ഇസ്തംബുള്‍: മുംബൈയില്‍ നിന്ന് 247 യാത്രക്കാരുമായി ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പോയ വിസ്താര എയര്‍ലൈന്‍സ് വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് തുര്‍ക്കിയിലെ എര്‍സറം വിമാനത്താവളത്തിലിറക്കി.
ബോംബ് വെച്ചിട്ടുണ്ടെന്ന കുറിപ്പ് വിമാനത്തിന്റെ ശുചിമുറിയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിമാനം അടിയന്തിരമായി തുര്‍ക്കിയിലിറക്കിയത്. എര്‍സറം വിമാനത്താവളം അടച്ച് വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും വ്യാജമാണെന്ന് മനസിലായി.
സുരക്ഷാ കാരണങ്ങളാല്‍ വിമാനം തുര്‍ക്കിയിലിറക്കി എന്നാണ് കമ്പനി അറിയിക്കുന്നത്. എന്നാല്‍ എന്താണ്, സുരക്ഷാ പ്രശ്‌നം എന്ന് കമ്പനി ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. ബോംബ് ഭീഷണിയെ തുടര്‍ന്നാണ് നടപടിയെന്നാണ് പിന്നീട് വ്യക്തമായത്. പ്രാദേശിക സമയം വൈകിട്ട് 4.30നാണ് വിമാനം എര്‍സുറമില്‍ ഇറക്കിയത്. ബോയിങ് 787 വിമാനമാണ് മുംബൈയില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള വിസ്താരയുടെ സര്‍വീസിന് ഉപയോഗിക്കുന്നത്.
മുംബൈയില്‍ നിന്ന് പറന്നുയര്‍ന്ന ശേഷം ഏതാണ്ട് അഞ്ച് മണിക്കൂര്‍ യാത്ര ചെയ്ത ശേഷമാണ് വിമാനം തുര്‍ക്കിയില്‍ ഇറക്കിയത്. ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പിന്നെയും മൂന്നര മണിക്കൂറോളം യാത്ര ബാക്കിയുണ്ടായിരുന്നു.
തുര്‍ക്കിയില്‍ വിമാനം ലാന്റ് ചെയ്ത ശേഷം യാത്രക്കാരെയെല്ലാം പുറത്തിറക്കി പരിശോധന നടത്തി. അടിയന്തിര സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് എര്‍സുറം വിമാനത്താവളത്തില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.