Social MediaTRENDING

മൂത്രശങ്ക മാറ്റാന്‍ സൗകര്യമില്ല! പരസ്യമായി കാര്യം സാധിച്ച സില്‍ക്കിന് ചുറ്റം നൂറുകണ്ണുകള്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അനുബന്ധമായ ചര്‍ച്ചകളുമൊക്കെ നടക്കുമ്പോള്‍ നടി സില്‍ക്ക് സ്മിതയെ കുറിച്ചുള്ള കഥകളും പ്രചരിക്കുകയാണ്. ഒരു കാലത്ത് മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെയുല്ല ഭാഷകളില്‍ ഒരേ സമയം മാര്‍ക്കറ്റുള്ള താരമായിട്ടാണ് സില്‍ക്ക് സ്മിത നിന്നിരുന്നത്. പിന്നീട് ഇതുവരെ അങ്ങനെ നിലനില്‍ക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ലെന്ന് പറയാം.

നായിക, നായകന്മാരേക്കാളും പ്രതിഫലം വാങ്ങുന്ന ഐറ്റം ഡാന്‍സര്‍ സില്‍ക്ക് സ്മിത ആയിരുന്നു. സൂപ്പര്‍താര ചിത്രങ്ങളില്‍ സില്‍ക്കിന്റെ ചെറിയൊരു സീനുണ്ടെങ്കില്‍ ഈ സിനിമ സൂപ്പര്‍ഹിറ്റാവുന്ന കാലമുണ്ടായിരുന്നു. സിനിമകളില്‍ ആവശ്യമില്ലെങ്കില്‍ പോലും നടിയുടെ ഒരു ഡാന്‍സ് കൂടി ചേര്‍ക്കണമെന്ന് വിതരണക്കാര്‍ ആവശ്യപ്പെടും.

Signature-ad

എന്നാല്‍, സിനിമയില്‍ നിന്നും വളരെ മോശമായ അനുഭവങ്ങളാണ് നടിയ്ക്ക് നേരിടേണ്ടി വന്നത്. ചിത്രീകരണത്തിനെത്തുന്ന ലൊക്കേഷനില്‍ സില്‍ക്കിന്റെ ബാത്ത്റൂമിലേക്ക് ആളുകള്‍ ഓടിക്കയറിയത് മുതല്‍ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എങ്ങനെയും അവരുടെ നഗ്‌നത കാണണമെന്ന് ആഗ്രഹിച്ചാണ് സിനിമാ ലൊക്കേഷനിലേക്ക് ആളുകള്‍ വന്നിരുന്നത്.

ചില സിനിമകളില്‍ ബാത്ത്റൂം സൗകര്യം പോലുമില്ലാതെ പുറത്തിരുന്നും കാര്യം സാധിക്കേണ്ടതായി വന്ന ഗതിക്കേടും നടിയ്ക്ക് ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ സില്‍ക്കിനുണ്ടായ അനുഭവവും സൂപ്പര്‍ താരങ്ങള്‍ പോലും ഇതിനൊരു പരിഹാരം കാണാത്തതിനെ പറ്റിയും സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ നടക്കുകയാണ്.

‘ഒരു സിനിമാ ഷൂട്ടിങ്ങിനിടെ പ്രശസ്ത നടി സില്‍ക്ക് സ്മിതക്ക് കലശലായ മൂത്രശങ്ക തോന്നി. സെറ്റില്‍ ആകട്ടെ അത് നിവര്‍ത്തിക്കാനുള്ള സംവിധാനം ഒന്നുമില്ല താനും. അവരുടെ വെപ്രാളം കണ്ട സഹ അഭിനേതാക്കളിലാരോ, തൊട്ടടുത്തുള്ള ഒരു മതിലിലേക്ക് വിരല്‍ ചൂണ്ടി, അതിന്റെ മറവില്‍ ചെയ്തോളാന്‍ പറഞ്ഞു.

സ്മിത ഓടിപ്പോയി കാര്യം സാധിച്ച് ആശ്വാസത്തോടെ നിവരുമ്പോള്‍ കാണുന്നത് ആ മതിലിന്മേലിരുന്ന് തന്നെ തുറിച്ചു നോക്കുന്ന നൂറോളം കണ്ണുകള്‍. അവരന്ന് അക്ഷരാര്‍ത്ഥത്തില്‍ കരഞ്ഞു പോയി. ഈ സെറ്റ്, സ്മിത അഭിനയിച്ച ഏതെങ്കിലും സോഫ്റ്റ് പോ പടത്തിന്റേത് ആകണമെന്നില്ല.

അന്നും സൂപ്പര്‍താര പദവിയിലിരുന്ന മമ്മൂട്ടിക്കൊപ്പവും മോഹന്‍ലാലിനൊപ്പവും അവര്‍ അഭിനയിച്ചിട്ടുണ്ട് എന്നിരിക്കേ, അത്തരം മുഖ്യധാരാ സിനിമകളിലൊന്നിന്റെ സെറ്റും ആവാം. കഴിഞ്ഞ നാലു പതിറ്റാണ്ടോളമായി ഈ രണ്ടുപേര്‍ താരരാജാക്കന്മാരായി രണ്ട് വശങ്ങളിലിരുന്ന് മലയാളം സിനിമാ ഇന്‍ഡസ്ട്രിയെ നിയന്ത്രിച്ചു കൊണ്ടിരിക്കുകയാണ്.

അവരഭിനയിക്കുന്ന ചിത്രങ്ങളില്‍ അവരുടേതാണ് അവസാന വാക്ക്. അതിന മീതെ ഉരിയാടാന്‍ നിര്‍മ്മാതാവിനോ സംവിധായകനോ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കോ ധൈര്യമുണ്ടാകില്ല തന്നെ. അവര്‍ ആവശ്യപ്പെടുന്ന ഏതു സൗകര്യവും ഒരുക്കാന്‍ പടത്തിന്റെ അണിയറക്കാര്‍ സദാ സന്നദ്ധമാണ്!

എന്നിട്ടും ഇവര്‍ ഒരിക്കലും തന്നെ, തങ്ങളുടെ സഹപ്രവര്‍ത്തകരായ സ്ത്രീകള്‍ക്ക് ശൗചാവശ്യങ്ങള്‍ക്കോ, മര്യാദക്ക് തുണി മാറാനുള്ള സംവിധാനം ഒരുക്കുന്നതിനു വേണ്ടിയോ എപ്പോഴെങ്കിലും വായ തുറന്നതായി അറിയില്ല.

ഈ അടിസ്ഥാന സൗകര്യങ്ങള്‍, കേവലം പതിനായിരങ്ങളോ ഒന്നോ രണ്ടോ ലക്ഷമോ മുടക്കിയാല്‍ ഈസിയായി ഒരുക്കാവുന്നതേയുള്ളൂ താനും. ഇവരുടെ പ്രതിഫലമടക്കം കോടികളുടെ മണിമുഴക്കമുള്ള ഒരു പടത്തിന് തീര്‍ത്തും നിസ്സാരമായ സംഖ്യ.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ലൈംഗിക കൈയേറ്റങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും പുറമേ, സ്ത്രീ അഭിനേതാക്കളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ഉള്‍പ്പെടെ നേരിടുന്ന, മനുഷ്യാവകാശ ലംഘനത്തോളം എത്തുന്ന ഇത്തരം അസൗകര്യങ്ങളും മറ്റ് അവഗണനകളും കൂടി പരാമര്‍ശിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നത്.

ഈ വലിയ സ്റ്റാറുകള്‍ മനസ്സ് വച്ചിരുന്നെങ്കില്‍, അവര്‍ക്കുള്ള പ്രിവിലേജ് ഉപയോഗിച്ച് തന്നെ തൊഴിലിടം ഏവര്‍ക്കും മനോഹരമായ ഉദ്യാനമെന്നോണം മാറ്റി തീര്‍ക്കാനാകുമായിരുന്നു…’ എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്ന കുറിപ്പില്‍ പറയുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: