ചെന്നൈ: ഹേമകമ്മറ്റിക്ക് പിന്നാലെ മലയാള സിനിമാലോകം തുറന്നുവിട്ട മീടു, സിനിമാ രംഗത്തെ ലൈംഗീകപീഡനാരോപണങ്ങള് കാട്ടുതീ പോലെ മറ്റ് ഭാഷകളിലേക്കും പടരുന്നു. കന്നട തെലുങ്ക് ഉള്‍പ്പടെയുള്ള ഭാഷകളില്‍ ഹേമ കമ്മറ്റിക്ക് സമാനമായ കമ്മറ്റി രൂപീകരണം ആവശ്യപ്പെടുമ്പോള്‍ തമിഴില്‍ ഐസിസി രൂപീകരണത്തിന് ഒപ്പം തന്നെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും ഉണ്ടാകുന്നുണ്ട്. മുന്‍ സിനിമാ താരവും ഇപ്പോള്‍ സൈക്കോളജിസ്റ്റുമായ ഡോ.സുജാത അഥവ സൗമ്യയുടെ വെളിപ്പെടുത്തല്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ സിനിമാ ലോകത്തെ തന്നെ നടുക്കാന്‍ കഴിവുള്ള ഒന്നാണ്.
തമിഴിലെ ഒരു പ്രമുഖ സംവിധായകന് നേരെയാണ് നടിയുടെ വെളിപ്പെടുത്തല്‍.തെന്നിന്ത്യയിലെ പ്രശസ്ത നടിയുടെ ഭര്‍ത്താവും നടനുമായിരുന്ന തന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകനില്‍ നിന്നും അന്ന് പതിനെട്ടു വയസുള്ള ഡോ. സുജാത നേരിട്ട അനുഭവങ്ങളെ കുറിച്ചാണ് അവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സംസാരിക്കുന്നത്. പ്രമുഖ സംവിധായകന് തന്നെ മാനസികമായും ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്ന് നടി സൗമ്യയാണ് വെളിപ്പെടുത്തിയത്. ലൈംഗിക അടിമയാക്കിയാണ് തന്നെ പ്രമുഖ സംവിധായകന് ഉപയോഗിച്ചതെന്നും പതിനെട്ട് വയസ്സ് മാത്രമുള്ളപ്പോഴാണ് തനിക്ക് ദുരനുഭവം നേരിട്ടതെന്നും അവര്‍ പറഞ്ഞു.
മുപ്പത് വര്‍ഷത്തോളമെടുത്താണ് ഈ ദുരനുഭവങ്ങളില്‍ നിന്ന് താന്‍ കരകയറിയതെന്നും ലക്ഷ്മി രാമകൃഷ്ണനു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. സൗമ്യ എന്ന പേരില്‍ ഒരു പക്ഷെ മലയാളിക്ക് ഈ നടിയെ മനസിലാകണം എന്നില്ല. പക്ഷെ അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ എന്ന ഒറ്റ ഗാനം മതിയാകും ഈ നടിയെ മലയാളി തിരിച്ചറിയാന്‍. മലയാളത്തില്‍ ‘നീലകുറുക്കന്‍,’ ‘അദ്വൈതം,’ ‘പൂച്ചയ്ക്ക് ആര് മണികെട്ടും’ എന്നീ ചിത്രങ്ങളില്‍ വേഷമിട്ട സൗമ്യ എന്ന ഡോ. സുജാതയാണ് ഇപ്പോള്‍ തന്റെ അനുഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഒരു ഫാദര്‍ ഫിഗര്‍ ആയി നിന്ന് കൊണ്ട് തന്നെ എങ്ങനെയാണ് അയാള്‍ തന്നെ ഒരു ‘സെക്സ് സ്ലേവ്’ആക്കിയത് എന്നാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ഡോ. സുജാത പറയുന്നത്. അഭിമുഖത്തിലെ വെളിപ്പെടുത്തല്‍ ഇങ്ങനെ..
”അന്നെനിക്ക് 18 വയസ്സായിരുന്നു പ്രായം. ഗേള്‍സ് സ്കൂളിലായിരുന്നു പഠനം. കോളജില്‍ ആദ്യ വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നപ്പോഴാണ് സിനിമാ ഓഫര്‍ വരുന്നത്.എന്റെ കോളനിയിലാണ് നടി രേവതി താമസിച്ചിരുന്നത്.അവരെപ്പോലെ ആവണം എന്ന് ഞാന്‍ ആഗ്രഹിച്ചു. അന്ന് കൂടുതലും കണ്ടിരുന്നത് ഹിന്ദി, മലയാളം സിനിമകളാണ്.എന്റെ വീട്ടുകാര്‍ക്ക് സിനിമയോട് വലിയ താത്പര്യം ഉണ്ടായിരുന്നില്ല. അമ്മ വളരെ എതിര്‍ത്തിരുന്നു.അച്ഛന് ആര്‍മിയിലായത് കൊണ്ട് കുറച്ചു കൂടി വലിയ വീക്ഷണം ഉണ്ടായിരുന്നു അദ്ദേഹത്തിന്. അച്ഛന് സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിച്ചിരുന്നു.
ആദ്യമായി ഒരു തമിഴ് സിനിമയുടെ സ്ക്രീന്‍ ടെസ്റ്റിനാണ് പോയത്. സിനിമയിലെ അറിയപ്പെടുന്ന ഒരു ദമ്പതികളുടെ സിനിമയായിരുന്നു അത്. അമ്മയ്ക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു ഞാന്‍ സിനിമയിലേക്കു പോകുന്നത്. അവരോട് ആ സമയത്ത് വഴക്കു കൂടിയാണ് സമ്മതം മേടിച്ചത്. അങ്ങനെ സ്ക്രീന്‍ ടെസ്റ്റിനുപോയി. ആ പുരുഷന്റെ അടുത്ത് ഞാന്‍ ഒട്ടും കംഫര്‍ട്ട് ആയിരുന്നില്ല.മുപ്പത് വര്‍ഷം കഴിഞ്ഞ് ഞാന്‍ മനസ്സിലാക്കുന്നു, അത് എന്റെ ശരീരത്തിന്റെ പ്രതികരണമായിരുന്നുവെന്ന്.കടുത്ത പനിയുമായാണ് ഞാന്‍ തിരിച്ചു വീട്ടിലെത്തിയത്.
വീട്ടില്‍ കാര്യങ്ങളൊന്നും അവതരിപ്പിച്ചില്ല.പക്ഷേ എന്റെ ക്ലാസ് ടീച്ചറിനോട് നടന്നതെല്ലാം പറഞ്ഞു.അങ്ങനെ സിനിമയ്ക്കു പോകില്ലെന്ന് തീരുമാനിച്ചു.പക്ഷേ അയാളുടെ ഭാര്യ എന്റെ അച്ഛനെ വിളിച്ചു.അങ്ങനെ നീണ്ട സംസാരത്തിനുശേഷം ഏഴ് ലക്ഷം രൂപയുടെ കാര്യം അവരോട് അച്ഛന് പറഞ്ഞു.എന്നെ മനസ്സില്‍ വച്ച് അവര്‍ പലതും ആരംഭിച്ചു, നീ വന്നില്ലെങ്കില്‍ ഒരുപാട് തുക നഷ്ടമാകും എന്നാണ് അവര്‍ പറഞ്ഞതെന്ന് അച്ഛന് എന്നെ അറിയിച്ചു.അന്ന് അത് വലിയ തുകയാണ്.അവര്‍ അങ്ങനെ അച്ഛനെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.അച്ഛന്റെ നിര്‍ബന്ധത്തില്‍ ആ സിനിമ ചെയ്യാന്‍ തീരുമാനിച്ചു.
സിനിമയില്‍ ഒരു പശ്ചാത്തലവുമില്ലാത്തതിനാല്‍ അവരുടെ വീട്ടില്‍ പോയാണ് നൃത്തവും മറ്റും അഭ്യസിച്ചിരുന്നത്.അയാള്‍ എന്നോട് മിണ്ടാനെ വന്നിരുന്നില്ല.അതായിരുന്നു ഞാന്‍ അവരോട് വച്ച നിബന്ധനയും.താങ്കളുടെ ഭര്‍ത്താവിനൊപ്പം ജോലി ചെയ്യാന്‍ എനിക്ക് ചെറിയ പ്രശ്നങ്ങളുണ്ടെന്ന് ഞാന്‍ ആദ്യമേ അയാളുടെ ഭാര്യയോട് പറഞ്ഞിരുന്നു.അത് ഭാര്യ, നേരേ ഭര്‍ത്താവിനോട് പോയി പറഞ്ഞു. പിന്നീടാണ് അയാള്‍ മിണ്ടായതും ദേഷ്യപ്പെടാന്‍ തുടങ്ങിയതും.ഭാര്യ സംവിധാനം ചെയ്യുന്ന സിനിമ എന്ന് പറഞ്ഞാണ് ഒപ്പു വച്ചത്.എന്നാല്‍ അത് പേപ്പറില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമ സംവിധാനം ചെയ്തത് ഭര്‍ത്താവായിരുന്നു.ആ സെറ്റ് ഭരിക്കുന്നതയും അയാളായിരുന്നു.
വീട്ടിലെ പുരുഷന്മാരെ ബഹുമാനിക്കണം എന്നു പറഞ്ഞു പഠിപ്പിച്ച കുടുംബത്തില്‍ നിന്നുമാണ് ഞാന്‍ വരുന്നത്.അതുകൊണ്ടുതന്നെ ക്രമേണ എനിക്കും അയാളെ സര് എന്നു വിളിക്കേണ്ടി വന്നു.ഞാനൊരു നല്ല വിദ്യാര്‍ഥിയായി മാറി. സെറ്റില്‍ പറയുന്നതെല്ലാം അനുസരിച്ചു.പക്ഷേ അയാള്‍ എന്നെ മനഃപൂര്‍വം ഒഴിവാക്കി. എന്റെ നേരെ നോക്കുക പോലുമില്ലായിരുന്നു.ഭാര്യയോടാണ് എന്നെക്കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞിരുന്നത്. അതെന്നെ വളരെ അസ്വസ്ഥയാക്കി.ഞാന്‍ അയാള്‍ പറയുന്നത് പോലെ അനുസരിക്കാന്‍ തുടങ്ങി.താന്‍ കാരണം ആരും ദേഷ്യപ്പെടരുതെന്നും വിഷമിക്കരുതെന്നുമാണ് അന്ന് കരുതിയത്.അങ്ങനെ അയാള്‍ അല്‍പ്പം കൂടി മയപ്പെട്ടു.
മെല്ലെ മെല്ല അയാളുടെ ദേഷ്യം മാറി, സൗഹൃദത്തിലായി. അവര്‍ രണ്ടു പേരും, ഞാന്‍ അവരുടെ മകളെപ്പോലെ എന്ന് പറഞ്ഞു. വീട്ടില്‍ കിട്ടാത്ത സ്നേഹവും സ്വാതന്ത്ര്യവുമെല്ലാം എനിക്ക് ആ വീട്ടില്‍ കിട്ടി തുടങ്ങി.18 വയസ്സ് ശരീരത്തില്‍ പ്രകടമായിരുന്നെങ്കിലും മാനസികമായി 12കാരിയുടെ മനസ്സായിരുന്നു അന്ന് എനിക്ക്.അവര്‍ പതിയെ പതിയെ എന്നെ നിയന്ത്രണത്തിലാക്കുകയായിരുന്നു.
എന്നോട് വലിയ സ്നേഹം കാണിക്കുമായിരുന്നു.എന്നെ മകളെന്ന് വിളിച്ച് മില്‍ക്ക് ഷേയ്ക്കും മറ്റും ഈ ദമ്പതികള്‍ ഇടയ്ക്കിടെ വാങ്ങിച്ചു തരുമായിരുന്നു.അയാള്‍ എന്നെ മകളെപ്പോലെ കാണാന്‍ തുടങ്ങിയപ്പോള്‍ നേരത്തെ ഭാര്യയോട് പറഞ്ഞതൊക്കെ എന്റെ തെറ്റാണെന്ന് തോന്നിത്തുടങ്ങി.
ഒരു ഷെഡ്യൂളില്‍ അവരുടെ വീട്ടില്‍വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം.രാവിലെ അവരുടെ വീട്ടില്‍ ചെല്ലും ഒരുമിച്ച് ഭക്ഷണം കഴിക്കും, എന്നെ കാണാന്‍ അവരുടെ മകളെപ്പോലെ തന്നെയാണെന്ന് പറയുമായിരുന്നു.ആ കുട്ടിയും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സത്യത്തില്‍ ഈ പെണ്‍കുട്ടി അയാളുടെ സ്വന്തം മകളായിരുന്നില്ല.ഭാര്യയുടെ ആദ്യവിവാഹത്തിലെ മകളാണ്.ആ കുട്ടി ഇയാള്‍ക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ച് വീടു വിട്ടുപോവുകയായിരുന്നു.ആ കുട്ടി നുണ പറയുകയാണെന്നാണ്, അന്ന് അയാളും ഭാര്യയും പറഞ്ഞത്.
അന്ന് ആ കുട്ടിയെ ഞാനും കുറ്റം പറഞ്ഞു. ഇത്രയും നല്ല മനുഷ്യനെക്കുറിച്ചാണോ പീഡിപ്പിച്ചു എന്നൊക്കെ പറയുന്നതെന്ന് ചിന്തിച്ചു. എന്നേക്കാള്‍ ഒരു വയസ്സ് കൂടുതലായിരുന്നു ആ മകള്‍ക്കുണ്ടായിരുന്നത്.അങ്ങനെ ഞാന്‍ അവരുടെ മകളായി മാറി. പക്ഷേ എന്റെ വീട്ടില്‍ പ്രശ്നങ്ങള്‍ തുടങ്ങി. സ്വന്തം അച്ഛനോടും അമ്മയോടും വഴക്കുണ്ടാക്കാന്‍ തുടങ്ങി. ഇവിടെ എന്നെ മകളെപ്പോലെ തന്നെ ആ ദമ്പതികള്‍ കൊഞ്ചിച്ച് വളര്‍ത്തുന്നുണ്ടായിരുന്നു.ഒരിക്കല്‍ അയാളുടെ ഭാര്യ ഇല്ലാതിരുന്ന സമയത്ത് എന്നെ ചുംബിച്ചു, ഇഷ്ടമാണെന്നു പറഞ്ഞു. ഞാന്‍ മരവിച്ചുപോയി. അതെക്കുറിച്ച് എനിക്ക് ആരോടും പറയാന്‍ സാധിക്കുമായിരുന്നില്ല.
ഗേള്‍സ് സ്കൂളില്‍ പഠിച്ചു വളര്‍ന്ന ഞാന്‍ ഒരു ആണ്‍കുട്ടിയെ തൊട്ടിട്ടുപോലുമില്ല. പ്രണയം പോലും ഉണ്ടായിരുന്നില്ല. സിനിമയിലൂെടയാണ് പലതും മനസ്സിലാക്കിയത്.നിങ്ങളെ ഒരാള്‍ ചുംബിച്ചാല്‍, ഇഷ്ടമാണെന്നു പറഞ്ഞാല്‍ സിനിമയിലേതുപോലെ തിരിച്ചു അവരെയും സ്നേഹിക്കണം എന്നായിരുന്നു എന്റെ ധാരണ.അതാണ് എന്റെയൊക്കെ തലമുറയില്‍ സിനിമ ചെയ്ത ഏറ്റവും വലിയ തെറ്റ്.അയാള്‍ക്കൊരു നാല്പത് വയസ്സുണ്ട്.ഞാന്‍ അച്ഛനെന്നും അധ്യാപകനെന്നും സംവിധായകനെന്നും കരുതിയ ഒരാള്‍. അയാളാണ് എന്നെ ചുംബിച്ചത്. ഞാന്‍ തിരിച്ചൊന്നും പ്രതികരിച്ചില്ല.എന്റെ സുഹൃത്തുക്കളോട് നടന്നതൊക്കെ പറയണം എന്നുണ്ടായിരുന്നു.
പക്ഷേ ഒരു പതിനെട്ടുകാരിക്ക് ആ സമയത്ത് ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ കഴിയുമായിരുന്നില്ല. ഒരോ ദിവസം കഴിയും തോറും ഉപദ്രവവും വര്‍ധിച്ചു.അയാളുടെ ഭാര്യ മുകളിലെ നിലയില്‍ ഉള്ളപ്പോള്‍പോലും എന്നെ ഉപദ്രവിച്ചു.പതിയെ പതിയെ എന്റെ ശരീരത്തിനെ കീഴ്പ്പെടുത്താന്‍ തുടങ്ങി.സിനിമയില്‍ വിവാഹരംഗം ചിത്രീകരിക്കുന്ന ദിവസം, താലികെട്ട് ചിത്രീകരിച്ചതിനു ശേഷമായിരിക്കും ഞാന്‍ നിന്നെ ‘ടേക്ക്’ ചെയ്യുന്നത് എന്ന് അയാള്‍ പറഞ്ഞു.ഷോട്ട് കഴിഞ്ഞതും അയാള്‍ ദേഷ്യത്തിലായിരുന്നു. തിരിച്ചു ഞങ്ങള്‍ വീട്ടിലെത്തിയപ്പോള്‍ ഭാര്യ അവിടെ ഇല്ലായിരുന്നു.
ഷൂട്ടിങിനു ധരിച്ച പട്ടുസാരിയോടെ അയാള്‍ എന്നെ കട്ടിലിലേക്കു കിടത്തി.ഞാന്‍ നോ പറഞ്ഞെങ്കിലും അയാള്‍ സമ്മതിച്ചില്ല. അത് അവസാനം ലൈംഗിക പീഡനം വരെയെത്തി.പിന്നീട് ഏറെ നാള് ഞാന്‍ അയാളുടെ സെക്സ് സ്ലേവ് എന്ന പോലെയായിരുന്നു. അയാള്‍ക്ക് തോന്നുന്നത് പോലെയെല്ലാം എന്നെ ഉപയോഗിച്ചു.ഒരു നാള് ഒരു ഇരുമ്പ് കമ്പി കയറ്റി.അങ്ങനെ പല തരം ടോര്‍ച്ചറുകളിലൂടെ ഞാന്‍ കടന്നു പോയി.
മാസങ്ങളോളം അയാള്‍ എന്റെ ശരീരം ഉപയോഗിച്ചു.എന്നെ ലൈംഗികമായി ഉപദ്രവിക്കുമ്പോള്‍ തന്നെ മറുവശത്ത് എന്നോട് സ്നേഹമുണ്ട് എന്നും എന്നില്‍ കുഞ്ഞു വേണം എന്ന് ആഗ്രഹിക്കുന്നു എന്നുമൊക്കെ പറയുമായിരുന്നു.മകള്‍ എന്ന് വിളിക്കുകയും അതേ സമയം എന്നില്‍ ഒരു കുഞ്ഞു വേണം എന്നുമൊക്കെ പറഞ്ഞ് എന്റെ മനസ്സിനെ വരെ തകര്‍ത്തു കളഞ്ഞു.പിന്നീട് ഏറെ നാളുകള്‍ക്ക് ശേഷമാണ്, ഇതൊരു റേപ്പ് ആണ്, ഞാന്‍ മുതലെടുക്കപ്പെട്ടു എന്ന് മനസ്സിലാവുന്നത്.ഞാന്‍ വഴങ്ങാന്‍ കാരണം എനിക്ക് സമ്മതമായിരുന്നത് കൊണ്ടല്ല മറിച്ച് പിതൃമേധാവിത്വ രീതിയിലുള്ള എന്റെ കണ്ടിഷനിങ് കൊണ്ടാണ്.
പ്രായം കൊണ്ടും അത് വരെ ജീവിച്ച ഒരു ഷെല്റ്റെര്ഡ് ജീവിതം കൊണ്ടും വളരെ വള്‍നറബിള്‍ ആയിരുന്ന എന്നെ അയാള്‍ തന്റെ വഴിക്ക് കൊണ്ട് വരികയായിരുന്നു. അതിനു മുന്‍പ് എനിക്ക് റൊമാന്റിക് ബന്ധങ്ങള്‍ ഉണ്ടായിരുന്നില്ല. എന്റെ പ്രായത്തില്‍ പെട്ട ആണ്‍കുട്ടികള്‍ ഇഷ്ടമാണ് എന്നും മറ്റും പറയുമ്പോള്‍ എനിക്ക് താത്പര്യമില്ല എന്ന് പറഞ്ഞു ഒഴിവാക്കാന്‍ സാധിച്ചിരുന്നു. ഇവിടെ ഒരു പ്രായം ചെന്നയാള്‍, ഞാന്‍ മകളെപ്പോലെ എന്ന് പറഞ്ഞിരുന്ന ഒരാള്‍ ഒരു അഡ്വാന്‍സ് നടത്തിയപ്പോള്‍ ഞാന്‍ ഫ്രീസ് ചെയ്തു പോയി.
അന്ന് എന്റെ വീട്ടുകാരും എന്നില്‍ നിന്നും അകന്നു തുടങ്ങിയിരുന്നു.കാരണം അവരേക്കാള്‍ ഞാന്‍ സ്നേഹിച്ചിരുന്നത് ഈ മനുഷ്യന്റെ കുടുംബത്തെയായിരുന്നു.വീട്ടുകാര്‍ക്കറിയില്ലല്ലോ ഇയാള്‍ എന്നെ ചൂഷണം ചെയ്യുകയായിരുന്നുവെന്ന്.അവസാനം ഞാന്‍ അയാളില്‍ നിന്നും ഓടിയൊളിക്കാന്‍ തീരുമാനിച്ചു.എന്റെ വീട്ടില്‍ ഞാന്‍ ഒറ്റപ്പെട്ടു.പക്ഷേ ഇതിനെയൊക്കെ പതുക്കെ പതുക്കെ അതിജീവിക്കാന്‍ തുടങ്ങി.
മലയാള സിനിമയില്‍ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ചും സുജാത അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. വളരെ മോശം അനുഭവമാണ് മലയാളസിനിമാ മേഖലയില്‍ താന്‍ നേരിട്ടത്.ഡാന്‍സ് റിഹേഴ്സല്‍ സമയത്ത് നടന്മാര് കൃത്യമായി അഭിനയിക്കും. പക്ഷേ ഫൈനല്‍ ഷോട്ട് വരുമ്പോള്‍ നെഞ്ചിലും മറ്റു ഭാഗങ്ങളിലും വേറൊരു രീതിയില്‍ സ്പര്ശിച്ചിട്ടുപോകുമെന്നും ഇവര്‍ പറയുന്നു. മലയാളത്തിലെ അനുഭവം സുജാത വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്
കോഴിക്കോട് ആദ്യമായി ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്ന സമയം.അഭിനേതാക്കളും സംവിധായകനുമൊക്കെ ഒരു ഹോട്ടലിലായിരുന്നു താമസം.അന്ന് എന്റെ കൂടെ ഉണ്ടായിരുന്ന മേക്കപ്പ്മാന് ആണ് എന്നെ സംരക്ഷിച്ചിരുന്നത്.പക്ഷേ ഈ മേക്കപ്പ്മാനെ അയച്ചിരുന്നത് എന്നെ ഉപദ്രവിച്ച ആ മനുഷ്യന് തന്നെയായിരുന്നു.അവിടെ ഇരുന്ന് ഞാന്‍ പല കഥകളും കേട്ടു. അര്‍ധരാത്രി ജൂനിയര്‍ ആര്ടിസ്റ്റുകള് അടക്കമുള്ളവരെ റൂമിലേക്കു വിളിക്കുന്നതും മറ്റും.
ഒരു സിനിമയുടെ ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് എന്നെ തള്ളിമാറ്റുന്ന രംഗമുണ്ട്. അതെല്ലാം റിഹേഴ്സല്‍ ചെയ്തു. ഫൈനല്‍ ടേക്കില്‍ വില്ലനായി അഭിനയിക്കുന്ന നടന് അയാളുടെ വായില്‍ ചവച്ചുകൊണ്ടിരുന്ന പാന്‍ എന്റെ മുഖത്തേക്കു തുപ്പി. ഞാന്‍ ഞെട്ടിപ്പോയി. പക്ഷേ ഇത് അവര്‍ നേരത്തെ തന്നെ പ്ലാന്‍ ചെയ്തിരുന്നു, എന്നോടു മാത്രം പറഞ്ഞിരുന്നില്ല. ഞാനൊരു പെണ്‍കുട്ടിയായതുകൊണ്ടും ചെറുപ്പമായതുകൊണ്ടാണ് ചൂഷണം ചെയ്തത്.ഒരു ദിവസം മേല്‍മുണ്ട് ധരിച്ചൊരു സീന്‍ ചെയ്യണം. അതെനിക്കു കഴിയില്ലെന്നും ഒട്ടും കംഫര്‍ട്ട് അല്ലെന്നും സംവിധായകനോടു പറഞ്ഞു. ഒന്നും േപടിക്കേണ്ട വെള്ളത്തില്‍ നിന്നു പൊങ്ങുന്ന ഒരു ഷോട്ട് മാത്രമാണിതെന്നും ക്യാമറ ആംഗിളില്‍ മോശമായി ഒന്നും ഷൂട്ട് ചെയ്യില്ലെന്നും സംവിധായകന് ഉറപ്പിച്ചു പറഞ്ഞു.പക്ഷേ ഷോട്ടെടുത്ത് കഴിഞ്ഞപ്പോള്‍ എന്റെ കഴുത്ത് മുഴുവന്‍ കാണാമായിരുന്നു. അച്ഛന്റെയും അമ്മയുടെയും മുന്നില്‍ ഞാന്‍ നാണം കെട്ടു.
ഇനി അവസാനമായി എന്നെ തകര്‍ത്തൊരു സംഭവം പറയാം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിച്ചിട്ടുള്ള ഒരു നടന്, അന്നെനിക്കൊപ്പം അഭിനയിക്കുന്ന സമയം. അയാള്‍ എന്നെ വിളിപ്പിച്ചു. അയാളുടെ ഭാര്യയും സെറ്റില്‍ എപ്പോഴും കൂടെയുണ്ട്. ഇയാള്‍ എന്തൊക്കെ ചെയ്യും എന്ന ഭയം കൊണ്ടാണ് ഇവര്‍ ഒപ്പം സഞ്ചരിക്കുന്നത്. പക്ഷേ അതെനിക്കൊരു ഷോക്ക് ആയിരുന്നു. എന്തോ പന്തികേട് എനിക്കു തോന്നി. മോശം പെരുമാറ്റ സ്വഭാവമുള്ള നടനൊപ്പം അഭിനയിക്കാന്‍ എനിക്ക് താല്പര്യമില്ലായിരുന്നു. അതോടെ സിനിമ തന്നെ അവസാനിപ്പിച്ചു. പഠനം തുടരാന്‍ തീരുമാനിച്ചു.
എന്നിരുന്നാലും ഒരുപാട് തെറാപ്പികള്‍ ചെയ്താണ് ട്രോമയില്‍ നിന്നും തിരികെ ജീവിതം തിരിച്ചുപിടിച്ചത്.ഇത്രയും വര്‍ഷങ്ങള്‍ മനസ്സില്‍ അടക്കി വച്ച കാര്യങ്ങള്‍ പറയാന്‍ ധൈര്യം തന്നത് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ആണ്. അത് വന്നപ്പോള്‍ ആശ്വാസം ആണ് തോന്നിയത്, ഇപ്പോള്‍ എന്റെ കാര്യങ്ങളും പറയണം എന്ന് തോന്നി, ഇതിനു മുന്‍പ് വരെ ഭയമായിരുന്നു. നിയമ വഴിയില്‍ പോകണം എന്നില്ല, മറ്റൊരു രാജ്യത്താണ് ജീവിക്കുന്നത്.
ഉപദ്രവിച്ചയാള്‍ക്ക് 70 വയസ്സില്‍ കൂടുതല്‍ ആയി. ആരെയെങ്കിലും ജയിലില്‍ ഇട്ടിട്ടു എനിക്കൊന്നും കിട്ടാനില്ല.ദൈവം എന്റെ കൂടെയുണ്ട് എന്നാണു കരുതുന്നത്.ഒരു വിവാദം ഉണ്ടാക്കണം എന്ന് ആഗ്രഹമില്ല,പക്ഷേ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഇതറിയണം അറിയണം എന്നുണ്ട്. കണ്‍സെന്റ് എന്ന കാര്യത്തെ കുറിച്ച് ഇപ്പോള്‍ നമ്മള് സംസാരിക്കുന്നത് ടിപ്പ് ഓഫ് ദ് ഐസ്ബര്‍ഗ് ആണ്.കേരളം മാത്രമല്ല, സിനിമ മാത്രമല്ല, എല്ലായിടത്തും ഈ സംഭാഷണം എത്തണം എന്ന് ആഗ്രഹിക്കുന്നു.”എന്നും പറഞ്ഞാണ് സംസാരം അവസാനിപ്പിക്കുന്നത്.