ചെന്നൈ: പ്രായമുള്ള സ്ത്രീകളോട് പോലും മോശമായി പെരുമാറുന്നത് മലയാള സിനിമയില്‍ പതിവെന്ന് നടി ലക്ഷ്മി രാമകൃഷ്ണന്‍. പ്രമുഖ സംവിധായകന്റെ താല്‍പര്യത്തിന് വഴങ്ങാത്തതിനാല്‍, 19 തവണ റീടേക്ക് എടുക്കേണ്ടി വന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലിലേക്കുള്ള ക്ഷണം തള്ളിയതിനാല്‍ ഒരു ചിത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടെന്നും ലക്ഷ്മി പറഞ്ഞു.
ജേക്കബിന്റെ സ്വര്‍ഗരാജ്യം അടക്കം ചിത്രങ്ങളിലെ കാമ്പുള്ള കഥാപാത്രങ്ങളിലൂടെയും വെള്ളിത്തിരയ്ക്ക് പുറത്തെ കരുത്തുറ്റ നിലപാടുകളിലൂടെയും ശ്രദ്ധേയയായ ലക്ഷ്മി രാമകൃഷ്ണന്‍ മലയാള സിനിമാ സെറ്റുകളില്‍ മുതിര്‍ന്ന സ്ത്രീകള്‍ക്ക് പോലും രക്ഷയില്ലെന്ന് പറയുന്നത് സ്വന്തം അനുഭവങ്ങളില്‍ നിന്നാണ്. കുടുംബചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ സംവിധായകന്‍ കൊച്ചിയിലെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചപ്പോള്‍ ചുട്ട മറുപടി നല്‍കിയതിന് പിന്നാലെ സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെട്ടുവെന്നും ലക്ഷ്മി പറഞ്ഞു.
മലയാളി സംവിധായകന്റെ തമിഴ് സിനിമയുടെ ലോക്കേഷനിലുമുണ്ടായി ദുരനുഭവം. അമ്മവേഷങ്ങളില്‍ അഭിനയിക്കുന്ന നടിമാര്‍ക്ക് തമിഴ് സെറ്റുകളില്‍ ബഹുമാനം ലഭിക്കും. എന്നാല്‍, ഹേമ കമ്മിറ്റി പോലൊന്ന് മലയാളത്തില്‍ മാത്രമേ സാധ്യമാകൂ എന്നും പറയുന്നു സംവിധായകയുടെ വേഷത്തിലും തിളങ്ങിയിട്ടുള്ള ലക്ഷ്മി. സെറ്റുകളില്‍ സ്ത്രീകള്‍ നേരിടുന്ന തൊഴില്‍ ചൂഷണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ചര്‍ച്ചയാകാത്തതില്‍ ദുഖമുണ്ടെന്നും ലക്ഷ്മി പറയുന്നു.