KeralaNEWS

എഡിജിപിക്കെതിരായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി; ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരെ ഡിജിപിയുടെ നേതൃത്വത്തില്‍ തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ആഭ്യന്തര സെക്രട്ടറിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനും കെ.കെ രാഗേഷും ക്ലിഫ് ഹൗസിലെത്തി. പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഡിജിപിയും ഉടന്‍ ക്ലിഫ് ഹൗസിലെത്തും.

അതീവ ഗുരുതര കണ്ടെത്തലുകളടങ്ങിയ അന്വേഷണ റിപ്പോര്‍ട്ടാണ് ഇന്നലെ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബ് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്. മുഖ്യമന്ത്രി ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ ഇന്ന് തന്നെ നടപടിയെടുക്കുമെന്നാണ് സൂചന.

Signature-ad

റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ ഗുരുതര സ്വഭാവം പരിഗണിച്ചാല്‍ സസ്‌പെന്‍ഷനാണ് സാധ്യതയേറെയും. നടപടിയെടുക്കുന്നതില്‍ ഡിജിപിയുടെ തുടര്‍നടപടികള്‍ക്കുള്ള ശിപാര്‍ശയും ആഭ്യന്തര സെക്രട്ടറിയുടെ ശിപാര്‍ശയും നിര്‍ണായകമാവും. ഇന്ന് തന്നെ നടപടി സ്വീകരിച്ചാല്‍ സിപിഐ അടക്കമുള്ള ഘടകകക്ഷികള്‍ മയപ്പെടും.

തിങ്കളാഴ്ചയ്ക്കകം നടപടിയെടുക്കണമെന്നാണ് സിപിഐ ഇതിനോടകം നല്‍കിയിരിക്കുന്ന അന്ത്യശാസനം. നാളെ നിയമസഭ വീണ്ടും സമ്മേളിക്കുന്നതിനാല്‍ പ്രതിപക്ഷം ഈ വിഷയം അടിയന്തര പ്രമേയമായി കൊണ്ടുവരാനുള്ള സാധ്യതയും കൂടുതലാണ്. ഇന്ന് തന്നെ നടപടിയെടുത്താല്‍ പ്രതിപക്ഷത്തെ നിയമസഭയില്‍ നേരിടാന്‍ മുഖ്യമന്ത്രിക്ക് കഴിയും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: