CrimeNEWS

സിബില്‍ സ്‌കോര്‍ ഇല്ലാത്തതിനാല്‍ മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ സഹായംതേടി; ഇരുപതോളം പേരെ പറ്റിച്ച യുവാവ് പിടിയില്‍

തിരുവനന്തപുരം: പരിചയക്കാരുടെയും അയല്‍വാസികളുടെയും തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് തവണ വ്യവസ്ഥയില്‍ മൊബൈല്‍ ഫോണ്‍ വാങ്ങി തട്ടിപ്പ് നടത്തിയ യുവാവ് പൊലീസിന്റെ പിടിയിലായി. പാറശ്ശാല സ്വദേശിയായ നെടുവാന്‍വിള തെക്കേമഠവിളാകം അജി എന്ന് വിളിക്കുന്ന അജീഷിനെയാണ് നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തത്.

ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിങ്ങനെ പരിചയക്കാരില്‍നിന്ന് വാങ്ങിയ ശേഷം അത് ഉപയോഗിച്ച് തവണ വ്യവസ്ഥയില്‍ മൊബൈല്‍ ഫോണുകള്‍ വാങ്ങുകയായിരുന്നു ഇയാള്‍ ചെയ്തത്. ഇരുപതോളം പേരില്‍നിന്നും ഇത്തരത്തില്‍ രേഖകള്‍ വാങ്ങി തട്ടിപ്പ് നടത്തി. അജീഷിനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും തട്ടിപ്പിനിരയായവര്‍ ഇപ്പോള്‍ വാങ്ങാത്ത മൊബൈല്‍ ഫോണിന് മാസംതോറും ഇഎംഐ അടയ്‌ക്കേണ്ട ഗതികേടിലാണ്.

Signature-ad

തിരിച്ചറിയല്‍ രേഖകള്‍ നെയ്യാറ്റിന്‍കരയിലെ ഒരു മൊബൈല്‍ ഷോപ്പില്‍ നല്‍കിയാണ് ഫോണുകള്‍ വാങ്ങിയത്. തനിക്ക് ഫോണ്‍ ഇല്ലെന്നും അതുകൊണ്ട് വായ്പ അടിസ്ഥാനത്തില്‍ ഫോണ്‍ എടുക്കാന്‍ രേഖകള്‍ നല്‍കിയാല്‍ താന്‍ തന്നെ കൃത്യമായി പണം തിരിച്ചടച്ചുകൊള്ളാമെന്നും പറഞ്ഞാണ് അജീഷ് അയല്‍ക്കാരെ സമീപിച്ചത്. സിബില്‍ സ്‌കോര്‍ കുറവായതിനാല്‍ തന്റെ പേരില്‍ ഇഎംഐ ആയി ഫോണ്‍ വാങ്ങാന്‍ കഴിയുന്നില്ലെന്നാണ് എല്ലാവരോടും പറഞ്ഞത്. അയല്‍വാസികളായ ഇരുപതോളം പേരെ പാറശ്ശാലയില്‍ മാത്രം പറ്റിച്ചുവെന്നാണ് വിവരം.

രേഖകള്‍ നല്‍കാന്‍ തയ്യാറായ അയല്‍ക്കാരെ ഓരോരുത്തരായി നെയ്യാറ്റിന്‍കരയിലെ കടയില്‍ പല ദിവസങ്ങളിലായി കൊണ്ടുവന്ന് ഫോണുകള്‍ വാങ്ങുകയായിരുന്നു. 20,000 രൂപ മുതല്‍ 90,000 രൂപവരെ വില വരുന്ന ഫോണുകളാണ് വാങ്ങിപ്പിച്ചത്. അയല്‍വാസികള്‍ ആരും ഇത് പരസ്പരം പറഞ്ഞതുമില്ല.

ഇഎംഐ അടയ്ക്കാതെ വന്നതോടെ പല സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ തിരിച്ചറിയല്‍ രേഖയിലെ ആളുകളെ സമീപിച്ചതോടെയാണ് നടന്നത് തട്ടിപ്പായിരുന്നുവെന്ന് അറിയുന്നത്. നെയ്യാറ്റിന്‍കര അക്ഷയ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഷോപ്പ് ഉടമയുടെ സഹായത്തോടെയാണ് ഒരുപാട് പേരെ പറ്റിച്ചതെന്നും എന്നാല്‍ മൊബൈല്‍ ഷോപ്പ് ഉടമകളുടെ പേരില്‍ കേസെടുത്തില്ലെന്നും കബളിപ്പിക്കപ്പെട്ടവര്‍ ആരോപിക്കുന്നു.

അജീഷിനെ നെയ്യാറ്റിന്‍കര പൊലീസ് പിടികൂടിയെങ്കിലും അയല്‍ക്കാരെയും പരിചയക്കാരെയും കബളിപ്പിച്ച് ഇയാള്‍ വാങ്ങിക്കൂട്ടിയ ഫോണുകള്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: