IndiaNEWS

യുവാവ് പാമ്പ് കടിയേറ്റു മരിച്ചു, കടിച്ച പാമ്പിനെ നാട്ടുകാർ അതേ ചിതയിൽവെച്ച് ജീവനോടെ കത്തിച്ചു

   ഛത്തീസ്ഗഡിലെ കോർബയിൽ യുവാവിൻ്റെ മരണത്തിനിടിയാക്കിയ പാമ്പിനോട് പകവീട്ടി നാട്ടുകാർ. യുവാവിൻ്റെ സംസ്കാരച്ചടങ്ങിനിടെ ചിതയ്ക്ക് മുകളിൽ പാമ്പിനെ വെച്ച് ജീവനോടെ കത്തിച്ചു. മറ്റുള്ളവർക്ക് കൂടി കടിയേൽക്കാതിരിക്കാനാണ് പാമ്പിനെ ജീവനോടെ കത്തിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

ബൈഗാമർ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയിലാണ് സംഭവം. 22കാരനായ ദിഗേശ്വർ രഥിയ ആണ് ശംഖുവരയൻ പാമ്പിൻ്റെ കടിയേറ്റ് മരിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം അത്താഴം കഴിഞ്ഞ് മുറിയിലേക്ക് ഉറങ്ങാൻ പോയതായിരുന്നു രഥിയ. കൊതുകു ശല്യമുള്ളതിനാൽ കട്ടിലിൽ കൊതുകു വല വിരിച്ചിരുന്നു.
ഈ കൊതുകുവലയ്ക്കുള്ളിൽ കടന്ന പാമ്പ് യുവാവിൻ്റെ കാലിൽ കടിക്കുകയായിരുന്നു.

Signature-ad

രഥിയ തൽസമയം വിവരം കുടുംബാംഗങ്ങളെ അറിയിച്ചു.  യുവാവിനെ ഉടൻ കോർബയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.

ഇതിനിടെ നാട്ടുകാർ ഒത്തുകൂടി പാമ്പിനെ പിടിച്ചു കുട്ടയിലാക്കി. പിന്നീട് വീട്ടില്‍ നിന്ന് യുവാവിന്റെ മൃതദേഹം വിലാപയാത്രയായി  ശ്മശാനത്തിലേക്ക് പുറപ്പെട്ടതോടെ   ഈ ശംഖുവരയൻ പാമ്പിനെയും വടിയില്‍ കയര്‍ കെട്ടി വലിച്ച് കൊണ്ടു പോയി.   പിന്നീട് യുവാവിൻ്റെ ചിതയ്ക്ക് മുകളിൽ പാമ്പിനെ ജീവനോട് വെച്ച് തീകൊളുത്തി. പാമ്പിനെ കെട്ടിവലിച്ചു കൊണ്ടുവരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

വനത്തോട് ചേർന്ന പ്രദേശമാണ് കോർബ. ഏതാണ്ട് 2 ലക്ഷം ഹെക്ടർ ഭൂമിയിൽ വ്യാപിച്ചു കിടക്കുന്നതാണ് കോർബ വനം ഡിവിഷൻ. പാമ്പുകടിയേൽക്കുന്ന സാഹചര്യം ഇവിടെ പതിവാണ്. കോർബയിൽ മാത്രം കഴിഞ്ഞ രണ്ട് വർഷത്തിനിടെ 1500 പാമ്പുകടി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഈ സംഭവം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, വന്യജീവികളോട് കരുണ കാണിക്കേണ്ടതിന്റെ ആവശ്യകത, പാമ്പുകളെ കുറിച്ച് ബോധവത്കരണം നടത്തേണ്ടതിന്റെ പ്രാധാന്യം, പാമ്പുകടിയേറ്റാല്‍ എങ്ങനെ പ്രതികരിക്കണമെന്ന് അറിയേണ്ടതിന്റെ ആവശ്യകത എന്നിവയാണ്.

പാമ്പിനെ കൊന്നതിന്  നാട്ടുകാർക്കെതിരെ നടപടിയെടുക്കില്ലെന്ന് കോർബ സബ് ഡിവിഷണൽ ഓഫീസർ ആഷിഷ് ഖേൽവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: