CrimeNEWS

മാമി തിരോധാനക്കേസ് ക്രൈംബ്രാഞ്ചിന് വിട്ടു; നടപടി സിബിഐ അന്വേഷണത്തിനുള്ള ശുപാര്‍ശയ്ക്ക് പിന്നാലെ

കോഴിക്കോട്: കോഴിക്കോട്ടെ വ്യവസായിയും റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനുമായ മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. സംസ്ഥാന പോലീസ് മേധാവി ഇതുസംബന്ധിച്ച് ഉത്തരവിറക്കി. പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം നടത്താനുള്ള നിര്‍ദേശമാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് നല്‍കിയിരിക്കുന്നത്.

കേസ് സിബി.ഐക്ക് വിടാനുള്ള ശുപാര്‍ശയ്ക്ക് പിന്നാലെയാണ് നടപടി. കേസന്വേഷിക്കുന്ന മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്‍ കഴിഞ്ഞദിവസം സി.ബി.ഐ അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് ഡി.ജി.പിക്ക് നല്‍കിയിരുന്നു. മാമിയുടെ കുടുംബത്തിന്റെ അഭ്യര്‍ഥനമാനിച്ചാണ് ശുപാര്‍ശയെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞിരുന്നു.

Signature-ad

മാമിയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് നേരത്തെ കുടുംബം മുഖ്യമന്ത്രിയെ ഉള്‍പ്പടെ അറിയിച്ചിരുന്നു. എന്നാല്‍, എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ ഉള്‍പ്പട്ട സംഘത്തെയാണ് അന്വേഷണം ഏല്‍പ്പിച്ചത്. പി.വി അന്‍വര്‍ എം.എല്‍.എയുടെ ആരോപണങ്ങള്‍ വന്നതോടെയാണ് കേസ് നിര്‍ബന്ധമായും സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്തുവന്നത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലാതായതോടെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി ഹൈക്കോടതി അടുത്തമാസം പരി?ഗണിക്കും.

2023 ഓഗസ്റ്റ് 22-നാണ് മുഹമ്മദ് ആട്ടൂരിനെ കാണാതായത്. കോഴിക്കോട് വൈ.എം.സി.എ. ക്രോസ് റോഡിലുള്ള നക്ഷത്ര അപ്പാര്‍ട്ട്മെന്റില്‍നിന്ന് ഓഗസ്റ്റ് 21-ന് ഇറങ്ങിയ മുഹമ്മദ് ആട്ടൂരിന്റെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ 22-ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂര്‍ ഭാഗത്ത് ഉള്ളതായി കണ്ടെത്തിയിരുന്നു. പിന്നീട് ഇദ്ദേഹം എവിടേക്ക് പോയെന്ന് ഇതുവരെ അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല.

അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പോലീസ് മൊബൈല്‍ ടവര്‍ ഡംപ് പരിശോധനയും നടത്തിയിരുന്നു. മുഹമ്മദ് അട്ടൂരിനെ കാണാതായ സ്ഥലത്തെയും മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കാണിച്ച മറ്റുസ്ഥലങ്ങളിലെയും ടവറുകളിലൂടെ കടന്നുപോയ ഫോണ്‍വിളികളാണ് പരിശോധിച്ചത്. കേസുമായി ബന്ധപ്പെട്ട് ഒട്ടേറെ വന്‍കിട വ്യാപാര-വ്യവസായ പ്രമുഖര്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേരെ ചോദ്യംചെയ്തിരുന്നു.

ഇതുകൂടാതെ, 180 പേരുടെ മൊഴി രേഖപ്പെടുത്തി. മുഹമ്മദിന്റെ ബാങ്ക് ഇടപാടുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് പി.വി. അന്‍വര്‍ എം.എല്‍.എ. മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസിനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചത്. എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരേ നടത്തിയ വെളിപ്പെടുത്തലുകളിലാണ് മാമിയുടെ തിരോധാനവും എം.എല്‍.എ. പരാമര്‍ശിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: