KeralaNEWS

എ.ഡി.ജി.പിയുടെ ആര്‍.എസ്.എസ് ബന്ധത്തില്‍ ഇടഞ്ഞ് സിപിഐ; എന്ത് ഉത്തരവാദിത്തമെന്ന് ഗോവിന്ദന്‍

തിരുവനന്തപുരം: ആര്‍എസ്എസ് നേതാവും എഡിജിപിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച ദുരൂഹമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ”എല്‍ഡിഎഫ് ചെലവില്‍ ഒരു ഉദ്യോഗസ്ഥാനും അങ്ങനെ ചര്‍ച്ച നടത്തേണ്ട. വിജ്ഞാന ഭാരതി പ്രതിനിധിക്ക് ഒപ്പം എന്ത് വിജ്ഞാനം പങ്കുവയ്ക്കാനാണോ എഡിജിപി പോയത്? കൂടിക്കാഴ്ചയുടെ വിവരം ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കണം. ആര്‍എസ്എസിനും എല്‍ഡിഎഫിനുമിടയില്‍ ഒരു ആശയ ചര്‍ച്ചയുമില്ല. എഡിജിപിയും ആഎസ്എസ് നേതാവും ഇടതു ചെലവില്‍ ചര്‍ച്ച നടത്തേണ്ട. ഇക്കാര്യത്തില്‍ അന്വേഷണം വേണം.” ബിനോയ് വിശ്വം പറഞ്ഞു.

കൂടിക്കാഴ്ച നടന്നെങ്കില്‍ അത് ഗൗരവതരമെന്ന് തൃശൂരിലെ സിപിഐ സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാറും പറഞ്ഞു. എഡിജിപി-ആര്‍എസ്എസ് നേതാവിനെ കണ്ടെന്നത് നിലവില്‍ വാര്‍ത്തയാണ്. വസ്തുത എന്തെന്ന് പുറത്തുവന്നിട്ടില്ല. അത്തരത്തില്‍ കൂടിക്കാഴ്ച നടന്നെങ്കില്‍ അത് ഗുരുതരമായ കാര്യമാണ്. ആ കൂടിക്കാഴ്ചക്ക് തൃശൂര്‍ പൂരം കലക്കലുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നത് മാധ്യമങ്ങളാണ്. അങ്ങനെയെങ്കില്‍ തൃശൂര്‍ പൂരം കലക്കിയ ഒരു കക്ഷി ആര്‍എസ്എസാണ് എന്ന് ഉറപ്പിക്കാം. വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ഇത് ഗൗരവകരമായ കാര്യമാണ്. അന്വേഷണം വേണം. കൂടുതല്‍ അറിഞ്ഞതിനു ശേഷമേ മറുപടി പറയാന്‍ സാധിക്കൂ. സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും സുനില്‍കുമാര്‍ പറഞ്ഞു.

Signature-ad

കൂടിക്കാഴ്ച നടന്നാല്‍ സിപിഎമ്മിന് എന്ത് ഉത്തരവാദിത്തമെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ചോദ്യം. ”എഡിജിപി ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതില്‍ ഇപ്പോള്‍ എന്താണ്? എഡിജിപി എവിടെയെങ്കിലും പോയാല്‍ നമുക്ക് എന്ത് ഉത്തരവാദിത്തം” എം.വി. ഗോവിന്ദന്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: