KeralaNEWS

അങ്കമാലിയിൽ അച്ഛനമ്മമാർക്കു പിന്നാലെ, ഗുരുതരമായി പൊളളലേറ്റ 6 വയസുകാരനും മരിച്ചു

      അങ്കമാലിക്കുത്ത് പുളിയനത്ത് വീടിന് തീയിട്ട് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ഗുരുതരമായി പൊളളലേറ്റ് ചികിത്സയിലായിരുന്ന  6 വയസുകാരനായ മകൻ  ആസ്തിക്കും മരിച്ചു. എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 9 മണിയോടെയാണ് മരിച്ചത്.

വെളിയത്ത് സനല്‍ (39), ഭാര്യ സുമി (38) എന്നിവരെ വെള്ളിയാഴ്ച അര്‍ധരാത്രി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സനലിനെ തൂങ്ങി മരിച്ച നിലയിലും സുമിയെ പൊള്ളലേറ്റു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മക്കളായ അശ്വത് (11), ആസ്തിക് (6) എന്നിവര്‍ക്കും പൊളളലേറ്റിരുന്നു.

Signature-ad

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മുറിയില്‍ നിന്നു വിഷം കലര്‍ത്തിയ ഐസ്‌ക്രീം അവശിഷ്ടം പൊലീസ് കണ്ടെടുത്തു. കുട്ടികള്‍ ഉറങ്ങിയ ശേഷം കിടപ്പു മുറിയില്‍ തീകൊളുത്തിയതാകാനാണ് സാധ്യത എന്ന് പൊലീസ് പറഞ്ഞു.

പാചക വാതക സിലിണ്ടറിന്റെ പൈപ്പ് തുറന്നിട്ട നിലയിലായിരുന്നു. ആത്മഹത്യയെന്ന് സൂചന നല്‍കുന്ന കുറിപ്പും ഇവരുടെ കാറില്‍ നിന്ന്  ലഭിച്ചിട്ടുണ്ട്. സനലും സുമിയും അങ്കമാലി തുറവൂരില്‍ ജനസേവന കേന്ദ്രം നടത്തുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. കുട്ടികളുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് ഉണര്‍ന്ന നാട്ടുകാര്‍ കണ്ടത് കത്തിയെരിയുന്ന വീടാണ്. അയല്‍ക്കാര്‍ വാതില്‍ പൊളിച്ച് അകത്തു കയറുകയായിരുന്നു. ആദ്യ മുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു സനല്‍, തൊട്ടടുത്ത മുറിയിലെ കട്ടിലിൽ കത്തിക്കരിഞ്ഞ നിലയില്‍ സുമിയുടെ മൃതദേഹവും.

വാതില്‍ തുറന്നയുടന്‍ കുട്ടികള്‍ കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടി വന്നു. അശ്വതിന് മുഖത്തും കൈയിലും ചെറിയ പൊള്ളലേ ഉണ്ടായിരുന്നുള്ളു. ആസ്തിക് ശരീരമാസകലം പൊളളലേറ്റ നിലയിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സനലൻ്റെയും സുമിയുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇരുവരുടെയും സംസ്‌കാരം നടത്തി. ആസ്തികിന്റെ മൃതദേഹം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: