KeralaNEWS

സ്ഥാനമേറ്റ് രണ്ടുമാസത്തിനിടെ കൂട്ടരാജി; ‘അമ്മ’യില്‍ ഇനിയെന്ത്?

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ അധ്യക്ഷപദവിയിലേക്കു പുതിയയാളെ തിരഞ്ഞെടുക്കേണ്ടി വരും. സ്ഥാനമൊഴിഞ്ഞ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനിയൊരു ഊഴത്തിനില്ല. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ പ്രമുഖര്‍ നേതൃത്വത്തില്‍നിന്നു മാറിനിന്നാല്‍ സംഘടന ദുര്‍ബലമാകുമെന്നും ആരോഗ്യ ഇന്‍ഷുറന്‍സും കൈനീട്ടവുമുള്‍പ്പെടെ സേവനങ്ങളില്‍ പലതും പ്രതിസന്ധിയിലാകുമെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അംഗങ്ങളില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയെങ്കിലും രാജി അനിവാര്യമാണെന്നായിരുന്നു മോഹന്‍ലാലിന്റെ നിലപാട്. പുതിയ നേതൃത്വത്തിനു കീഴില്‍ സംഘടന നല്ലരീതിയില്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

ആരോപണവിധേയര്‍ സ്ഥാനങ്ങള്‍ രാജിവയ്ക്കുകയും ബാക്കിയുള്ളവര്‍ തുടരുകയും ചെയ്യണമെന്ന വാദത്തിനു ചര്‍ച്ചയില്‍ കാര്യമായ പിന്തുണ ലഭിച്ചില്ല. എങ്കിലും, എല്ലാവരും രാജിവയ്ക്കുന്നത് ഒളിച്ചോട്ടമാണെന്നു ചിലര്‍ വിമര്‍ശനമുന്നയിച്ചു.

Signature-ad

നിലവിലെ കമ്മിറ്റി അഡ്‌ഹോക് കമ്മിറ്റിയായി 2 മാസം തുടരുമെങ്കിലും ആര്‍ക്കും പദവികളുണ്ടാകില്ല. വീണ്ടും ജനറല്‍ ബോഡിയും തിരഞ്ഞെടുപ്പും വേണ്ടിവരും. 506 അംഗങ്ങളുള്ള സംഘടനയില്‍ പുതുനേതൃത്വം ഉണ്ടാകണമെങ്കില്‍ യുവനിര മുന്നോട്ടുവരേണ്ടി വരും. തിരക്കുള്ള നായകനിര ഇതിനു തയാറാകുമോയെന്ന ചോദ്യമുയരുന്നുണ്ട്.

മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി 2 മാസത്തില്‍ താഴെ മാത്രമാണു പ്രവര്‍ത്തിച്ചത്. ജൂണ്‍ 19നാണ് പ്രസിഡന്റായി മോഹന്‍ലാലും ട്രഷററായി ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. 30ന് മറ്റു ഭാരവാഹികള്‍ തിരഞ്ഞെടുക്കപ്പെട്ടു.

ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെ രാജിക്കു തൊട്ടുപിന്നാലെ വന്‍ വിമര്‍ശനമാണു സംഘടന ഏറ്റുവാങ്ങേണ്ടി വന്നത്. ‘അമ്മ’യ്ക്കു വീഴ്ച പറ്റിയെന്നു പൃഥ്വിരാജ് അഭിപ്രായപ്പെട്ടതോടെ ഇതേ അഭിപ്രായമുള്ളവര്‍ക്കു പിന്തുണയേറി. ആരോപണം നേരിടുന്ന ബാബുരാജ് സ്ഥാനമൊഴിയണമെന്ന് കഴിഞ്ഞ ഭരണസമിതിയിലുണ്ടായിരുന്ന ശ്വേത മേനോന്‍ ആവശ്യപ്പെട്ടു.

താല്‍ക്കാലിക ജനറല്‍ സെക്രട്ടറി പദവി പോലും ബാബുരാജ് വഹിക്കരുതെന്ന് ആവശ്യപ്പെടുന്ന വിഭാഗവും ഇതിനോട് എതിര്‍പ്പുള്ളവരും സംഘടനയില്‍ ഇരുപക്ഷമായി. ജഗദീഷ് ജനറല്‍ സെക്രട്ടറിയാകണമെന്ന ചര്‍ച്ചകള്‍ ഇതിനിടെയുണ്ടായി. ഒരു വനിത ഈ പദവിയില്‍ എത്തട്ടെ എന്നും അഭിപ്രായമുയര്‍ന്നു. ചര്‍ച്ചകള്‍ കലുഷിതമാകുന്നതിനു മുന്‍പ് കൂട്ടരാജി ഫോര്‍മുലയിലേക്കു കാര്യങ്ങളെത്തി.

കലൂര്‍ ദേശാഭിമാനി റോഡിലെ ‘അമ്മ’ ആസ്ഥാനമന്ദിരം ഏതാനും ദിവസങ്ങളായി ആളൊഴിഞ്ഞ നിലയിലാണ്. ഇന്നലെ മന്ദിരത്തിന്റെ ഷട്ടറും ഗേറ്റും വരെ പൂട്ടിയിട്ടിരുന്നു. ഏതാനും ദിവസം മുന്‍പ് നൃത്തഡബ്ബിങ് ക്യാംപും മറ്റുമായി സജീവമായിരുന്നു.

Back to top button
error: