കൊച്ചി: നടിയുടെ ലൈംഗികാരോപണം സംപ്രേഷണം ചെയ്ത സംഭവത്തില്‍ യുട്യൂബ് ചാനലുകള്‍ക്കെതിരെ കേസെടുത്ത് കൊച്ചി സൈബര്‍ സിറ്റി പൊലീസ്. നടന് ബാലചന്ദ്രമേനോന്റെ പരാതിയിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67, 67എ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
തനിക്കെതിരെ നടി ലൈംഗിക പീഡനാരോപണം ഉന്നയിച്ചതിന് പിന്നാലെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് ബാലചന്ദ്രമേനോന് പരാതി നല്‍കിയത്. ലൈംഗിക ചുവയുള്ള ഉള്ളടക്കമാണ് വിഡിയോയില്‍ ഉണ്ടായിരുന്നതെന്നും ഇതിനെതിരെ കേസെടുക്കണമെന്നുമാണ് പരാതിയില്‍ ഉണ്ടായിരുന്നത്.
നടന്മാര് ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്കിയ ഈ നടിയുടെ അഭിഭാഷകന് തന്നെ ബ്ലാക്ക്മെയില്‍ ചെയ്തെന്ന് ആരോപിച്ച് നടിക്കും അഭിഭാഷകനുമെതിരെ ബാലചന്ദ്രമോനോന്‍ മറ്റൊരു പരാതിയും നല്‍കിയിരുന്നു. ഫോണ്‍കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹിതമാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കും മുന്‍പു നടിയുടെ അഭിഭാഷകന് സംഗീത് ലൂയീസ് ഫോണില്‍ വിളിച്ചാണു ഭീഷണിപ്പെടുത്തിയതെന്ന് ബാലചന്ദ്ര മോനോന് പരാതിയില്‍ പറയുന്നു. മൂന്നു ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്നായിരുന്നു ഭീഷണി.
തന്റെ ഭാര്യയുടെ നമ്പറിലേക്കാണു വിളിച്ചത്. ഈ മാസം 13ന് ആയിരുന്നു ഇത്. തൊട്ടടുത്ത ദിവസം നടി തനിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടുവെന്നും ബാലചന്ദ്രമേനോന് പറഞ്ഞു. വലിയൊരു സംഘം ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നെന്നും പരാതിയില്‍ വിശദമായ അന്വേഷണം വേണമെന്നും ബാലചന്ദ്രമേനോന് ആവശ്യപ്പെട്ടു.
സെപ്റ്റംബര്‍ 14 നാണ് ബാലചന്ദ്രമേനോനെതിരെ പരാതി ഉടന്‍ പുറത്തുവിടുമെന്ന് നടി സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. പിന്നാലെ യുട്യൂബ് ചാനലുകള്‍ക്ക് നടി അഭിമുഖങ്ങള്‍ നല്‍കുകയായിരുന്നു.