തിരുവനന്തപുരം: ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എംആര്‍ അജിത്കുമാര്‍. മുഖ്യമന്ത്രിയുടെ ഓഫീസിന് നല്കിയ വിശദീകരണത്തിലാണ് വെളിപ്പെടുത്തല്‍. ഒപ്പം പഠിച്ചയാളുടെ ക്ഷണപ്രകാരം പോയതാണെന്നും സ്വാകാര്യ സന്ദര്‍ശനമാണെന്നുമാണ് വിശദീകരണം.
ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രയെ ഹൊസാബലയെ തൃശ്ശൂരില്‍വച്ച് എഡിജിപി കണ്ടെന്ന് കഴിഞ്ഞി ദിവസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് ആരോപണം ഉന്നയിച്ചിരുന്നത്. ആര്‍എസ്എസുമായുള്ള ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രിയാണ് എഡിജിപിയെ നിയോഗിച്ചതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.
2023 മെയ് 22 നായിരുന്നു സന്ദര്‍ശനം. പാറമേക്കാവ് വിദ്യാ മന്ദിറില്‍ ആര്‍എസ്എസ് ക്യാമ്പിനിടെയായിരുന്നു സന്ദര്‍ശനം. സ്പെഷ്യല്‍ ബ്രാഞ്ച് ഡിജിപിക്കും ഇന്‍ലിജന്‍സ് വിഭാഗത്തിനും കൂടിക്കാഴ്ച നടന്നതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൂരം കലക്കി ബിജെപിക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുകയായിരുന്നു കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിട്ടതെന്നാണ് പ്രതിപക്ഷനേതാവടക്കം ആരോപണം ഉന്നയിച്ചത്.
സ്വകാര്യ സന്ദര്‍ശനം എന്ന് അജിത് കുമാര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് കൂടുതല്‍ വ്യക്തത നല്‍കേണ്ടി വരും. പൂരവുമായി ബന്ധപ്പെട്ട ഭരണപക്ഷത്ത് നിന്ന് തന്നെ അജിത് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ത്തുന്നത്.
ക്രമസമാധന ചുമതല വഹിക്കുന്ന എഡിജിപി ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി തുറന്നിട്ടുള്ളത്.