NEWSWorld

തൊഴിലാളി കുടുംബത്തില്‍ നിന്ന്  രാജ്യത്തിന്റെ പ്രസിഡന്റ് പദവിലേയ്ക്ക്, അറിയാം ശ്രീലങ്കയെ ചുവപ്പിച്ച അനുര കുമാര ദിസനായകെയെ കുറിച്ച്

  ശ്രീലങ്കയെ ചുവപ്പിച്ച അനുര കുമാര ദിസനായകെ ആരാണെന്നാണ് ഏവരും ഇപ്പോൾ അന്വേഷിക്കുന്നത്. 2022ൽ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികപ്രതിസന്ധി നേരിട്ടശേഷം രാജ്യത്ത്‌ നടന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ദിസനായകെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

 ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽനിന്ന് 100 കിലോമീറ്റർ അകലെ തംബുട്ടെഗാമയിലെ തൊഴിലാളി കുടുംബത്തില്‍ 1968 നവംബർ 24നായിരുന്നു അനുര കുമാര ദിസനായകെയുടെ ജനനം.

Signature-ad

തംബുട്ടെഗാമ എന്ന ഗ്രാമത്തിൽ നിന്ന് ആദ്യമായി കോളജ് വിദ്യഭ്യാസം നേടിയ വ്യക്തിയാണ് ദിസനായകെ. കെലനിയ സർവകലാശാലയിൽ നിന്ന് സയൻസിൽ ബിരുദം നേടിയ അദ്ദേഹം വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 1987ൽ മാർക്സിസ്റ്റ് ജനത വിമുക്തി പെരമുനയിൽ (ജെവിപി) അംഗമായി. 1995ൽ സോഷ്യലിസ്റ്റ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ ദേശീയ ഓർഗനൈസറും സംഘടനയുടെ കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗവുമായി.

1998ൽ ജെവിപി പൊളിറ്റ് ബ്യൂറോയിൽ ഇടം നേടിയ ദിസനായകെ 2000ൽ ആദ്യമായി ശ്രീലങ്കൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2004ൽ ചന്ദ്രിക കുമാരതുംഗെയുടെ ശ്രീലങ്ക ഫ്രീഡം പാർട്ടിയുമായി സഖ്യമുണ്ടാക്കി കാർഷിക മന്ത്രിയായി. പക്ഷേ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് 2005ൽ മന്ത്രിസ്ഥാനം രാജിവച്ചു. 2014ൽ ജെവിപിയുടെ നേതാവായി. നിലവിൽ കൊളംബോ ജില്ലയിൽ നിന്നുള്ള പാർലമെന്റംഗം.

ദിസനായകെ ആദ്യമായി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത് 2019ലാണ്. അന്ന് വെറും 3 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്. കടുത്ത അഴിമതി വിരുദ്ധ നിലപാടു പുലർത്തുന്ന, ഭരണ സംവിധാനങ്ങളിൽ സുതാര്യത ആവശ്യപ്പെടുന്ന നേതാവെന്ന പ്രതീതിയാണ് ദിസനാകെയ്‌ക്കുള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണവേളയിലും ദിസനായകെ തന്റെ പ്രസംഗങ്ങളിൽ കൂടുതൽ ഊന്നൽ നൽകിയ വിഷയങ്ങൾ ഇവയായിരുന്നു.

അധികാരത്തുടര്‍ച്ചയ്ക്കു സ്വതന്ത്രനായി മത്സരിച്ച റനില്‍ വിക്രമസിംഗെയും ഇടതുപാര്‍ട്ടിയായ ജെവിപിയുടെ അനുര കുമാര ദിസനായകെയും പ്രതിപക്ഷനേതാവായ സജിത് പ്രേമദാസയും മുന്‍പ്രസിഡന്റ് മഹീന്ദ രജപക്‌സെയുടെ മകന്‍ നമല്‍ രജപക്‌സെയുമാണ് മത്സരരംഗത്തുണ്ടായിരുന്നത്. ശക്തമായ ഈ  ചതുഷ്‌കോണമത്സരത്തിലാണ്  ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി അനുര കുമാര ദിസനായകെ
തെരഞ്ഞെടുക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: