LIFELife Style

”രജിനികാന്തിന് സൈഡ് ഡിഷ് വേണ്ട, മദ്യപിച്ചാലും അതിരാവിലെയുള്ള വ്യായാമം കമലിന് നിര്‍ബന്ധം”

സിനിമാ രംഗത്തെ പ്രമുഖരെ കുറിച്ചുള്ള വിവാദ പ്രസ്താവനകളിലൂടെ പ്രശസ്തനായ നടനും മാധ്യമപ്രവര്‍ത്തകനുമാണ് ബയില്‍വാന്‍ രംഗനാഥന്‍. നയന്‍താര, തൃഷ, ധനുഷ്, ഗൗണ്ടമണി, വടിവേലു തുടങ്ങിയ താരങ്ങളുടെ വ്യക്തി ജീവിതത്തെക്കുറിച്ച് മുമ്പ് അഭിപ്രായപ്പെട്ടിട്ടുള്ള ബയില്‍വാന്‍ രംഗനാഥന്‍ പലപ്പോഴും അതിന്റെ പേരില്‍ വിവാദങ്ങളിലും ഉള്‍പ്പെട്ടിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തില്‍ രജിനികാന്തിന്റെയും കമല്‍ഹാസന്റെയും മദ്യപാനശീലങ്ങളെ കുറിച്ച് ബയില്‍വാന്‍ രംഗനാഥന്‍ വെളിപ്പെടുത്തിയിരുന്നു.

തെന്നിന്ത്യന്‍ അഭിനയ ഇതിഹാസങ്ങളായ സൂപ്പര്‍സ്റ്റാര്‍ രജിനികാന്തുമായും കമല്‍ഹാസനുമായും സമയം ചെലവഴിക്കാന്‍ അവസരം കിട്ടിയിട്ടുള്ള വ്യക്തി കൂടിയാണ് ബയില്‍വാന്‍ രംഗനാഥന്‍. സിനിമാ താരങ്ങളുടെ ഇഷ്ടങ്ങള്‍ എന്നും ആരാധകര്‍ക്ക് താല്‍പര്യമുളള കാര്യമാണ്.

Signature-ad

വ്യായാമമുറകളൊക്കെ ഉണ്ടെങ്കിലും ഇഷ്ടഭക്ഷണം എത്തിയാല്‍ ഭക്ഷണ നിയന്ത്രണങ്ങളൊക്കെ മാറ്റിവെച്ച് കഴിച്ച് രസിക്കാന്‍ താരങ്ങള്‍ക്ക് മടിയില്ല. ചിലര്‍ ഭക്ഷണപ്രിയരാണ് എന്നതിനൊപ്പം തന്നെ ഒന്നാന്തരം പാചകക്കാരും കൂടിയാണ്. തങ്ങളുടെ സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാകുമ്പോള്‍ സ്വന്തം കൈകൊണ്ട് യൂണിറ്റിന് മുഴുവന്‍ ഭക്ഷണം പാചകം ചെയ്ത് നല്‍കാറുണ്ട് ചിലര്‍.

സ്‌ക്രീനിന്‍ കാണുന്നത് പോലെയല്ല താരങ്ങളുടെ ഭക്ഷണ രീതിയെന്നും ബയില്‍വാന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പറഞ്ഞു. മദ്യപിക്കുമ്പോള്‍ സൈഡ് ഡിഷ് ആവശ്യമില്ലാത്തയാളാണ് രജിനികാന്തെന്നും എത്ര മദ്യപിച്ചാലും അതിരാവിലെ എഴുന്നേറ്റ് വ്യായാമത്തിന് പോകുന്ന വ്യക്തിയാണ് കമല്‍ഹാസനെന്നും അദ്ദേഹം പറയുന്നു.

രജിനികാന്തിന് ചോറ്, തൈര്, പാല്‍ തുടങ്ങിയ വിഭവങ്ങളോട് താല്‍പര്യമില്ല. ഇവയൊന്നും കഴിക്കാറുമില്ല. അതുപോലെ വീടിന് അടുത്തുള്ള സ്റ്റാര്‍ ഹോട്ടലിലെ ബാറില്‍ പോകും. പോകുമ്പോള്‍ കാറില്‍ പോകും തിരികെ വരുമ്പോള്‍ നടന്നാണ് വരാറുള്ളത്. മദ്യപിക്കുമ്പോള്‍ സൈഡ് ഡിഷ് ഒന്നും കഴിക്കാന്‍ രജിനികാന്തിന് ഇഷ്ടമല്ല. പത്രക്കാര്‍ക്കായി ഒരിക്കല്‍ അദ്ദേഹം പാര്‍ട്ടി നടത്തിയപ്പോള്‍ ഞാനും പങ്കെടുത്തിരുന്നു.

സൈഡ് ഡിഷ് ഇല്ലാതെ മദ്യപിച്ച് എല്ലാവര്‍ക്കും വയര്‍ എരിയാന്‍ തുടങ്ങി. അങ്ങനെയാണ് സൈഡ് ഡിഷ് ഇല്ലാതെ മദ്യപിക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ടമെന്ന് ഞാന്‍ മനസിലാക്കിയത്. ചോദിച്ചപ്പോള്‍ ഇതാണ് തന്റെ സ്‌റ്റൈല്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. ശേഷം ഞങ്ങള്‍ക്ക് വേണ്ടി അദ്ദേഹം സൈഡ് ഡിഷ് ഓര്‍ഡര്‍ ചെയ്ത് വരുത്തി. അതേസമയം, കമല്‍ഹാസന്‍ രുചി നോക്കാത്ത നോണ്‍ വെജ് ഐറ്റംസ് ഉണ്ടാവില്ല.

ചൈനക്കാര്‍ കഴിക്കുന്നതെല്ലാം അദ്ദേഹവും കഴിക്കും. അതിന് അനുസരിച്ച് വ്യായാമവും ചെയ്യും. കമല്‍ഹാസന്‍ സിനിമയുടെ സെറ്റില്‍ എല്ലാ ഭക്ഷണവും ഉണ്ടാകും. തനിക്ക് വേണ്ടി മാത്രമല്ല. സെറ്റിലെ എല്ലാവര്‍ക്കും വേണ്ടിയാണ് അദ്ദേഹം ഭക്ഷണം ഓര്‍ഡര്‍ ചെയ്യാറുള്ളത്. അതുപോലെ മദ്യപിച്ചാലും അതിരാവിലെ എഴുന്നേറ്റ് വാക്കിങ് പോകും. ജീവിതം നന്നായി ആസ്വദിക്കുന്നയാളാണ് കമല്‍ഹാസന്‍. ഗൗണ്ടമണി വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കാറില്ല.

പ്രൊഡക്ഷന്‍ ഫുഡ് കഴിക്കാനാണ് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം. ഒപ്പം സ്ട്രീറ്റ്ഫുഡും നന്നായി ആസ്വദിക്കും. നടിമാര്‍ പരസ്യമായി അധികം ഭക്ഷണം കഴിക്കാറില്ല. ചോദിച്ചാലും വേണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറും. പക്ഷെ അവര്‍ താമസിക്കുന്ന ഹോട്ടല്‍ റൂമിലേക്ക് പോകുന്നത് നാല് പേര്‍ക്ക് കഴിക്കാനുള്ള അത്രത്തോളം ഭക്ഷണം അടങ്ങിയ ടിഫിന്‍ കാരിയറാണ്.

നോണ്‍ വെജ് വളരെ അധികം കഴിക്കുന്ന കൂട്ടത്തിലാണ് തൃഷയെന്നും ബയില്‍വാന്‍ രംഗനാഥന്‍ പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് രജനികാന്ത് മദ്യപാനം ഉപേക്ഷിച്ചിരുന്നു. മദ്യപാനശീലമില്ലായിരുന്നെങ്കില്‍ താന്‍ നല്ല മനുഷ്യനും മികച്ച നടനുമാകുമായിരുന്നെന്ന് രജിനികാന്ത് അടുത്തിടെ ഒരു ചടങ്ങില്‍ വെച്ച് പറഞ്ഞിരുന്നു. കൂടാതെ സ്ഥിരമായി മദ്യപിക്കരുതെന്ന് ആരാധകരെ ഉപദേശിക്കുകയും ചെയ്തിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: