മലപ്പുറം: സിപിഎം ബന്ധം അവസാനിപ്പിച്ച് താന്‍ രൂപീകരിക്കുന്ന ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഒഫ് കേരള (ഡിഎംകെ) എന്ന സംഘടന രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും നിലവില്‍ സാമൂഹ്യ കൂട്ടായ്മയാണെന്നും വ്യക്തമാക്കി പിവി അന്‍വര്‍. മഞ്ചേരിയില്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ സാധാരണക്കാരായ മനുഷ്യരുണ്ടാകും. തന്നെ സംബന്ധിച്ച് സാധാരണക്കാരായ മനുഷ്യരാണ് പ്രബല നേതാക്കളെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലടക്കം മത്സരിക്കുമെന്നും എന്നാല്‍ സംഘടനയുടെ ഇപ്പോഴത്തെപേരിലാകുമോ അതെന്ന് പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ നിലവിലിത് സാമൂഹ്യ കൂട്ടായ്മയാണ്. സംസ്ഥാനത്തെ മൊത്തം വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി മുന്നോട്ട് പോകും. എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്ന കാര്യം ആ സമയത്ത് ആലോചിക്കാം. കേരളത്തിലെ ജനങ്ങളുടെ ജനാധിപത്യപരമായ മുന്നേറ്റമായത് കൊണ്ടാണ് പേര് നിശ്ചയിച്ചത്. പകല്‍ സൂര്യവെളിച്ചമുണ്ട്. എന്നാല്‍ രാത്രി ടോര്‍ച്ച് വെളിച്ചം വേണം. അതുകൊണ്ടാണ് ടോര്‍ച്ച് സംഘടനയുടെ പേരിന് ഒപ്പം വച്ചത്. അര്‍ജുനും മനാഫും മതേതരത്വത്തിന്റെ പ്രതീകമാണ്. എനിക്ക് മേലെ വര്‍ഗീയതയുടെ ചാപ്പ കുത്തിയിരിക്കുകയാണ്. അതുകൊണ്ടാണ് മനാഫിന്റെയും അര്‍ജുന്റെയും ചിത്രം ബോര്‍ഡുകളില്‍ വച്ചത്. സ്വന്തം നാടായത് കൊണ്ടാണ് മഞ്ചേരിയില്‍ പ്രഖ്യാപനം നടത്താന്‍ തീരുമാനിച്ചത് . വീരചരിത്രം ഉറങ്ങുന്ന മണ്ണാണ് ഇവിടം’ അന്‍വര്‍ പറഞ്ഞു.
ഇന്നുനടക്കുന്ന അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിനായി വലിയ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഒഫ് കേരളയെ തമിഴ്‌നാട്ടിലെ ഡിഎംകെ മുന്നണിയുടെ ഭാഗമാക്കാന്‍ നീക്കം നടക്കുന്നു എന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്ത്യ മുന്നണി പ്രവേശനമാണ് ലക്ഷ്യം. ഇന്നലെ ചെന്നൈയില്‍ എത്തിയ അന്‍വര്‍ ഡി.എം.കെയുടെ ചില നേതാക്കളുമായി ചര്‍ച്ച നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നു വൈകിട്ട് അഞ്ചിന് മഞ്ചേരിയില്‍ രാഷ്ട്രീയ വിശദീകരണയാേഗം നടക്കാനിരിക്കെയാണ് അപ്രതീക്ഷിത നീക്കം. യോഗത്തില്‍ ഡി എം കെയുടെ പ്രമുഖ നേതാവ് പങ്കെടുത്തേക്കുമെന്നും പറയപ്പെടുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അടുപ്പക്കാരനും മന്ത്രിയുമായ സെന്തില്‍ ബാലാജിയുമായി അന്‍വറിന്റെ മകന്‍ റിസ്വാന്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
ഡിഎംകെ കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി മുരുകേശനുമായി അന്‍വറും കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു.സംഘപരിവാറിനെ ശക്തമായി പ്രതിരോധിക്കുന്ന സ്റ്റാലിന്റെ വ്യക്തിപ്രഭാവം തനിക്ക് ഗുണമാവുമെന്ന് അന്‍വര്‍ കണക്കുകൂട്ടുന്നു.സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും അടുത്ത ബന്ധം പുലര്‍ത്തുന്ന സ്റ്റാലിനെ ഗോഡ്ഫാദറാക്കിയുള്ള അന്‍വറിന്റെ കരുനീക്കം സിപിഎമ്മിലും ചര്‍ച്ചയായിട്ടുണ്ട്.