CrimeNEWS

സുഭദ്രയുടെ കൊലയാളികളെ പിടികൂടിയത് പഴുതടച്ച നീക്കത്തിലൂടെ, ഒന്നും അണുവിട പിഴച്ചില്ല

ആലപ്പുഴ: കലവൂരില്‍ കടവന്ത്ര സ്വദേശിനി സുഭദ്രയെ (73) കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കുടുക്കാന്‍ സഹായിച്ചത് ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം. ആലപ്പുഴ കാട്ടൂര്‍ സ്വദേശി നിധിന്‍ എന്ന മാത്യൂസ് (38), ഭാര്യ കര്‍ണാടക ഉഡുപ്പി സ്വദേശിനി ശര്‍മിള (36) എന്നിവരെ മണിപ്പാല്‍ പെറംപള്ളിയില്‍ നിന്നാണ് പിടികൂടിയത്.

ഫോണ്‍ നിരീക്ഷണത്തിലൂടെയാണ് ശര്‍മിള മുമ്പ് താമസിച്ചിരുന്ന ഉഡുപ്പിയില്‍ ഇരുവരും എത്തിയിട്ടുണ്ടെന്ന് പൊലീസിന് മനസിലായത്. ഇന്നലെ രാവിലെയോടെ മംഗളൂരുവില്‍ ശര്‍മിളയുടെ ഫോണ്‍ ഓണായതായി പൊലീസ് മനസിലാക്കി. ഉടന്‍ തന്നെ പൊലീസ് ഉഡുപ്പിയിലും മംഗളൂരുവിലും ശര്‍മിളയുടെ പരിചയത്തിലുള്ളവരെ ബന്ധപ്പെട്ട് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴേക്കും ഫോണ്‍ ഓഫായി.

Signature-ad

ഉച്ചയോടെ മണിപ്പാലിലെ ടവര്‍ ലൊക്കേഷന്‍ വീണ്ടും ഓണായി. ശര്‍മിള മുമ്പ് താമസിച്ചിരുന്ന പെറംപള്ളിയിലെ സ്ത്രീയുടെ വീട്ടിലാണിവരുള്ളതെന്ന് തിരിച്ചറിഞ്ഞു. ഇവരെത്തുമ്പോള്‍ ഈ സ്ത്രീ ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു. മകന്‍ മാത്രമായിരുന്നു വീട്ടില്‍.

സ്ത്രീയുടെ ഫോണ്‍ നമ്പര്‍ നേരത്തേ മനസിലാക്കിയിരുന്ന പൊലീസ് ശര്‍മിളയും മാത്യൂസും കൊലക്കേസ് പ്രതികളാണെന്നും എത്തിയാല്‍ തടഞ്ഞുവയ്ക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. ഈ വിവരം സ്ത്രീ മകനെ വിളിച്ചറിയിക്കുമ്പോഴേക്കും പ്രതികള്‍ മടങ്ങി. ഉടന്‍ മകനെ വിളിച്ച പൊലീസ്, ദമ്പതികളെ ഉടന്‍ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം മകന്‍ ഇവരെ തരിച്ചുവിളിച്ചു. ആശുപത്രിയില്‍ പോയ അമ്മ ഉടന്‍ തിരിച്ചെത്തുമെന്ന് അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മണിപ്പാല്‍ പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ തോംസണ്‍ കേരള പൊലീസിനൊപ്പം ഉണ്ടായിരുന്നു. ഇത് സ്ഥലം എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിച്ചു. മണ്ണഞ്ചേരി ഇന്‍സ്പെക്ടര്‍മാരായ നിവിന്‍, മോഹന്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കേരള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

 

Back to top button
error: