മലയാളിയുടെ ദേശീയോത്സവമാണ് ഓണം. ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറഞ്ഞ ഒരു നല്ല നാളിന്റെ ഓർമപുതുക്കൽ. പഞ്ഞ കർക്കിടകത്തിന്റെ കാറും കോളും മാറി പുതുവർഷ പുലരിയുമായി വന്നെത്തുന്ന ചിങ്ങ മാസം മലയാളികൾക്ക് ആണ്ടു പിറപ്പാണ്.
ഓണാഘോഷം തുടങ്ങുന്നത് പൂക്കളം ഇടുന്നതോടുകൂടിയാണ്. തുമ്പപ്പൂ, തുളസിപ്പൂ, തൊട്ടാവാടിപ്പൂ, മുക്കുറ്റിപ്പൂ, കൊങ്ങിണി, വാഴക്കൂമ്പ്, ഫലങ്ങൾ തുടങ്ങിവയെല്ലാം പൂക്കളത്തിൽ ഇടം നേടും. പൂവിടുന്നതിനുമുണ്ട് ചില ചിട്ടകൾ. അത്തം പത്തോണം എന്നാണല്ലോ ചൊല്ല്. ഈ 10 ദിവസത്തെ ആഘോഷത്തില്‍ ഓരോന്നിനും അതിന്റേതായ പേരും പ്രാധാന്യവും ഉണ്ട്.
അത്തം:
ഓണത്തിന്റെ പ്രധാന ആഘോഷം ആരംഭിക്കുന്നത് അത്തം ദിനത്തിലാണ്. ഈ ദിനം മുറ്റത്ത് പൂക്കളമിടുന്നു. നിലവിളക്കു കൊളുത്തി ഗണപതിക്കു വെച്ചാണ് ചാണകം മെഴുകിയ തറയിൽ പൂക്കളം ഇടാൻ തുടങ്ങുന്നത്. തുമ്പപ്പൂവിട്ടാണ് തുടങ്ങേണ്ടത്. ആദ്യ രണ്ടു ദിവസം തുമ്പപ്പൂവും തുളസിയുമാണ് ഇടുന്നത്.
ഓണത്തിന് മുന്നോടിയായി വീടെല്ലാം അടിച്ച് തളിച്ച് വൃത്തിയാക്കുകയും വീടിന്റെ ഓരോ മുക്കും മൂലയും ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഓരോ ദിവസം കഴിയുന്തോറും പൂക്കളത്തിന്റെ വലിപ്പം കൂടിക്കൊണ്ടിരിക്കുന്നു.
ചിത്തിര:
ഓണാഘോഷത്തിന്റെ രണ്ടാം ദിനമായ ചിത്തിര നാളിൽ രണ്ട് നിരയിലാണ് പൂക്കളമിടുന്നത്. ഈ ദിവസമാണ് ഓണം എത്തി എന്ന് മലയാളിക്ക് തോന്നുന്നത്. കാരണം വിരുന്നിനും ഓണമാഘോഷിക്കാനും വേണ്ടി ബന്ധുക്കളും സുഹൃത്തുക്കളും ഈ ദിവസം മുതൽ വീട്ടിലേക്ക് എത്തുന്നു.
ചോതി:
ഓണത്തിന്റെ മൂന്നാം ദിനമായ ചോതി ദിനത്തില്‍ പൂക്കളം 3 നിരയാവുന്നു. നിറങ്ങളുളള പൂക്കൾ അന്ന് മുതൽ ഇടും. ഈ ദിനത്തില്‍ ഐശ്വര്യത്തിനും സന്തോഷത്തിനും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥനകളും മറ്റും നടത്തുന്നു. ഓണക്കോടിയെന്ന ആചാരത്തിന് തുടക്കം കുറിക്കുന്ന ദിവസമാണ് ഇത്. ഈ ദിവസം ഓണക്കോടി എടുക്കുന്നതിന് വേണ്ടി എല്ലാവരും കുടുംബത്തോടൊപ്പം കടകളിൽ പോകുന്നു. കുടുംബത്തിലെ കാരണവരാണ് പണ്ടുകാലങ്ങളില്‍ ഓണക്കോടി സമ്മാനിക്കാറുള്ളത്. ഇപ്പോൾ കൂട്ടുകുടുംബങ്ങൾ ഇല്ലാതായി.
വിശാഖം:
ഓണത്തിന്റെ നാലാം ദിവസമായ വിശാഖമാണ് ഏറ്റവും ശ്രേഷ്ഠമായി കണക്കാക്കുന്നത്. ഓണസദ്യ ഒരുക്കുന്ന ദിനങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്. ഓണത്തോട് അനുബന്ധിച്ച് നാട്ടിന്‍പുറങ്ങളില്‍ നിരവധി കളികളും മറ്റും ആരംഭിക്കുന്നതും ഈ ദിവസമാണ്.
അനിഴം:
ഈ ദിവസം മുതൽ കുട കുത്തും. വാഴപ്പിണ്ടിയിലോ വാഴത്തടയിലോ ആണ് കുട കുത്തുന്നത്. ഈർക്കിലിയില്‍ ചെമ്പരത്തിപ്പൂവും മറ്റു പൂക്കളും കോർത്തു വയ്ക്കുന്നതാണത്. അനിഴം നക്ഷത്രത്തിലാണ് ആറന്‍മുള വള്ളം കളിക്ക് തുടക്കം കുറിക്കുന്നത്. പത്തനംതിട്ടയിലെ പമ്പ നദിയുടെ തീരത്തുള്ള ആറന്മുള എന്ന ചെറുപട്ടണത്തില്‍ നിന്നാണ് ഇത് ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ തെക്കന്‍ ജില്ലകളില്‍ ഉള്ളവര്‍ ഐശ്വര്യത്തിന്റെ ദിവസമായാണ് ഇതിനെ കണക്കാക്കുന്നത്. ഓണത്തിന്റെ 10 ദിവസങ്ങള്‍ക്കിടയില്‍ വളരെ പ്രധാനപ്പെട്ടതായും ഇതിനെ കണക്കാക്കുന്നു.
തൃക്കേട്ട:
ഈ 6-ാം ദിനം മുതൽ പൂക്കളത്തിനു നാലു ദിക്കിലേക്കും കാലു നീട്ടും. സ്‌കൂളുകള്‍ അടയ്ക്കാന്‍ തുടങ്ങുന്നതിനാല്‍ ഉത്സവത്തിന്റെ ഒരുക്കത്തിനും ആഘോഷത്തിനുമായി മുഴുവന്‍ സമയവും ചെലവഴിക്കുന്നതിനാല്‍ കുട്ടികള്‍ക്കും ഈ ദിനം വളരെ സന്തോഷകരമാണ്.
മൂലം:
മൂലം നക്ഷത്രത്തില്‍ വീടുകളില്‍ സദ്യക്ക് തുടക്കം കുറിക്കുന്നു. പല സ്ഥലങ്ങളിലും ഓണസദ്യയുടെ ആരംഭവും നൃത്ത പരിപാടികളും കളികളും എല്ലാം ആരംഭിക്കുന്നത് ഈ ദിവസത്തിലാണ്. ഇതോടൊപ്പം ഓണപ്പൂവിളികൾ ഉയരും. ഓണപ്പൂക്കളത്തിന്റെ വലിപ്പവും വര്‍ധിക്കുന്നു.
പൂരാടം:
ഓണം ആഘോഷത്തിന്റെ 8-ാം ദിനമാണ് പൂരാടം. ഈ ദിവസമാണ് മാതേവരെ സ്ഥാപിക്കുന്നത്. അതിന് വേണ്ടി മണ്ണു കൊണ്ട് മാവേലിയേയും വാമനനേയും ഉണ്ടാക്കി പ്രത്യേകം പൂജ നടത്തുന്നു. പൂരാടം നാളിൽ പല തരം ആഘോഷങ്ങള്‍ക്കും തുടക്കം കുറിക്കും. പല വിധത്തില്‍ ഐശ്വര്യം പകരുന്ന ഒന്നാണ് ഈ ദിവസത്തിലെ ആഘോഷങ്ങള്‍.
ഉത്രാടം:
ഒന്നാം ഓണം എന്നാണ് ഉത്രാട ദിവസം അറിയപ്പെടുന്നത്. ഏറ്റവും വലിയ പൂക്കളം അന്നാണ്. മണ്ണു കൊണ്ടു തൃക്കാക്കരയപ്പന്റെ രൂപം ഉണ്ടാക്കുന്നു. ഉത്രാടദിവസം വൈകിട്ടുതന്നെ പൂക്കളത്തിലെ പൂക്കളെല്ലാം മാറ്റി പടിക്കൽ വെക്കും. ചാണകം കൊണ്ടു തറമെഴുകി തുമ്പക്കുടം വയ്ക്കും. 9-ാം ദിവസമായ ഉത്രാട നാളില്‍ മഹാബലി പ്രജകളെ കാണുന്നതിന് വേണ്ടി എത്തും എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി കണക്കാക്കപ്പെടുന്നു. അവസാന വട്ടത്തെ ഒരുക്കങ്ങള്‍ക്കായി ആളുകള്‍ പച്ചക്കറികള്‍ വാങ്ങാനും സദ്യ പാകം ചെയ്യാനും തുടങ്ങുന്നു. ഈ ദിവത്തെ ഉത്രാടപ്പാച്ചില്‍ എന്നാണ് അറിയപ്പെടുന്നത്.
തിരുവോണം:
തിരുവോണം ദിനത്തില്‍ ആണ് ഓണത്തിന്റെ ഏറ്റവും വലിയ ആഘോഷം. ഇതുവരെ നടത്തിയ എല്ലാ തയ്യാറെടുപ്പുകള്‍ക്കും 10-ാം ദിനം ഫലം നല്‍കുന്നു. തിരുവോണത്തിനു രാവിലെ നിലവിളക്കു കത്തിച്ചു വച്ച് അരിമാവിൽ വെണ്ടയില ഇടിച്ചു പിഴിഞ്ഞു കുറുക്കി കൈകൊണ്ടു കോലം വരയ്ക്കും. നക്ഷത്രം, സ്വസ്തി എന്നീ ചിഹ്നങ്ങളും കാണും. അതിനുശേഷമാണ് പൂക്കളത്തിൽ അട നിവേദിക്കുന്നത്. പൂവട എന്നാണ് ഇതിനു പറയുക.
തിരുവോണദിവസം വൈകുന്നേരം തേങ്ങാപ്പീരയും ശർക്കരയും തിരുമ്മി വീടിന്റെ നാലു ദിക്കിലും വയ്ക്കുന്നു. ഇത് ഉറുമ്പിനോണം കൊടുക്കുക എന്ന സങ്കൽപ്പമാണ്. അരിമാവു കൊണ്ടു ഭിത്തിയിൽ കോലം വരയ്ക്കുന്നതിന് പല്ലിക്ക് ഓണം കൊടുക്കുക എന്നു പറയും. ചിലയിടത്ത് അരിമാവിൽ കൈമുക്കി ഭിത്തിയിലും വാതിലിലും പതിപ്പിക്കാറുമുണ്ട്.
ലോകത്തില്‍ എല്ലായിടത്തുമുള്ള മലയാളികള്‍ തിരുവോണ നാളിൽ ഓണം ആഘോഷിക്കുന്നു. ഈ ദിനത്തില്‍ പ്രത്യേക പൂജകളും മറ്റും നടത്തുന്നു. എല്ലാ വീടുകളിലും തിരുവോണ സദ്യ തയ്യാറാക്കുകയും ഓണക്കോടി അണിയുകയും ചെയ്യും. ഇത് കൂടാതെ പ്രത്യേകം ഓണക്കളികളും സംഘടിപ്പിക്കുന്നു.