KeralaNEWS

പൊലീസിനെതിരെ കൂടുതല്‍ തെളിവുകള്‍ പി.വി. അന്‍വര്‍ ഇന്ന് പുറത്തുവിടാന്‍ സാധ്യത

കോഴിക്കോട്: പൊലീസിനെതിരെ പി.വി. അന്‍വര്‍ എം.എല്‍.എ കൂടുതല്‍ തെളിവുകള്‍ ഞായറാഴ്ച പുറത്തുവിടാന്‍ സാധ്യത. എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിന്റെയും പത്തനംതിട്ട എസ്.പി സുജിത് ദാസിന്റെയും അനധികൃത ഇടപാടുകള്‍ സംബന്ധിച്ച തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്നാണ് അന്‍വര്‍ അവകാശപ്പെടുന്നത്.

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തില്‍ സുജിത് ദാസിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവിട്ടാല്‍ രാജ്യം തന്നെ ഞെട്ടുമെന്നാണ് അന്‍വര്‍ പറയുന്നത്്. എം.ആര്‍. അജിത് കുമാറും – പി. വി. അന്‍വറും തമ്മിലുള്ള സംഭാഷണവും അന്‍വറിന്റെ കൈവശം ഉണ്ടെന്നാണ് വിവരം. പുതിയ വിവാദത്തോടെ സംസ്ഥാന സര്‍ക്കാറും സി.പി.എം നേതൃത്വവും പ്രതിരോധത്തിലായിട്ടുണ്ട്.

Signature-ad

അജിത് കുമാറിന് ആര്‍.എസ്.എസിന്റെ പിന്തുണയുണ്ടെന്നാണ് അന്‍വറിന്റെ ആരോപണം്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ഇടപാടുമായി ബന്ധപ്പെട്ട് എസ്.പി സുജിത് ദാസ് കോടികള്‍ ഉണ്ടാക്കിയെന്നും അന്‍വര്‍ ആരോപിച്ചു. സി.പി.എമ്മുമായി പി.വി. അന്‍വര്‍ അകലുന്നുവെന്ന സൂചനയും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്. എ.ഡി.ജി.പിക്കും എസ്.പിക്കുമെതിരെ അന്‍വര്‍ എന്ത് പുതിയ തെളിവാകും പുറത്തുവിടകു എന്ന ആകാംക്ഷയിലാണ് പൊലീസും സര്‍ക്കാരും ഒപ്പം പൊതുസമൂഹവും.

അതേസമയം, തനിക്കെതിരായ പരാമര്‍ശത്തില്‍ പി.വി അന്‍വര്‍ എം.എല്‍.എയ്ക്കും പത്തനംതിട്ട എസ്.പി സുജിത് ദാസിനുമെതിരെ പരാതി ഉന്നയിച്ച് എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ രംഗത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബിനെയും നേരില്‍ക്കണ്ടാണ് അജിത് കുമാര്‍ പരാതി അറിയിച്ചത്. പിന്നാലെ ഡി.ജി.പിയുടെ നേതൃത്വത്തില്‍ ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും ചേര്‍ന്നു.

കടുത്ത സമ്മര്‍ദമാണ് എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ ആഭ്യന്തര വകുപ്പില്‍ ചെലുത്തുന്നത്. തനിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച പി.വി. അന്‍വര്‍ എം.എല്‍.എയ്ക്കും പത്തനംതിട്ട എസ്.പി സുജിത് ദാസിനുമെതിരെ നടപടി വേണമെന്നാണ് അജിത് കുമാറിന്റെ ആവശ്യം. അന്‍വറിനെതിരെ നടപടിക്ക് സാധ്യത കുറവാണെങ്കിലും സുജിത് ദാസിനെതിരെ ഇന്ന് വകുപ്പുതല നടപടി ഉണ്ടായേക്കും. അതിന്റെ സൂചന നല്‍കി ഇന്നലെ രാത്രി വൈകി പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബിന്റെ നേതൃത്വത്തില്‍ ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.

അജിത് കുമാര്‍ മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും കണ്ടതിന് തൊട്ടുപിന്നാലെയാണിത്. സുജിത് ദാസിനെതിരെ ഇന്നലെ നടപടിയെടുക്കുമെന്നായിരുന്നു സൂചനകളെങ്കിലും നീളുകയാണ്. ഇതില്‍ അജിത് കുമാറിന് അതൃപ്തിയുമുണ്ട്. ഇതിനിടെ നിലവിലെ മലപ്പുറം എസ്.പി എസ്. ശശിധരനെതിരെ പരാമര്‍ശം നടത്തിയ അന്‍വറിനെതിരെ തല്‍ക്കാലം മുഖ്യമന്ത്രിയെ സമീപിക്കേണ്ടെന്ന നിലപാടിലാണ് ഐ.പി.എസ് അസോസിയേഷന്‍. സുജിത് ദാസിന്റെ പരാമര്‍ശം ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കാകെ അവമതിപ്പ് ഉണ്ടാക്കിയെന്നാണ് അസോസിയേഷന്റെ വിലയിരുത്തല്‍. അതില്‍ തീരുമാനം വന്നിട്ട് മതി ബാക്കി നീക്കങ്ങള്‍ എന്നാണ് സംഘടനയുടെ വിലയിരുത്തല്‍.

 

Back to top button
error: