ആലപ്പുഴ: ബംഗളൂരുവില്‍ നഴ്സിങ് വിദ്യാര്‍ഥിയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച് നഗ്നചിത്രങ്ങളെടുത്തതായി പരാതി. ദിവസം മുഴുവന്‍ നീണ്ട മര്‍ദനത്തില്‍ അവശനായ വിദ്യാര്‍ഥി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മാങ്കാംകുഴി പുത്തന്‍പുരയില്‍ ഷിജിയുടെയും അജീനയുടെയും മകന് ആദില്‍ ഷിജി(19)ക്കാണു മര്‍ദനമേറ്റത്. ഒപ്പമുണ്ടായിരുന്ന കരുനാഗപ്പള്ളി സ്വദേശിയായ വിദ്യാര്‍ഥിക്കും മര്‍ദനമേറ്റു. ഇവര്‍ പഠിക്കുന്ന ബംഗളൂരുവിലെ സുശ്രുതി കോളേജിന്റെ ഓഫീസിലായിരുന്നു മര്‍ദനമെന്ന് കുടുംബം എസ്.പിക്കു നല്കിയ പരാതിയില്‍ പറയുന്നു.
റാന്നി സ്വദേശി റെജി ഇമ്മാനുവല്‍, നിലമ്പൂര്‍സ്വദേശി അര്ജുന് എന്നിവരാണു മര്‍ദിച്ചതെന്ന് ആദില്‍ പറഞ്ഞു. റെജി റാന്നിയില്‍ വിദ്യാഭ്യാസ കണ്‍സള്‍റ്റന്‍സി സ്ഥാപനം നടത്തുന്നു. റെജിയുടെ ബിസിനസ് പങ്കാളിയാണ് അര്ജുന്. സ്ഥാപനം വഴി കോളേജില്‍ പ്രവേശനം കിട്ടിയവരെ മറ്റൊരിടത്തു പ്രവേശനം നേടാന്‍ സഹായിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദനം.
ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ ആദില്‍ ആദ്യ സെമസ്റ്റര്‍ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. റെജിയും അര്‍ജുനും വിളിപ്പിച്ചതനുസരിച്ച് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് താനും സുഹൃത്തും കോളേജ് ഓഫീസിലെത്തിയതെന്ന് ആദില്‍ പറഞ്ഞു. മുറിയില്‍ കയറ്റിയശേഷം റെജിയും അര്‍ജുനും വാതില്‍ അടച്ചു. തുടര്‍ന്ന് കൈയും കാലും കെട്ടിയിട്ടു തല്ലുകയായിരുന്നു.
വടികൊണ്ട് പാദത്തിലും ശരീരമാസകലവും അടിച്ചു. മൊബൈല്‍ ഫോണും മറ്റും പിടിച്ചുവെച്ചു. വസ്ത്രങ്ങള്‍ ബലമായി അഴിപ്പിച്ച് നഗ്നചിത്രങ്ങളെടുക്കുകയും ചെയ്തു.
മയക്കുമരുന്ന് ഉപയോഗിച്ചെന്നും വിദ്യാര്‍ഥികള്‍ക്ക് മറ്റൊരു കോളേജില്‍ പ്രവേശനം നല്‍കാനിടപെട്ടു എന്നും മുദ്രപ്പത്രത്തില്‍ ബലംപ്രയോഗിച്ച് എഴുതിവാങ്ങി. വിവരം പുറത്തുപറഞ്ഞാല്‍ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. വ്യാഴാഴ്ച വൈകുന്നേരം മൂന്നിനാണ് ഇവരെ മോചിപ്പിച്ചത്.
അറുനൂറ്റിമംഗലം സ്വദേശിയായ രാഹുല്‍ പറഞ്ഞാണ് ആദിലിന്റെ അച്ഛന് ഷിജി വിവരമറിഞ്ഞത്. സുഹൃത്തുക്കള്‍ ആദിലിനെ തീവണ്ടിയില്‍ കയറ്റി നാട്ടിലേക്കയക്കുകയായിരുന്നു. വീട്ടിലെത്തിയ ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിക്കും പരാതി നല്‍കും.