തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നിരവധി പുരുഷ താരങ്ങള്‍ക്കെതിരെ നടിമാരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അടക്കം പീഡനപരാതി ഉന്നയിച്ചിരുന്നു. പരാതികളില്‍ കേസെടുത്ത് പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ഇതാദ്യമായി പ്രതികരിച്ച് കമ്മിറ്റി അംഗമായിരുന്ന നടി ശാരദ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിട്ട് എല്ലാവരും വയനാട് ദുരന്തത്തെ കുറിച്ച് സംസാരിക്കണമെന്ന് ശാരദ ഒരു സ്വകാര്യ ചാനലിനോട് നടത്തിയ പ്രതികരണത്തില്‍ ആവശ്യപ്പെട്ടു.
സിനിമയില്‍ എല്ലാക്കാലത്തും ലൈംഗികാതിക്രമം ഉണ്ടായിരുന്നു. തന്റെ കാലത്ത് അഭിമാനത്തെ കരുതിയും ഭയം കാരണവും സ്ത്രീകള്‍ തുറന്നുപറഞ്ഞിരുന്നില്ല. എന്നാല്‍ വിദ്യാഭ്യാസമുള്ള ഇന്നത്തെ തലമുറയ്ക്ക് കാര്യങ്ങള്‍ തുറന്നുപറയാനുള്ള ധൈര്യമുണ്ടെന്ന് ശാരദ പറഞ്ഞു.
റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഇപ്പോള്‍ പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ വെറും ഷോ ആണെന്നും നടി പറഞ്ഞു. അഞ്ചാറ് വര്‍ഷം മുന്‍പെ കമ്മിറ്റിയ്ക്കായി റിപ്പോര്‍ട്ടില്‍ എഴുതിയ കാര്യങ്ങളെക്കുറിച്ച് ഓര്‍മ്മയില്ല. ഹേമാ മാഡം വളരെനല്ല ആളാണ്. അവരോട് ചോദിച്ചാല്‍ വിവരം തരുമെന്നും ശാരദ പറഞ്ഞു.
2017 നവംബര്‍ 16നാണ് ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയായ കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിച്ചത്. 233 പേജുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ ചില പേജുകളിലെ ഭാഗങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം നടിയെ പീഡിപ്പിച്ച കേസന്വേഷിക്കുന്ന പ്രത്യേകസംഘം താരസംഘടനയായ ‘അമ്മ’യുടെ കൊച്ചി ഓഫീസിലും ഏതാനും ഫ്‌ളാറ്റുകളിലും തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ഇന്നലെ രാവിലെ 10.30നായിരുന്നു അമ്മ ഓഫീസിലെ പരിശോധന. ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിരായ കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്നാണ് സൂചന. ഇവര്‍ ഭാരവാഹികളായിരുന്നപ്പോഴുള്ള രേഖകളും ശേഖരിച്ചു. ശനിയാഴ്ച രാത്രിയിലും അമ്മ ഓഫീസില്‍ പരിശോധന നടത്തിയിരുന്നു.