ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്വര്‍ണവ്യാപാരിയെ അക്രമിച്ച് നാല് കിലോ സ്വര്‍ണം കവര്‍ന്നു. 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ വെടിയുതിര്‍ത്ത സംഭവത്തിന് പിന്നാലെയാണ് വ്യാപാരിയെ അക്രമിച്ച് 3.5 കോടിയോളം വിലമതിക്കുന്ന സ്വര്‍ണം കവര്‍ന്നത്.
സെന്‍ട്രല്‍ ഡല്‍ഹിയിലെ കരോള്‍ബാഗിലെ വ്യാപാരിയെ അക്രമിച്ചാണ് സ്വര്‍ണം തട്ടിയെടുത്തത്. വെള്ളിയാഴ്ച രാത്രിയില്‍ നോര്‍ത്ത് ഡല്‍ഹിയിലെ ഗുലാബി ബാഗില്‍ ഓട്ടോയില്‍ യാത്രചെയ്യുകയായിരുന്നു വ്യാപാരി. യാത്രാമധ്യേ ബൈക്കിലെത്തിയ ആള് കവര്‍ച്ച നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്തിവരികയാണെന്നും പോലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച സൗത്ത് ഡല്‍ഹിയില്‍ ആഢംബര കാര്‍ ഷോറൂമിലെത്തിയ രണ്ട പേര് വെടിയുതിര്‍ത്ത് ഷോറൂമിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അഞ്ച് കോടി രൂപ ആവശ്യപ്പെട്ടാണ് ഇവര്‍ അക്രമം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ തിലക് നഗറിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.