വന്നപ്പോൾ എൻ്റെ അച്ഛനോടും അച്ഛൻ്റെ തറവാടായ വാരണക്കോട്ടില്ലത്തോടും ആദരവുണ്ടായിരുന്ന മാടായി ബേങ്കിലെ ഉദ്യോഗസ്ഥനും കമ്മ്യൂണിസ്റ്റ് കാരനുമായിരുന്ന പി.കെ.ഗോവിന്ദ മാരാർ അഡ്മിനിസ്ട്രേറ്ററോട് പറഞ്ഞ് ആ ജോലി എനിക്ക് തരമാക്കി തന്നു.

പക്ഷെ പിന്നീട് ഭരണം മാറിയപ്പോൾ ട്രേഡിങ്ങ് സെക്ഷൻ ഒഴിവാക്കാൻ ബാങ്ക് തീരുമാനിച്ചു. രണ്ട് കൊല്ലം കൊണ്ട് ഉള്ള പണിയും പോയി. നാട്ടിൽ അദ്ധ്യാപക പരിശീലനത്തിന് അർഹതയില്ലാത്തത് കൊണ്ട് മൈസൂർTCH എന്നറിയപ്പെടുന്ന കർണ്ണാടകത്തിലെ കോഴ്സിന് തലയിലെഴുത്ത് മാറ്റാൻ വേണ്ടി
തലവരി കൊടുത്ത് ചേർന്നു. അതും നേരെയാവാത്തപ്പോൾ തപാൽ പഠനം വഴി ഡിഗ്രി. അങ്ങനെ മുപ്പതാം വയസ്സിൽ ബ്രണ്ണനിൽ എം.എ.ക്ക് ചേർന്നു. കോഴ്സ് കഴിഞ്ഞ് ഫലം വന്നപ്പോൾ വയസ്സ് 33. ജോലിക്കപേക്ഷിക്കാനുള്ള പ്രായപരിധി വിടാൻ രണ്ട് കൊല്ലം മാത്രം ബാക്കി. ആ കലയളവിൽ PSC എഴുതാൻ അവസരം കിട്ടിയില്ല. ഗുരുവായൂരപ്പൻ കോളജിലെ സാവിത്രി ടീച്ചറുടെ പ്രസവാവധിയിൽ സാമൂതിരിപ്പാടിൻ്റെ കാരുണ്യത്തോടെ 1988ൽ താത്ക്കാലിക നിയമനം കിട്ടി. പിന്നെ പത്ത് വർഷം ജന വിജ്ഞാന കോമരമായി ഊര് ചുറ്റൽ.1998 ൽ വീണ്ടും ഗുരുവായൂരപ്പൻ കോളജിൽ. അവിടെ എം.എ.മലയാളത്തിന് ജനവിജ്ഞാനം ഒരു വിഷയമാകയാൽ മൂന്ന് വർഷം ബിരുദാനന്തര ബിരുദത്തിന് ജനവിജ്ഞാനത്തിൽ ക്ലാസെടുത്ത് പരിചയം നേടി.

കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ പുതിയ ജനവിജ്ഞാന വിഭാഗം, പ്രൊഫസർ കെ.കെ.എൻ.കുറുപ്പ് വി.സിയായിരിക്കെ ആരംഭിച്ചപ്പോൾ ഡപ്യൂട്ടേഷനിൽ അവിടേക്ക് നിയമനം ലഭിച്ചു. അവിടെ മറ്റൊരു വിഭാഗത്തിലും ഡപ്യൂട്ടേഷൻ നിയമനം നടന്ന പശ്ചാത്തലത്തിലാണ് എൻ്റെ നിയമനവും നടന്നത്. അദ്ദേഹത്തെ സ്ഥിരപ്പെടുത്തിയപ്പോൾ എന്നെയും സ്ഥിരപ്പെടുത്തി. മറ്റെയാൾ അഗ്നിശുദ്ധി വരുത്തി ഗമയോടെ പിരിഞ്ഞു. ഞാൻ പിരിഞ്ഞെങ്കിലും നീതി ന്യായ കോടതിയുടെ തീർപ്പിന്നായി കാത്തിരിക്കുന്നു. എൻ്റെ സ്ഥിതി ഇത്. എനിക്ക് അതുകൊണ്ട് ആദർശം വിളമ്പാൻ പറ്റില്ല.

പല വിഷയ വിദഗ്ദ്ധരും വന്ന വഴി പരിശോധിച്ചാൽ ഇതുപോലെ ഒരു കൈ സഹായം കിട്ടിയ കഥപറയാനുണ്ടാകും. വിഷയ വിദഗ്ദ്ധരുടെ കേമത്തം പരിശോധിച്ചാൽ ചെമ്പ് പുറത്താകും. ഒരു സ്വകാര്യ കോളജിൽ നിന്നും പിരിയുന്ന ദിവസം തന്നെ സർവ്വകലാശാലയിൽ പ്രൊഫസറായി നിയമനം ലഭിച്ച ആൾ പണ്ട് ആ സ്വകാര്യ കോളജിൽ എത്തിയതും സഹായത്തിലൂടെയാണ്. രണ്ട് സർവ്വകലാശാലകളിൽ പഠിപ്പിച്ചും ഗവേഷണ നിർദ്ദേശകനായും പ്രവർത്തിച്ച ഒരു പ്രഗത്ഭനായ അദ്ധ്യാപകനെ വെട്ടി പ്രൊഫസർ പദവി നേടിയ മറ്റൊരാൾ ഡിഗ്രിക്ക് മലയാളം രണ്ടാം ഭാഷയായി മാത്രം പഠിപ്പിച്ച് പരിചയമുള്ളയാളാണ്. പുത്തനച്ചിയായി പുരോഗമന പ്രസ്ഥാനത്തിലെത്തിയ ഒരു നേതാവിൻ്റെ താല്പര്യത്തിൽ യൂനിവേഴ്സിറ്റിയിൽ എത്തിയ ആളാണ് വേറെ ഒരാൾ.

ഈ പൂർവകഥകളെല്ലാം കുഴിച്ചുമൂടാൻ ഇപ്പോൾ ഒരൊറ്റ വിവാദത്തിലൂടെ ഈ ആദർശശാലികൾക്ക് കഴിഞ്ഞുവെന്നത് വൻ വിജയമാണ്. സർവ്വീസിൽ ഇരിക്കുമ്പോഴും വിരമിച്ച ശേഷവും മാർക്കണ്ഡേയനായി കഴിയുന്ന എനിക്ക് ഏതെങ്കിലും ഒരു കാലത്ത് മുൻകാല പ്രാബല്യത്തോടെ പ്രൊഫസർ പദവി കിട്ടി ഏതെങ്കിലും ഒരു യൂനിവേഴ്സിറ്റിയിൽ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിഷയ വിദഗ്ദ്ധനായി ഒരു കൂടിക്കാഴ്ച്ചാപരീക്ഷയിൽ പങ്കെടുക്കാൻ അവസരം കിട്ടിയാൽ മാത്രമേ ഇനി മന:സമാധാനം കിട്ടൂ. അന്ന് ഒരാദർശ പ്രസംഗം നടത്തിയിട്ടു വേണം എനിക്ക് എൻ്റെ കഴിഞ്ഞ കാലത്തെ ആദർശ രഹിത ചെയ്തികൾക്ക് അറുതിവരുത്താൻ.
ഒരു പുത്തൻ വഴി കാണാൻ പഠിപ്പിച്ച അവസരവാദികളായ ആദർശശാലികൾ നീണാൾ വാഴട്ടെ.

(ഗോവിന്ദവർമ്മ രാജ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോക് ലോർ വിഭാഗത്തിൽ നിന്ന് വിരമിച്ചയാളും കാലടി സർവകലാശാല മലയാളം അസിസ്റ്റന്റ് പ്രൊഫസർ ഇന്റർവ്യൂ ബോർഡിലെ വിഷയ വിദഗ്ധനായ കെ.എം.ഭരതന്റെ സഹപ്രവർത്തകനുമാണ് )

Back to top button
error: