IndiaNEWS

ഹരിയാന ബി.ജെ.പിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; രണ്ടാം പട്ടികയ്ക്കു പിന്നാലെ കോണ്‍ഗ്രസില്‍നിന്നു വന്ന മുന്‍മന്ത്രി ‘ആപ്പി’ല്‍

ചണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ പുകഞ്ഞുകൊണ്ടിരിക്കുന്ന ഹരിയാന ബിജെപിയില്‍ കൊഴിഞ്ഞുപോക്കുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശിവ് കുമാര്‍ മെഹ്തയും പാര്‍ട്ടി വക്താവ് സത്യവ്രത് ശാസ്ത്രിയും രാജി വച്ചു. സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണ് രാജി. രണ്ടാം പട്ടികയില്‍ ഏഴ് സിറ്റിങ് എംഎല്‍എമാരെ ഒഴിവാക്കിയിരുന്നു. രണ്ട് മന്ത്രിമാരും ഇടംപിടിച്ചില്ല.

മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവും ബൗദ്ധിക വിഭാഗം തലവനുമായ പ്രൊഫ.ഛത്തര്‍പാല്‍ സിങ്ങും രാജിവച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് സിങ്ങിന്റെയും രാജി. പാര്‍ട്ടി വിട്ട സിങ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. സിങ്ങിനോടൊപ്പം തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് അംഗവും നടന്‍ രാജ് കുമാറിന്റെ ഭാര്യാസഹോദരനുമായ സുനില്‍ റാവുവും ബിജെപി വിട്ട് എഎപിയിലേക്ക് ചേക്കേറിയിട്ടുണ്ട്.

Signature-ad

കഴിഞ്ഞ ദിവസമാണ് സിങ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്. പാര്‍ട്ടി അവഗണിച്ചതില്‍ മനംനൊന്താണ് രാജിവയ്ക്കുന്നതെന്നായിരുന്നു വിശദീകരണം.

മുന്‍ കോണ്‍ഗ്രസ് നേതാവായ ഛത്തര്‍പാല്‍ 2014ലാണ് ബിജെപിയില്‍ ചേര്‍ന്നത്. സുനില്‍ റാവു രേവാരി ബിജെപി ജില്ലാ വൈസ് പ്രസിഡന്റും ദേശീയ എക്സിക്യൂട്ടീവില്‍ കിസാന്‍ മോര്‍ച്ചയുടെ ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവും സംസ്ഥാന കണ്‍വീനറുമായിരുന്നു. മറ്റൊരു ബിജെപി നേതാവും റെവാരി മുന്‍ ജില്ലാ പരിഷത്ത് ചെയര്‍മാനുമായ സതീഷ് യാദവും കഴിഞ്ഞ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ബിജെപി വിട്ട നേതാക്കളെ എഎപിയുടെ മുതിര്‍ന്ന നേതാവും എംപിയുമായ സഞ്ജയ് സിംഗ്, സംസ്ഥാന അധ്യക്ഷന്‍ സുശീല്‍ ഗുപ്ത എന്നിവര്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

അതേസമയം, 11 സ്ഥാനാര്‍ഥികളെ കൂടി ഉള്‍പ്പെടുത്തി എഎപി മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ദിവസം പാര്‍ട്ടി ഒമ്പത് സ്ഥാനാര്‍ഥികളുടെ രണ്ടാം പട്ടിക പുറത്തിറക്കിയിരുന്നു. ഹരിയാന ആം ആദ്മി അധ്യക്ഷന്‍ സുശീല്‍ ഗുപ്ത രണ്ട് ലിസ്റ്റുകളിലും ഇടംപിടിച്ചില്ല. കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് എഎപിയുടെ 20 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക തിങ്കളാഴ്ച പുറത്തുവിട്ടത്. 90 സീറ്റുകളിലും പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതുവരെ 40 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.

ഹരിയാന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി ഭൂപിന്ദര്‍ സിങ് ഹൂഡക്കെതിരെ പ്രവീണ്‍ ഗുസ്ഖാനിയെയാണ് ഗാര്‍ഹി സാംപ്ല-കിലോയ് മണ്ഡലത്തില്‍ എഎപി രംഗത്തിറക്കിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. ഒക്ടോബര്‍ 5നാണ് തെരഞ്ഞെടുപ്പ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: