KeralaNEWS

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ച് 9 ലക്ഷം കവർന്നു, ബംഗ്ലൂരിൽ ബേക്കറി നടത്തുന്ന കണ്ണൂർ സ്വദേശിയെയാണ് 4 അംഗ സംഘം തട്ടികൊണ്ടു പോയത്

   ബംഗ്ലൂരില്‍ നിന്നെത്തിയ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് 9 ലക്ഷം രൂപ കവർന്നു.  ബംഗ്ലൂരിൽ ബേക്കറി നടത്തുന്ന ഏച്ചൂര്‍ കമാല്‍ പീടിക സ്വദേശി പി.പി റഫീഖിനെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. ഇന്ന് പുലർച്ചെ 6 മണിയോടെയാണ് സംഭവം.

ബംഗ്ലൂരില്‍ നിന്നും ബസിൽ എത്തിയ റഫീഖിനെ കാറിലെത്തിയ സംഘം ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി എന്നാണ് പരാതി. തുടർന്ന് ക്രൂരമായി മർദ്ദിച്ച ശേഷം കൈയിലുണ്ടായിരുന്ന 9 ലക്ഷം രൂപ തട്ടിയെടുത്തെന്നും റഫീഖ് പറയുന്നു. തുടർന്ന് കാപ്പാട്  വിജനമായ സ്ഥലത്ത്  ഉപേക്ഷിച്ച ശേഷം സംഘം രക്ഷപ്പെട്ടു.

Signature-ad

ഇതിലൂടെ കടന്നുപോയ ഓട്ടോറിക്ഷ ഡ്രൈവറാണ് റഫീഖിനെ വീട്ടിലെത്തിച്ചത്. ഭാര്യയുടെ പണയം വെച്ച സ്വർണം തിരിച്ചെടുക്കാനായി കൊണ്ടുവന്ന പണമാണ് സംഘം തട്ടിയെടുത്തതെന്നും റഫീഖ് പറയുന്നു. അക്രമിസംഘത്തി ഉണ്ടായിരുന്ന 4 പേരും മുഖംമൂടി ധരിച്ചിരുന്നു. ബംഗളൂരുവിലെ തൻ്റെ ബേക്കറിയിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിൽ എന്ന് സംശയിക്കുന്നതായും റഫീഖ് പറഞ്ഞു.

  ചക്കരക്കല്‍ പൊലീസില്‍ അക്രമം സംബന്ധിച്ച് റഫീഖ് പരാതി നല്‍കി. ദേഹമാസകലം പരുക്കേറ്റ ഇയാൾ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികിത്സതേടുകയും ചെയ്തു.

സംഭവത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചുവരികയാണെന്നും കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും  പൊലീസ് അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. തട്ടിയെടുത്തത് കുഴല്‍പണമാണോയെന്ന കാര്യമാണ് പൊലീസ് പ്രധാനമായും അന്വേഷിച്ചുവരുന്നത്.

എന്നാല്‍ ബാംഗ്ലൂരിലെ ചില ആളുകളുടെ ചിട്ടിപ്പണമാണ് ഇതെന്നാണ് പൊലീസിന്റെ സംശയം. മാത്രമല്ല റഫീഖ് നേരത്തെ ചക്കരക്കല്ലിലെ ഒരു വസ്ത്രാലയത്തില്‍ ജീവനക്കാരനായിരുന്നു. ഇയാള്‍ അവിടെ നിന്നും ക്രമക്കേടുകള്‍ നടത്തിയതായും ആരോപണമുണ്ട്. ഇതിനെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്.

Back to top button
error: