IndiaNEWS

സിനിമയിലെ സ്ഥിരം രാഷ്ട്രീയക്കാരന്‍; നടന്‍ സായാജി ഷിന്‍ഡെ അജിത് പവാറിന്റെ എന്‍സിപിയില്‍ ചേര്‍ന്നു

മുംബൈ: തെന്നിന്ത്യന്‍ നടന്‍ സായാജി ഷിന്‍ഡെ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയില്‍ ചേര്‍ന്നു. അടുത്ത മാസം നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. മുംബൈയില്‍ നടന്ന പ്രഖ്യാപനച്ചടങ്ങില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍, എന്‍സിപി വര്‍ക്കിംഗ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍, സംസ്ഥാന യൂണിറ്റ് മേധാവി സുനില്‍ തത്കരെ എന്നിവര്‍ ചേര്‍ന്ന് ഷിന്‍ഡെയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

ഷിന്‍ഡെയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത അജിത് പവാര്‍, സംസ്ഥാന തെരഞ്ഞെടുപ്പില്‍ എന്‍സിപിയുടെ താരപ്രചാരകരില്‍ ഒരാളായിരിക്കുമെന്നും വരും ദിവസങ്ങളില്‍ നിരവധി പ്രമുഖര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നും പറഞ്ഞു. ഷിന്‍ഡെയുടെ സംഭാവനകളില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച അജിത് പവാര്‍, പാര്‍ട്ടിയില്‍ താരത്തിന് അര്‍ഹമായ ബഹുമാനം നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു. ‘ഞങ്ങളുടെ പാര്‍ട്ടിയിലേക്ക് സായാജിറാവു ഷിന്‍ഡെയെ സ്വാഗതം ചെയ്യുന്നു. ഞാന്‍ അധികം സിനിമകള്‍ കാണാറില്ല, പക്ഷേ സായാജിറാവുവിന്റെ സിനിമകള്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഘത്തോടൊപ്പം അദ്ദേഹം മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നു,’ ഷിന്‍ഡെയെ സ്വാഗതം ചെയ്തുകൊണ്ട് അജിത് പവാര്‍ പറഞ്ഞു.

Signature-ad

നിരവധി ചിത്രങ്ങളില്‍ താന്‍ രാഷ്ട്രീയക്കാരനായി അഭിനയിച്ചിട്ടുണ്ടെന്നും അജിത് പവാറിന്റെ പ്രവര്‍ത്തന ശൈലി തന്നെ ആകര്‍ഷിച്ചുവെന്നും കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍, താന്‍ സിസ്റ്റത്തിന്റെ ഭാഗമാകേണ്ടതുണ്ടെന്നും സയാജി വ്യക്തമാക്കി. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ സത്താറ ജില്ലയില്‍ ജനിച്ച ഷിന്‍ഡെ മറാത്തി നാടകങ്ങളിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്.

1999ല്‍ ‘ശൂല്‍’ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് സയാജി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വില്ലന്‍ വേഷങ്ങളിലൂടെയാണ് അദ്ദേഹം തിളങ്ങിയത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, ഗുജറാത്തി, ഭോജ്പുരി ഭാഷകളില്‍ സജീവമാണ്. ഷിന്‍ഡെ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയാണെന്ന് എന്‍സിപി നേതാവ് ഛഗന്‍ ഭുജ്ബല്‍ പറഞ്ഞു. മികച്ച നടനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ അവാര്‍ഡ് ഉള്‍പ്പെടെ ഷിന്‍ഡെയ്ക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

 

Back to top button
error: