കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ ഒന്നാം പ്രതി എന്‍.എസ്.സുനില്‍കുമാര്‍ (പള്‍സര്‍ സുനി) ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം ആഡംബര വാഹനങ്ങളും വിലകൂടിയ ഉല്പനങ്ങളും ഉപയോഗിക്കുന്നതിന്റെ സാമ്പത്തിക സ്രോതസ്സു കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.
ജാമ്യത്തില്‍ ഇറങ്ങുന്നതിനു മുന്‍പു ജയിലില്‍നിന്നു നേരിട്ടു വന്ന ഘട്ടത്തില്‍ 7000 രൂപ വിലവരുന്ന ചെരിപ്പും 4000 രൂപ വിലവരുന്ന ഷര്‍ട്ടും ധരിച്ചു സുനില്‍കുമാര്‍ കോടതിയിലെത്തിയ വിവരം രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിചാരണ അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കെ, സുനില്‍കുമാറിനെ ആരെങ്കിലും സ്വാധീനിക്കാന്‍ ശ്രമിക്കുമോ, കോടതി നേരിട്ടു ചോദ്യം ചെയ്യുന്ന ഘട്ടത്തില്‍ ആര്‍ക്കെങ്കിലും അനുകൂലമായി മറുപടി പറയാന്‍ സുനില്‍കുമാര്‍ ശ്രമിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണു പരിശോധിക്കുന്നത്. വിചാരണക്കോടതിയില്‍ സുനില്‍കുമാറിന്റെ ചോദ്യം ചെയ്യല്‍ ഇന്നലെയും തുടര്‍ന്നു.