ഇടുക്കി: ഉപ്പുതുറയില്‍ അയല്‍വാസിയുടെ മര്‍ദനമേറ്റ് യുവാവ് മരിച്ചു. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജനീഷ് (43) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. അയല്‍വാസിയായ ബിബിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ബഹളം വെച്ചെന്ന് ആരോപിച്ചാണ് ജനീഷിനെ മര്‍ദിച്ചത്.
തലയ്ക്കുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ ജനീഷ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മര്‍ദനമേറ്റ് അവശനിലയില്‍ കിടന്ന ജനീഷിനെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജനീഷിന്റെ കുടുംബവും ബിബിന്റെ കുടുംബവും തമ്മില്‍ നേരത്തെ മുതല്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. അയല്‍വാസികളായ ബിബിന്‍, മാതാവ് എല്‍സമ്മ എന്നിവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.