കോട്ടയം: ചേർത്തല–കുമരകം റൂട്ടിൽ കൈപ്പുഴ മുട്ട് പാലത്തിനു താഴെ പുഴയിലേക്ക് കാർ മറിഞ്ഞ് 2 പേർ മരിച്ചു. ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹമാണ് കാറിൽ നിന്നു കിട്ടിയത്.
കൊട്ടാരക്കര സ്വദേശിയും, മഹാരാഷ്ട്ര താനേയിൽ സ്ഥിര താമസക്കാരനുമായ ജയിംസ് ജോർജ് (48), സുഹൃത്തായ മഹാരാഷ്ട്ര താനേ സ്വദേശി സാലി രാജേന്ദ്ര സർജി (27) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ എറണാകുളത്തെ കണക്ടിംങ് ക്യാബിൽ നിന്നാണ് ഇവർ കാർ വാടകയ്ക്ക് എടുത്തത്. ഇവിടെ നിന്നും കുമരകത്ത് എത്തി. തുടർന്ന് ഹൗസ് ബോട്ടിൽ സവാരി നടത്തുകയായിരുന്നു ലക്ഷ്യം. രാത്രി 9 മണിയോടെയാണ് സംഭവം.
കോട്ടയം ഭാഗത്തുനിന്നും വന്ന കാർ കൈപ്പുഴമുട്ട് പാലത്തിൻ്റെ സർവീസ് റോഡ് വഴി നേരെ പുഴയിലേക്ക് മറിയുകയായിരുന്നു. കാറിൻ്റെ ഉള്ളിൽ നിന്നും നിലവിളി ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കാർ വെള്ളത്തിൽ മുങ്ങി താണിരുന്നു. രക്ഷാപ്രവർത്തനത്തിൽ കാർ കണ്ടെത്തി കരയ്ക്കെത്തിക്കുകയും കാറിന്റെ ചില്ലുപൊട്ടിച്ച് ഇരുവരെയും പുറത്തെടുക്കുകയുമായിരുന്നു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ചെളി നിറഞ്ഞ നിലയിലാണ് കാർ കണ്ടെത്തിയത്. സായലി രാജേന്ദ്ര സർജേ എന്ന 27 കാരിയുടെ ആധാർകാർഡ് കാറിൽ നിന്നും ലഭിച്ചു. പ്രദേശത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തതാകാം അപകട കാരണമെന്നു പോലീസ് പറഞ്ഞു..