കൊച്ചി: 2024-ന്റെ തുടക്കത്തില്‍ ബോക്സോഫീസ് കളക്ഷനില്‍ സര്‍വകാല റേക്കോര്‍ഡിട്ട മലയാള സിനിമയില്‍ വീണ്ടും ആളില്ലാക്കാലം. നുണക്കുഴി, വാഴ എന്നീ രണ്ട് സിനിമകളെ മാറ്റിനിര്‍ത്തിയാല്‍, ജൂലായിലും ആഗസ്റ്റിലുമായി ഇറങ്ങിയ സിനിമകളില്‍ 90 ശതമാനവും ഒരാഴ്ചപോലും തീയേറ്റില്‍ തികച്ചില്ല. മിനിമം പത്തുപേര്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ പല ഷോകളും മുടങ്ങുകയാണ്. പ്രതികൂല സാഹചര്യം കണക്കിലെടുത്ത് ഇപ്പോള്‍ പല റിലീസുകളും മാറ്റുകയാണ്.
എക്കാലവും കാലാവസ്ഥയോടും, സാമൂഹിക സാഹചര്യങ്ങളോടും ചേര്‍ന്ന് കിടക്കുന്നതാണ് വിനോദ വ്യവസായവും. പ്രളയവും, ദുരന്തങ്ങളുമൊക്കെ തീയേറ്റര്‍ കളക്ഷനെയും ബാധിക്കും. വയനാട് ദുരന്തം മലയാള സിനിമയുടെ കളക്ഷനെയും ബാധിച്ചിരുന്നു. ഇതോടെ പല റിലീസുകളും മാറ്റി. ഇപ്പോള്‍ ഹേമകമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് താരങ്ങള്‍ അപഹാസ്യരായി നില്ക്കുന്നതും, മൊത്തതില്‍ സിനിമാ കളക്ഷനെ ബാധിക്കുന്ന ഘടകമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
2024-ലെ ആദ്യ അര്‍ധവര്‍ഷം മലയാള സിനിമയെ സംബന്ധിച്ച് ഒരു ബ്ലോക്ക്ബസ്റ്റര്‍ വര്‍ഷമാണ്. മഞ്ഞുമ്മല്‍ ബോയ്സ്, ആടുജീവിതം, ആവേശം, പ്രേമലു എന്നീ ചിത്രങ്ങള്‍ നൂറുകോടിക്ക് മുകളില്പോയി. ആദ്യ ആറു മാസത്തിനുള്ളില്‍ മലയാള സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷന്‍ 1000 കോടിക്ക് മുകളിലെത്തി. ഒരു ചിത്രം ഇരുനൂറ് കോടി പിന്നിട്ടു. മൂന്ന് ചിത്രങ്ങള്‍ 100 കോടിക്ക് മുകളില്‍ നേടി. നാലുചിത്രങ്ങള്‍ 50 കോടിക്ക് മുകളിലും!
ആദ്യ ആറുമാസത്തിനിടെ ഇന്ത്യന്‍ സിനിമാ രംഗത്ത് ഏറ്റവും വലിയ ബോക്സോഫീസ് സ്ട്രൈക്ക് റൈറ്റുള്ള ഇന്‍ഡസ്ട്രിയായി മലയാളം മാറിയിരുന്നു. ഓര്‍മാക്സ് മീഡിയയുടെ കണക്കനുസരിച്ച്, 2024 ആദ്യ ആറു മാസങ്ങളില്‍ ഇന്ത്യയില്‍ നാലിരത്തോളം കോടി രൂപയാണ് ബോക്സ് ഓഫീസ് കളക്ഷന്‍ വന്നത്. അതില്‍ അതില്‍ നാലിലൊന്ന് അയായത് 25 ശതമാനത്തോളം മലയാളം സിനിമകളുടേതാണ്! ചരിത്രത്തില്‍ ആദ്യമായിരുന്നു ഇതുപോലെ ഒരു വിജയം. പക്ഷേ 2024 രണ്ടാം പകുതിയില്‍ മലയാള സിനിമക്ക് കാലിടറി. ഇപ്പോള്‍ വീണ്ടും തീയേറ്റുകളില്‍ പഴയ അവസ്ഥയാണ്.
ഒരുകാലത്ത് മലയാള സിനിമയില്‍ കത്തിനിന്ന മൂന്ന് സൂപ്പര്‍ നായികമാരുടെ ചിത്രങ്ങള്‍ ഇപ്പോള്‍ തീയേറ്റുകളില്‍ ഉണ്ട്. ഷാജികൈലാസ് ഭാവനയെ നായികയാക്കിയെടുത്ത ഹണ്ട്, മഞ്ജുവാരിയര്‍ മൂവി എന്ന നിലയില്‍ അനൗണ്‍സ് ചെയ്യപ്പെട്ട ഫൂട്ടേജ്, മീരാ ജാസ്മിന്റെ തിരിച്ചുവരവ് എന്ന് പ്രഖ്യാപിച്ച വി കെ പ്രകാശ് ചിത്രം പാലും പഴവും എന്നിവയായിരുന്നു അവ. എന്നാല്‍ ഈ മൂന്ന് ചിത്രങ്ങള്‍ക്കും ആളില്ല. മീരയുടെ ചിത്രവും, ഭാവനയുടെ ചിത്രവും മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും തീയേറ്ററില്‍നിന്ന് പുറത്താവുകയാണ്. മഞ്ജുവാര്യരുടെ ഫുട്ടേജിനും തീരെ കളക്ഷനില്ല. ഈ ചിത്രത്തില്‍ ആകെ 5 മിനുട്ട് മാത്രമാണ് മഞ്ജുവാര്യര്‍ ഉള്ളത്. പിന്നെ എന്തിനാണ് ചിത്രം ആ രീതിയില്‍ അനൗണ്‍സ് ചെയ്തത് എന്നും മനസ്സിലാവുന്നില്ല.
ആദ്യത്തെ ആറു മാസത്തിനു ശേഷം ഒരൊറ്റ ഹിറ്റ് പോലും സമ്മാനിക്കാന്‍ ഇന്‍ഡസ്ട്രിക്ക് സാധിച്ചിട്ടില്ല. ജൂണിനു ശേഷം റിലീസ് ചെയ്തത് 40ലേറെ ചെറുതും വലുതുമായ ചിത്രങ്ങളാണ്. ഇതില്‍ ഗോളം, നുണക്കുഴി, വാഴ എന്നീ മൂന്നുചിത്രങ്ങള്‍ മാത്രമാണ് മുടക്കുമുതല്‍ തിരിച്ചുപിടിച്ചത്. എസ് എന്‍ സ്വാമി സംവിധാനം ചെയ്ത, ധ്യാന്‍ ശ്രീനിവാസന് ചിത്രം സീക്രട്ട്, ധ്യാന്‍ ശ്രീനിവാസന്റെ തന്നെ സൂപ്പര്‍ സിന്ദഗി, അനൂപ് മേനോന് നായകനായ ചെക്ക്മേറ്റ് ,ആസിഫ് അലിയുടെ അഡിയോസ് അമിഗോ എന്നിവയൊക്കെ പരാജയപ്പെട്ടു. ഹിറ്റ്മേക്കര് റാഫിയുടെ തിരക്കഥയില്‍, ഹരിദാസ് സംവിധാനംചെയ്ത ‘താനാരാ’ എന്ന ചിത്രവും എട്ടുനിലയിലാണ് പൊട്ടിയത്.
അത്യാവശ്യം സൗകര്യങ്ങളുള്ള ഒരു തിയറ്റര്‍ നടത്തി കൊണ്ടു പോകണമെങ്കില്‍ ദിവസം 8,000-10,000 രൂപയെങ്കിലും വരുമാനം വേണം. ഏറ്റവും കുറഞ്ഞത് 5 ജീവനക്കാരെങ്കിലും തിയറ്ററുകളിലുണ്ടാകും. ഇവരുടെ ശമ്പളം, വൈദ്യുതിബില്‍, നികുതി തുടങ്ങിയവയെല്ലാമായി രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ തീയേറ്ററുകാര്‍ ബുദ്ധിമുട്ടുകയാണ്. ഓണത്തിന് ചിത്രങ്ങളിലാണ് ഇപ്പോള്‍, തീയറ്റര്‍ ഉടമകളുടെ പ്രതീക്ഷയത്രയും.