മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയുടെ വീടിന് സുരക്ഷയൊരുക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. പി വി അന്‍വര്‍ ഡിജിപിക്ക് നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പൊണ് അന്‍വര്‍ ഡിജിപിക്ക് അപേക്ഷ നല്‍കിയത്.
എടവണ്ണ പൊലീസ് സ്റ്റേഷന് പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഒതായിയില്‍ അന്‍വറിന്റെ വീടിനു സമീപത്ത് സുരക്ഷക്കായി പൊലീസ് പിക്കറ്റ് പോസ്റ്റ് ഒരുക്കും. ഒരു ഓഫീസര്‍, മൂന്ന് സിപിഒ എന്നിവരെ 24 മണിക്കൂര്‍ ഡ്യൂട്ടിക്ക് നിയോഗിച്ചു. രണ്ട് സേനാംഗങ്ങളെ ഡിഎച്ച്ക്യൂവില്‍ നിന്നും ഒരു ഓഫീസറെയും ഒരു സിപിഒ എന്നിവരെ നിലമ്പൂര്‍ സബ് ഡിവിഷനില്‍ നിന്നും ഒരു ഉദ്യോഗസ്ഥന് നിര്‍ബന്ധമായും എടവണ്ണ പൊലീസ് സ്റ്റേഷനില്‍ നിന്നും ഉണ്ടായിരിക്കണമെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ ദിവസം നിലമ്പൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യം മുഴക്കിയിരുന്നു. ‘കൈയും കാലും വെട്ടി ചാലിയാര്‍ പുഴയില്‍ എറിയുമെന്നായിരുന്നു’ മുദ്രാവാക്യം. സംഭവത്തില്‍ നൂറോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം അന്‍വറിനെ അനുകൂലിച്ച് ജന്മനാടായ ഒതായിയിലെ വീടിന് മുന്നില്‍ ഫ്ലക്സ് ബോര്‍ഡ് ഉയര്‍ന്നു. ടൗണ്‍ ബോയ്സ് ആര്‍മിയുടെ പേരിലാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വിപ്ലവ സൂര്യനായി മലപ്പുറത്തിന്റെ മണ്ണില്‍ നിന്നും ജ്വലിച്ചുയര്‍ന്ന പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജന്മനാടിന്റെ അഭിവാദ്യങ്ങള്‍ എന്നാണ് ബോര്‍ഡിലുള്ളത്.